ലൈബീരിയൻ പ്രസിഡന്‍റിന്‍റെ ഇംഗ്ലീഷിന് ട്രംപിന്‍റെ ‘മുന’ വെച്ചുള്ള പ്രശംസ; ചൂടുള്ള മറുപടിയുമായി ലൈബീരിയക്കാർ, ന്യായീകരിച്ച് വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ലൈബീരിയൻ പ്രസിഡന്‍റ് ജോസഫ് ബോക്കായുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യത്തെ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രശംസിച്ചത് വൻ വിവാദത്തിന് തിരികൊളുത്തി. ബുധനാഴ്ച വൈറ്റ് ഹൗസിൽ അഞ്ച് ആഫ്രിക്കൻ നേതാക്കളെ ആതിഥേയത്വം വഹിക്കുന്നതിനിടെയായിരുന്നു ട്രംപിന്‍റെ പരാമർശം. ബോക്കായി സംസാരിച്ചു തീർന്നപ്പോൾ ട്രംപ് ചോദിച്ചു: “എത്ര മനോഹരമായ ഇംഗ്ലീഷ്, ഇത് അതിമനോഹരമാണ്. ഇത്ര മനോഹരമായി സംസാരിക്കാൻ എവിടെ നിന്നാണ് നിങ്ങൾ പഠിച്ചത്?”

താൻ ലൈബീരിയയിൽ നിന്നാണ് വിദ്യാഭ്യാസം നേടിയതെന്ന് ബോക്കായി ട്രംപിനെ അറിയിച്ചു. ഇത് കേട്ട് കൗതുകം പ്രകടിപ്പിച്ച ട്രംപ്, “വളരെ രസകരമാണ്,” എന്ന് പറഞ്ഞുകൊണ്ട്, “ഈ മേശയ്ക്ക് ചുറ്റുമിരിക്കുന്ന ചിലർക്ക് ഇതിനടുത്ത് പോലും നന്നായി സംസാരിക്കാൻ കഴിയില്ല,” എന്നും കൂട്ടിച്ചേർത്തു.

1822-ൽ അമേരിക്കൻ കോളനൈസേഷൻ സൊസൈറ്റി (American Colonization Society) ആണ് ലൈബീരിയ സ്ഥാപിച്ചത്. മോചിപ്പിക്കപ്പെട്ട അടിമകളെ ആഫ്രിക്കയിൽ പുനരധിവസിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 1847-ൽ അമേരിക്കൻ കോളനൈസേഷൻ സൊസൈറ്റിയിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. നിലവിൽ ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ലൈബീരിയയിൽ വിവിധ ഭാഷകൾ സംസാരിക്കുന്നുണ്ട്. ട്രംപിന്‍റെ ഈ പരാമർശം ലൈബീരിയയിലെ നിരവധി പേരെ പ്രകോപിപ്പിച്ചു. ആഫ്രിക്കൻ രാജ്യങ്ങളെക്കുറിച്ചും ലൈബീരിയയിൽ യുഎസ് സംഘടനകൾ അവശേഷിപ്പിച്ച കോളനിവൽക്കരണ പാരമ്പര്യത്തെക്കുറിച്ചുമുള്ള ട്രംപിന്റെ മുൻകാല പരാമർശങ്ങൾ കണക്കിലെടുത്താണ് ഈ പ്രതിഷേധം.

“ഞങ്ങളുടെ രാജ്യം ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായതുകൊണ്ട് എനിക്ക് അപമാനം തോന്നി,” ലൈബീരിയൻ യുവജന അഭിഭാഷകൻ ആർച്ചി ടാമെൽ ഹാരിസ് പറഞ്ഞു. “അദ്ദേഹം ആ ചോദ്യം ചോദിച്ചത് ഒരു അഭിനന്ദനമായി ഞാൻ കാണുന്നില്ല. യുഎസ് പ്രസിഡന്‍റും പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളും ഇപ്പോഴും ആഫ്രിക്കക്കാരെ വിദ്യാഭ്യാസമില്ലാത്ത ഗ്രാമീണരായി കാണുന്നുവെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ട്രംപിന്റെ ഈ പരാമർശം ഹൃദയസ്പർശിയായ അഭിനന്ദനമായിരുന്നു എന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ അഭിപ്രായപ്പെട്ടത്.

More Stories from this section

family-dental
witywide