ഇറാൻ ഫുട്ബോൾ ടീം നേരിട്ടത് കടുത്ത രാഷ്ട്രീയ വിവേചനം, തുറന്നുപറഞ്ഞ് വിദേശകാര്യ മന്ത്രാലയം; ‘ഗുരുതര പ്രതിസന്ധികൾ നേരിടേണ്ടി വന്നു’

ടെഹ്റാൻ: 2026 ലോകകപ്പ് ഫുട്ബോൾ വേദിയിൽ ഇറാൻ ദേശീയ ടീമിനോട് തികച്ചും രാഷ്ട്രീയ പ്രേരിതമായ സമീപനമാണ് ഉണ്ടായതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ആരോപിച്ചു. കായിക മേളയുടെ തുടക്കം മുതൽ തന്നെ വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നതായി അദ്ദേഹം വ്യക്തമാക്കി. ടീമിന്റെ സാങ്കേതിക വിഭാഗത്തിലെ നിരവധി ജീവനക്കാർക്കും ഫെഡറേഷൻ ഭാരവാഹികൾക്കും വിസ നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സരങ്ങൾ നടക്കുന്ന പ്രധാന വേദികളിൽ നിന്നും വളരെ അകലെയുള്ള മറ്റൊരിടത്താണ് ഇറാന്റെ ദേശീയ ഫുട്ബോൾ ടീമിന് താമസസൗകര്യം ഒരുക്കിയതെന്നും ഇത് ടീമിന്റെ മുന്നൊരുക്കങ്ങളെയും പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചതായും വക്താവ് കുറ്റപ്പെടുത്തി. ലോകകപ്പിൽ നിന്നുള്ള ഇറാന്റെ പുറത്താകൽ ആഘോഷിക്കാൻ താൻ ഒരുപക്ഷേ സന്തോഷനൃത്തം ചവിട്ടിയേക്കാമെന്ന് യുഎസ് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ നടത്തിയ പ്രസ്താവനയ്ക്കെതിരെയും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് കടുത്ത ഭാഷയിൽ പ്രതികരിച്ചു. ഒരു അന്താരാഷ്ട്ര കായിക വേദിയിൽ അമേരിക്കൻ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ തികച്ചും അപലപനീയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide