ഇന്ത്യയും റഷ്യയും ചൈനയുമായി അടുക്കുന്നതിലെ നീരസം വ്യക്തം! ‘ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു’, പോസ്റ്റുമായി ട്രംപ്

വാഷിംഗ്ടൺ: ഇന്ത്യയും റഷ്യയും ചൈനയുമായി കൂടുതൽ അടുക്കുന്നതിലെ നീരസം വ്യക്തമാക്കി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വാഷിംഗ്ടണും ന്യൂഡൽഹിയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായെന്ന സൂചന നൽകുന്നതാണ് ഈ പ്രസ്താവന. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ മൂന്ന് രാജ്യങ്ങളുടെയും നേതാക്കൾ ഒരുമിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ട്രംപിൻ്റെ ഈ പ്രതികരണം.

ടിയാൻജിൻ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എന്നിവർ ഉൾപ്പെടെ നിരവധി ലോക നേതാക്കൾ പങ്കെടുത്തിരുന്നു. യുഎസ് പ്രസിഡന്റ് താരിഫ് യുദ്ധം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഈ മൂന്ന് നേതാക്കളുടെയും സൗഹൃദം ‘ഒരു വഴിത്തിരിവ്’, ‘ഒരു പുതിയ ലോകക്രമം’ എന്നിവയെ സൂചിപ്പിക്കുന്നുവെന്ന് പലരും വിലയിരുത്തിയിരുന്നു.

“ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ!” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. മോദി, പുടിൻ, ഷി ജിൻപിങ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രത്തോടുകൂടിയായിരുന്നു ട്രംപിന്റെ പോസ്റ്റ്. കഴിഞ്ഞ മാസം ട്രംപ് ഭരണകൂടം ഇന്ത്യക്ക് മേൽ 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും മോശം അവസ്ഥയിലാണ്. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ ഈ പ്രതികരണം വന്നിരിക്കുന്നത്.

Also Read

More Stories from this section

family-dental
witywide