50,000 കിലോമീറ്റർ നടത്തം, ഒടുവിൽ കടലും നീന്തിക്കടന്നു; 29-ാം വയസ്സിൽ ലോകം ചുറ്റാനിറങ്ങിയ കാൾ ബുഷ്ബി 28 വർഷങ്ങൾക്ക് ശേഷം ജന്മനാട്ടിൽ

ലണ്ടൻ: ലോകം മുഴുവൻ കാൽനടയായി ചുറ്റിസഞ്ചരിച്ച് സ്വന്തം നാട്ടിലെത്തുകയെന്ന അസാധാരണമായ പ്രതിജ്ഞ പൂർത്തിയാക്കി ബ്രിട്ടീഷ് പൗരനായ കാൾ ബുഷ്ബി (57) ജന്മനാട്ടിൽ തിരിച്ചെത്തി. 29-ാം വയസ്സിൽ ചിലിയിൽ നിന്നാരംഭിച്ച യാത്ര, 28 വർഷങ്ങൾക്ക് ശേഷം തിങ്കളാഴ്ച ഉച്ചയ്ക്ക് 3:30-ഓടെ ഇംഗ്ലീഷ് ചാനൽ നീന്തിക്കടന്ന് ഡോവറിലെ ഷേക്സ്പിയർ ബീച്ചിൽ എത്തിയതോടെയാണ് ബുഷ്ബി ബ്രിട്ടന്റെ മണ്ണിൽ വീണ്ടും കാൽകുത്തിയത്.

“ഇത്രയും വർഷങ്ങൾക്ക് ശേഷം യുകെയിലെ മണ്ണ് എന്റെ കാൽക്കീഴിൽ അനുഭവപ്പെടുന്നത് വളരെ സന്തോഷം നൽകുന്നു,” ബ്രിട്ടനിലെത്തിയ ബുഷ്ബി വികാരാധീനനായി പറഞ്ഞു.

1998 നവംബർ 1-നാണ് ചിലിയിലെ പുന്ത അരീനാസിൽ നിന്ന് കാൾ ബുഷ്ബി യാത്ര ആരംഭിക്കുന്നത്. യാത്രയിലുടനീളം ഒരു വാഹനവും ഉപയോഗിക്കില്ലെന്നും, ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നാട്ടിലേക്ക് മടങ്ങില്ലെന്നുമുള്ള കഠിനമായ നിബന്ധനകൾ അദ്ദേഹം സ്വയം ചുമത്തിയിരുന്നു. ഏതെങ്കിലും ലോകപ്രശസ്തമായ സ്മാരകങ്ങളോ നഗരങ്ങളോ ആയിരുന്നില്ല ബുഷ്ബിയുടെ ലക്ഷ്യം, മറിച്ച് ബ്രിട്ടനിലെ ഹള്ളിലുള്ള തന്റെ അമ്മയുടെ വീടായിരുന്നു.

ചിലിയിൽ നിന്നാരംഭിച്ച യാത്ര അമേരിക്കൻ ഭൂഖണ്ഡങ്ങൾ പിന്നിട്ട് അലാസ്ക, ബെറിംഗ് കടലിടുക്ക്, സൈബീരിയ, മംഗോളിയ, ചൈന വഴി ഏഷ്യയുടെ വിവിധ ഭാഗങ്ങളിലൂടെയാണ് മുന്നോട്ട് നീങ്ങിയത്. ഇതിനിടയിൽ അപകടം നിറഞ്ഞ ദാരിയൻ ഗ്യാപ് കാടുകൾ മുറിച്ചുകടക്കാനും കാസ്പിയൻ കടലിലൂടെ 300 കിലോമീറ്ററോളം നീന്താനും അദ്ദേഹത്തിന് കഴിഞ്ഞു.

12 വർഷം കൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട യാത്രയാണ് പ്രതിസന്ധികൾ കാരണം 28 വർഷമായി നീണ്ടത്. വിവിധ രാജ്യങ്ങളിലെ വിസ പ്രശ്നങ്ങൾ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ, കോവിഡ്-19 മഹാമാരി, ഭൗമരാഷ്ട്രീയ മാറ്റങ്ങൾ എന്നിവ യാത്രയെ പലപ്പോഴും തടസ്സപ്പെടുത്തി. എങ്കിലും തന്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം തയ്യാറായില്ല.

ഏതാണ്ട് 50,000 കിലോമീറ്ററിലധികം സഞ്ചരിച്ച് ഫ്രാൻസിലെത്തിയ ബുഷ്ബിക്ക് മുന്നിൽ ഇംഗ്ലീഷ് ചാനൽ ഒരു വലിയ തടസ്സമായി മാറി. ചാനൽ ടണലിന്റെ സർവീസ് പാത ഉപയോഗിക്കാൻ അനുമതി നിഷേധിക്കപ്പെട്ടതോടെയാണ് ഫ്രാൻസിൽ നിന്ന് ബ്രിട്ടനിലേക്ക് നീന്താൻ അദ്ദേഹം തീരുമാനിച്ചത്. മൂന്ന് ദിവസമെടുത്ത ഈ കടൽ യാത്രയിൽ 20 മണിക്കൂറോളമാണ് ബുഷ്ബി വെള്ളത്തിൽ നീന്തിയത്.

ഒരു യുവാവായി രാജ്യം വിട്ട ബുഷ്ബി 57-ാം വയസ്സിലാണ് ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്നത്. ബ്രിട്ടനിലെത്തിയെങ്കിലും യാത്ര പൂർണ്ണമാകാൻ ഇനി ഡോവറിൽ നിന്ന് ഹള്ളിലുള്ള അമ്മയുടെ വീട്ടിലേക്ക് കൂടി അദ്ദേഹത്തിന് നടന്നു മാറേണ്ടതുണ്ട്. വർഷങ്ങളായി മകന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന അമ്മയുടെ അടുത്തേക്കുള്ള അവസാന ചുവടുകളിലാണ് ഈ സാഹസിക യാത്രികൻ ഇപ്പോൾ.

A 50,000-kilometer trek and a swim across the sea; Karl Bushby, who set out to circle the globe at age 29, returns to his homeland after 28 years.

More Stories from this section

family-dental
witywide