
നവംബർ മൂന്നിന് നടക്കുന്ന യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപായി ഇറാന് നേരെ സൈനിക ആക്രമണം നടത്തുകയില്ലെന്ന് യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാനുമായി ക്രിയാത്മകമായ ചർച്ചകൾ പുരോഗമിക്കുകയാണെന്നും സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇറാനിയൻ തുറമുഖങ്ങൾക്കെതിരെയുള്ള ഉപരോധം തുടരുമെന്നും, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തികമായും സൈനികപരമായും ഇറാൻ ഇപ്പോൾ വളരെ പ്രതിസന്ധിയിലാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കപ്പെട്ടതിന്റെ സൂചനകളൊന്നും പുറത്തുവന്നിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് ഇറാനെതിരെ ശക്തമായ ആക്രമണങ്ങൾ ആരംഭിക്കാൻ യു.എസ്. സെൻട്രൽ കമാൻഡിനോട് പെന്റഗൺ നിർദേശിച്ചതായി ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇതിനിടെ, അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ ഇറാനിൽ ആക്രമണം നടത്തുന്നതിനെക്കുറിച്ച് യു.എസ്. അധികൃതരും ഇസ്രയേൽ പ്രതിരോധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഇയൽ സമീറും തമ്മിൽ ചർച്ചകൾ നടത്തിയതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ കാലയളവിൽ യുദ്ധം ആരംഭിച്ചാൽ ഇസ്രയേലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ടി വരുമെന്ന് ഇയൽ സമീർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ടെങ്കിലും ഐ.ഡി.എഫ്. ഇതിനോട് പ്രതികരിച്ചിട്ടില്ല.
Will Not Attack Iran Before November 3 Midterm Elections: Donald Trump















