
ന്യൂഡല്‍ഹി : റഷ്യയില്‍നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതില്‍ കലി പൂണ്ട യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധിക തീരുവ ചുമത്താനുള്ള പ്രഖ്യാപനം ഇന്ത്യയ്ക്ക് തിരിച്ചടി. റഷ്യയോട് വ്യാപാരം തുടരുന്നതിലുള്ള ശിക്ഷയായി, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം പിഴയും ഉള്‍പ്പെടെ 50 ശതമാനം തീരുവയാണ് ഇന്നലെ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപിന്റെ ഇറക്കുമതിച്ചുങ്കമെന്ന പ്രഹരം കേരളത്തില്‍ നിന്ന് യുഎസിലേക്കുള്ള കയറ്റുമതിയെ നിര്‍ജീവമാക്കും. ഇന്ത്യന്‍ കയറ്റുമതിയെ സാരമായി ബാധിക്കുന്ന ഈ നീക്കം കേരളത്തിന്റെ പ്രതീക്ഷയായ ചെമ്മീന്‍ വിപണിയേയും കശുവണ്ടിയിലും തേയിലയിലുമടക്കം പ്രതിഫലിക്കും.
2.8 ബില്യന്‍ ഡോളറിന്റെ സമുദ്രോല്‍പന്നങ്ങളാണ് ഇന്ത്യ യുഎസിലേക്കു കയറ്റി അയയ്ക്കുന്നത്. ഇതിന്റെ 34% ചെമ്മീനാണ്. കഴിഞ്ഞ ഏപ്രില്‍ വരെ ഇന്ത്യന്‍ സമുദ്രോല്‍പന്നങ്ങള്‍ക്ക് യുഎസില്‍ നികുതി ഇല്ലായിരുന്നു. പിന്നീട് 10% ഏര്‍പ്പെടുത്തി. 50% ചുങ്കം വരുന്നതോടെ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കു പിടിച്ചു നില്‍ക്കാനാകില്ല. ചെമ്മീന്റെ വലിയ ഉല്‍പാദകരായ ഇക്വഡോറിനു 15% നികുതിയേ യുഎസില്‍ നല്‍കേണ്ടതുള്ളൂ. ഇങ്ങനെ പോയാല്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും. 2024 ല്‍ കേരളത്തില്‍ നിന്ന് 6797 കോടിയുടെ സമുദ്രോല്‍പന്നങ്ങളാണ് കയറ്റുമതി ചെയ്തത്. ഇതില്‍ ഭൂരിപക്ഷവും യുഎസിലേക്കായിരുന്നു. ആന്ധ്രയിലെയും ഗുജറാത്തിലെയും ഫാമുകളില്‍ നിന്നുള്ള വനാമി ചെമ്മീനാണ് യു എസിലേക്കു കൂടുതലും കയറ്റി അയയ്ക്കുന്നത്. കടലില്‍ നിന്നുള്ള ചെമ്മീന്‍ ഇപ്പോള്‍ യുഎസ് സ്വീകരിക്കുന്നില്ല.
കേരളത്തില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കുള്ള ആകെ കയറ്റുമതി 40,000 കോടിയുടെതാണ്. ഇതില്‍ 70% കാര്‍ഷിക – സമുദ്രോല്‍പന്നങ്ങളാണ്.
തീരുവയുദ്ധത്തില്‍പ്പെട്ട് ഇന്ത്യയിലെ ചെമ്മീന് യുഎസ് വിപണിയില്‍ വിലയേറുമെന്നത് വന്‍ തിരിച്ചടിയാകുമെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള സമുദ്രവിഭവ കയറ്റുമതിക്കാരനും മെഗാ മോഡയുടെ എംഡിയുമായ യോഗേഷ് ഗുപ്ത പറയുന്നു. ‘ഇക്വഡോറില്‍ നിന്ന് ഞങ്ങള്‍ക്ക് ഇതിനകം തന്നെ വലിയ മത്സരം നേരിടുന്നുണ്ട്, കാരണം അവര്‍ക്ക് 15 ശതമാനം മാത്രമേ താരിഫ് ഉള്ളൂ. ഇന്ത്യന്‍ ചെമ്മീന്‍ ഇതിനകം 2.49 ശതമാനം ആന്റി-ഡമ്പിംഗ് ഡ്യൂട്ടിയിലും 5.77 ശതമാനം കൌണ്ടര്‍വെയിലിംഗ് ഡ്യൂട്ടിയിലുമാണ്. ഈ 25 ശതമാനത്തിന് ശേഷം, ഓഗസ്റ്റ് 7 മുതല്‍ തീരുവ 33.26 ശതമാനമായിരിക്കും,’ ഗുപ്ത പറഞ്ഞു.
കശുവണ്ടിയിലും തേയിലയിലും കൈപൊള്ളും
കേരളത്തിന് സുഗന്ധസത്തുക്കള്‍, തേയില, കശുവണ്ടി എന്നിവയുടെ കയറ്റുമ തിയിലും വലിയ തിരിച്ചടി ഉണ്ടാകും. 908 കോടിയുടെ തേയില കയറ്റുമതിയാണു കേരളത്തില്‍ നിന്നു നടക്കുന്നത്. ഇപ്പോള്‍ ഇതിനു 1-3% വരെ നികുതിയേ യുഎ സിലുള്ളു. എന്നാല്‍ അത് 50 ആകുമ്പോള്‍ വലിയ തിരിച്ചടി നേരിടേണ്ടി വരും. 47,000 ടണ്‍ കശുവണ്ടിപ്പരിപ്പാണു കേരള ത്തില്‍ നിന്നു കയറ്റുമതി ചെയ്യുന്നത്. 2024 -ല്‍ 5113 കോടിയുടെ സുഗന്ധ സത്തുക്കള്‍ കയറ്റുമതി ചെയ്തിരുന്നു.
അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകളുടെ തുടര്‍ച്ചയില്‍ നികുതി കുറച്ചു കൊണ്ടുള്ള പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷമാത്രമാണ് ഇപ്പോഴുള്ളതെന്ന് സീ ഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. കെ.എൻ രാഘവൻ ചൂണ്ടിക്കാട്ടി.
ഇതൊരു താത്കാലിക ഭീഷണി മാത്രമാണെന്നും നടപ്പാക്കുക പ്രായോഗികമല്ലെന്നും അധിക നികുതി നടപ്പാക്കാന്‍ 3 ആഴ്ച സാവകാശം തന്നതുതന്നെ ഇത് സംഭവിക്കില്ലെന്നതിന്റെ സൂചനയാണെന്നും എംഡി കിറ്റെക്‌സ് സാബു ജേക്കബ് അഭിപ്രായപ്പെട്ടു.














