
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ സോഷ്യൽ മീഡിയ നിയമ ഭേദഗതികൾക്കെതിരെ കടുത്ത വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. പുതിയ നിയമപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ കേന്ദ്ര സർക്കാരിനോ എതിരെ വരുന്ന ഏത് സോഷ്യൽ മീഡിയ പോസ്റ്റും മൂന്ന് മണിക്കൂറിനുള്ളിൽ ഇല്ലാതാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ആരോപിച്ചു.
പേപ്പർ ചോർച്ച, തൊഴിലില്ലായ്മ, അഴിമതി തുടങ്ങിയ ജനകീയ വിഷയങ്ങളിൽ സർക്കാരിനെതിരെ ഉയരുന്ന ജനങ്ങളുടെ ശബ്ദം അടിച്ചമർത്താനാണ് ഈ നീക്കമെന്ന് കെജ്‌രിവാൾ കുറ്റപ്പെടുത്തി. സമീപകാലത്ത് യുവാക്കളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും നേരിട്ട ശക്തമായ പ്രതിഷേധങ്ങൾ കാരണം പ്രധാനമന്ത്രി ജനങ്ങളെ ഭയപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാരിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യപ്പെടുമ്പോൾ, ഭരണപക്ഷ അനുകൂലികൾ നടത്തുന്ന അധിക്ഷേപങ്ങൾക്കെതിരെ യാതൊരു നടപടിയും ഉണ്ടാകില്ലെന്നും കെജ്‌രിവാൾ ആരോപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ഇന്ത്യയിൽ ലഭ്യമാകാത്ത വണ്ണം നിയന്ത്രിച്ചതിന് പിന്നിലും ഇത്തരം രാഷ്ട്രീയ സമ്മർദ്ദങ്ങളാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, വ്യാജ വാർത്തകളും ഡീപ് ഫെയ്ക്കുകളും തടയുന്നതിന്റെ ഭാഗമായാണ് ഐടി ചട്ടങ്ങളിൽ പുതിയ ഭേദഗതി വരുത്തിയതെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിശദീകരണം. കോടതിയിൽ നിന്നോ സർക്കാരിൽ നിന്നോ കൃത്യമായ നിയമപരമായ നോട്ടീസ് ലഭിച്ചാൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യേണ്ട സമയപരിധി മുൻപുണ്ടായിരുന്ന 36 മണിക്കൂറിൽ നിന്നും 3 മണിക്കൂറായി വെട്ടിച്ചുറച്ചിട്ടുണ്ട്. രാജ്യസുരക്ഷയെയും വ്യക്തികളുടെ സ്വകാര്യതയെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണെങ്കിൽ ഇത് 2 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു. പുതിയ ഐടി നിയമങ്ങൾ പൗരന്മാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ പൊതുവായ ആക്ഷേപം.
Posts against PM will be removed within 3 hours; Kejriwal attacks Centre in new social media move













