‘അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അമേരിക്കയുടെ സാമ്പത്തിക ശക്തിക്കും ദേശീയ സുരക്ഷയ്ക്കും നിര്‍ണായകം’; വിദ്യാര്‍ത്ഥി വിസകള്‍ മരവിപ്പിക്കാനുള്ള ട്രംപിന്റെ നീക്കത്തെ വിമര്‍ശിച്ച് രാജ കൃഷ്ണമൂര്‍ത്തി

വാഷിംഗ്ടണ്‍: വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ മരവിപ്പിച്ച ഡോണാള്‍ഡ് ട്രംപ് ഭരണകൂടത്തെ ഇന്ത്യന്‍ വംശജനായ യുഎസ് കോണ്‍ഗ്രസുകാരന്‍ രാജ കൃഷ്ണമൂര്‍ത്തി എതിര്‍ത്തു. ട്രംപിന്റെ നീക്കത്തെ കൃത്യമായ വീക്ഷണമില്ലാത്ത തീരുമാനം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മാത്രമല്ല, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അമേരിക്കയുടെ സാമ്പത്തിക ശക്തിക്കും ദേശീയ സുരക്ഷയ്ക്കും നിര്‍ണായകമാണെന്നും രാജ കൃഷ്ണമൂര്‍ത്തി പറഞ്ഞു.

”പുതിയ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ മരവിപ്പിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ വീക്ഷണകോണില്ലാത്ത തീരുമാനത്തെും സോഷ്യല്‍ മീഡിയ പരിശോധനയേയും ഞാന്‍ ശക്തമായി എതിര്‍ക്കുന്നു. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ അത്യാധുനിക ഗവേഷണം നടത്താനും, നമ്മുടെ സര്‍വകലാശാലകള്‍ക്ക് ഊര്‍ജ്ജം നല്‍കാനും, നാളത്തെ വ്യവസായങ്ങള്‍ കെട്ടിപ്പടുക്കാനും സഹായിക്കുന്നു. ഈ യുവാക്കള്‍ അമേരിക്കയുടെ സാമ്പത്തിക ശക്തിക്കും ദേശീയ സുരക്ഷയ്ക്കും പ്രധാനമാണ്”- കൃഷ്ണമൂര്‍ത്തി പറഞ്ഞു. ‘അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പുറത്താക്കുന്നത് ഒരു ‘തന്ത്രപരമായ മണ്ടത്തരം’ ആണെന്നും അത് അമേരിക്കയുടെ ആഗോള മത്സരശേഷിയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും പഠിക്കാനും സംഭാവന നല്‍കാനും മികച്ച ഭാവി കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന രാജ്യമായി നാം തുടരണമെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.