ഇറാനിനെ വരിഞ്ഞ് മുറുക്കാൻ യുഎസിന്‍റെ കടുത്ത നടപടി; പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഇറാനുമായി ബന്ധപ്പെട്ട പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം. ഹോങ്കോങ് ആസ്ഥാനമായുള്ള രണ്ട് സ്ഥാപനങ്ങൾക്കെതിരെയും ഭീകരവാദ വിരുദ്ധ ഉപരോധങ്ങളും ഇതിൽ ഉൾപ്പെടുന്നു. യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്‍റിന്‍റെ വെബ്സൈറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ചു. ട്രഷറിയുടെ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ (OFAC) പ്രകാരം, കുറഞ്ഞത് 20 സ്ഥാപനങ്ങൾ, അഞ്ച് വ്യക്തികൾ, മൂന്ന് കപ്പലുകൾ എന്നിവയെ ഈ ഉപരോധങ്ങൾ ലക്ഷ്യമിടുന്നു.

അതേസമയം, ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, യുഎസുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി വ്യക്തമാക്കി. ഇറാനെതിരായ ഇസ്രയേലിൻ്റെ കുറ്റകൃത്യങ്ങളിൽ യുഎസ് പങ്കാളിയായതിനാൽ അവരുമായി ചർച്ച നടത്തില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്‌ചി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ഇറാനെതിരായ ഇസ്രായേലിന്റെ യുദ്ധത്തിൽ പങ്കുചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ രണ്ടാഴ്ചത്തെ സമയപരിധി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിശ്ചയിച്ചിരുന്നു. ഇറാനെ ആക്രമിക്കണോ വേണ്ടയോ എന്ന് യുഎസ് പ്രസിഡന്റ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.