ഗാസയിൽ വെടിനിർത്തൽ കരാർ ഒരാഴ്ചയ്ക്കകം പ്രാവർത്തികമാകുമെന്ന് ട്രംപ്

​വാഷിംഗ്ടൺ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വാഷിം​ഗ്ടണിൽ കൂടിക്കാഴ്ച നടക്കാനിരിക്കെ ഒരാഴ്ചയ്ക്കകം ​ഗാസയിൽ വെടിനിർത്തൽ കരാർ പ്രാവർത്തികമാകുമെന്ന് അമേരിക്കൻ പ്രസിഡ‍ൻ്റ് ഡോണൾഡ് ട്രംപ്. അതേസമയം ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്കായി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേയ്ക്ക് തിരിച്ചു. ഗാസയിൽ ബന്ദികളെ വിട്ടയയ്ക്കലും വെടിനിർത്തൽ കരാറും ഈ ആഴ്ച തന്നെ നടപ്പിലാകുമെന്നും ഇത് ഏതാനും ബന്ദികളുടെ വിട്ടയയ്ക്കലിന് വഴിതെളിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ന്യൂജേഴ്സിലെ വാരാന്ത്യ ​ഗോൾഫിം​ഗിന് ശേഷം വാഷിം​ഗ്ടണിൽ മടങ്ങിയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഇസ്രയേലുമായി നിരവധി കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. അതിൽ പ്രധാനം ഒരുപക്ഷെ ഇറാനുമായി സ്ഥിരമായി ഒരു ധാരണയുണ്ടാക്കുക എന്നതാണ്. ​ഗാസയുടെ കാര്യത്തിൽ ഒരു ധാരണയുടെ അടുത്തെത്തിയിട്ടുണ്ട്. അത് ഈ ആഴ്ച തന്നെ ഉണ്ടാകും. ഹമാസുമായി ഒരു ധാരണയിലെത്താൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചിരുന്നു.

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മേൽ ഗാസയിൽ സ്ഥിരമായ വെടിനിർത്തൽ നടപ്പിലാക്കാനും ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കാനും സമ്മർദ്ദം ശക്തമായി. സർക്കാരിനെ പിന്തുണയ്ക്കുന്ന തീവ്രവലതുപക്ഷ കക്ഷികളുടെ സമ്മർദ്ദം മൂലമാണ് ​ഗാസയിലെ പോരാട്ടം നെതന്യാഹു നീട്ടിക്കൊണ്ടു പോകുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ബെഞ്ചമിൻ നെതന്യാഹു ശുഭപ്രതീക്ഷ പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിനകം ഇസ്രയേൽ അം​ഗീകരിച്ച ധാരണകളുടെ അടിസ്ഥാനത്തിൽ വേണം വെടിനിർത്തലെന്ന് ദോഹയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന ഇസ്രയേലി പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി.

അതേസമയം, ​ഗാസയിലുടനീളം ഇന്ന് നടത്തിയ ആക്രമണത്തിൽ 82 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ​ഗാസമുനമ്പിൽ ഇസ്രയേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 78 പേരോളം കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. ​ഇതിനിടെ ​ഗാസയിൽ സഹായം എത്തിക്കുന്ന ​ഗാസ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടെഷൻ ഇടങ്ങളിൽ ഇസ്രയേൽ സൈന്യം ഇതുവരെ നടത്തിയ ആക്രമണത്തിൽ 743 പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നാണ് ​ഗാസയിലെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.

More Stories from this section

family-dental
witywide