
വാഷിംഗ്ടണ്‍: വണ്‍ സെന്‍റ് നാണയങ്ങളുടെ ഉത്പാദനം അടുത്ത വർഷം യുഎസിൽ നിർത്തുമെന്ന് ട്രഷറി ഡിപ്പാർട്ട്‌മെന്‍റ് സ്ഥിരീകരിച്ചു. ഇരുനൂറിലധികം വർഷങ്ങളായി പ്രചാരത്തിലുള്ളതും സാധാരണയായി പെന്നികൾ എന്ന് അറിയപ്പെടുന്നതുമായ ഈ നാണയങ്ങളുടെ ഘട്ടംഘട്ടമായുള്ള പിൻവലിക്കലാണ് തീരുമാനിച്ചിട്ടുള്ളത്. ഈ നാണയങ്ങൾ പാഴ്ച്ചെലവാണ് എന്ന് വിശേഷിപ്പിച്ചുകൊണ്ട് അവയുടെ നിർമ്മാണം നിർത്താൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഫെബ്രുവരിയിൽ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്‍റിനോട് ആവശ്യപ്പെട്ടിരുന്നു.
യുഎസിൽ പെന്നികളുടെ ചെലവിനെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും ദീർഘകാലമായി ഒരു സംവാദം നടക്കുന്നുണ്ടായിരുന്നു. ജനുവരിയിൽ, ഇലോൺ മസ്കിന്‍റെ സർക്കാർ കാര്യക്ഷമതാ വിഭാഗം (Doge) എക്സിൽ ഒരു പോസ്റ്റിലൂടെ പെന്നികൾ നിർമ്മിക്കുന്നതിനുള്ള ചെലവിനെ കുറിച്ചുള്ള വിശദാംശങ്ങൾ നല്‍കിയിരുന്നു. യുഎസ് മിന്‍റ് നിർമ്മിച്ച ആദ്യത്തെ നാണയങ്ങളിൽ ഒന്നായിരുന്നു പെന്നി. ഇത് 1793-ൽ പ്രചാരത്തിൽ വന്നു. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ, ഇത് നിർമ്മിക്കുന്നതിനുള്ള ചെലവ് ഒരു നാണയത്തിന് 1.3 സെന്‍റിൽ നിന്ന് 3.69 സെന്‍റായി ഉയർന്നുവെന്ന് ട്രഷറി ഡിപ്പാര്‍ട്ട്മെന്‍റ് പറയുന്നു.
ഉത്പാദനം നിർത്തുന്നതും മെറ്റീരിയൽ ചെലവുകൾ കുറയ്ക്കുന്നതിലൂടെയും പ്രതിവർഷം 56 മില്യൺ ഡോളർ (42 മില്യൺ പൗണ്ട്) ലാഭിക്കാമെന്നാണ് കണക്കുകൂട്ടല്‍. സിങ്ക്, ചെമ്പ് നാണയങ്ങളുടെ ഉത്പാദനം പണത്തിന്‍റെയും വിഭവങ്ങളുടെയും പാഴാക്കലാണെന്ന് വിമർശകർ പറയുമ്പോൾ, ഇത് നിലനിർത്താൻ ആഗ്രഹിക്കുന്നവർ വിലകൾ കുറയ്ക്കാനും ചാരിറ്റികൾക്കുള്ള ധനസമാഹരണം വർദ്ധിപ്പിക്കാനും സഹായിക്കുന്നുവെന്ന് വാദിക്കുന്നു.















