ആഗോള ആരോഗ്യരംഗത്ത് ആശങ്ക: ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി പ്രതിരോധ ഫണ്ട് യുഎസ് നിർത്തലാക്കുന്നു

വാഷിംഗ്ടൺ: ലോകത്ത് ഏറ്റവും കൂടുതൽ എച്ച്.ഐ.വി ബാധിതരുള്ള ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി യുഎസ് സർക്കാരിൻ്റെ നിർണായക തീരുമാനം. എച്ച്.ഐ.വി, എയ്ഡ്സ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദക്ഷിണാഫ്രിക്കയ്ക്ക് നൽകിവന്നിരുന്ന വൻ സാമ്പത്തിക സഹായം അവസാനിപ്പിക്കുകയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പ്രഖ്യാപിച്ചു. യുഎസ് പ്രസിഡൻ്റ്സ് എമർജൻസി ഫണ്ട് ഫോർ എയ്ഡ്സ് റിലീഫ് വഴി പ്രതിവർഷം നൽകിയിരുന്ന 400 മില്യൺ ഡോളർ (ഏകദേശം 3300 കോടിയിലധികം രൂപ) സഹായമാണ് ഡോണൾഡ് ട്രംപ് ഭരണകൂടം ഘട്ടംഘട്ടമായി പിൻവലിക്കുന്നത്. ദക്ഷിണാഫ്രിക്കയിലെ എച്ച്.ഐ.വി പ്രതിരോധ ബജറ്റിൻ്റെ അഞ്ചിലൊന്നും ഈ യുഎസ് ഫണ്ടായിരുന്നു.

കേവലം ആരോഗ്യപരമായ കാരണങ്ങളാലല്ല, മറിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ നയതന്ത്ര ഭിന്നതകളാണ് ഈ കടുത്ത തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ വെളുത്ത വർഗ്ഗക്കാരായ ‘ആഫ്രിക്കാനർ’ സമൂഹത്തെ സംരക്ഷിക്കുന്നതിൽ അവിടുത്തെ സർക്കാർ പരാജയപ്പെട്ടുവെന്ന് യുഎസ് ആരോപിക്കുന്നു. ദക്ഷിണാഫ്രിക്കയിൽ വെള്ളക്കാർക്കെതിരെ വംശഹത്യ നടക്കുന്നുവെന്ന ട്രംപിൻ്റെ ആരോപണം ദക്ഷിണാഫ്രിക്കൻ സർക്കാർ ശക്തമായി നിഷേധിച്ചിട്ടുണ്ട്. ചരിത്രപരമായ സാമ്പത്തിക അസമത്വങ്ങൾ പരിഹരിക്കാൻ തങ്ങൾ നടപ്പിലാക്കിയ ‘ബ്ലാക്ക് ഇക്കണോമിക് എംപവർമെൻ്റ്’ നയങ്ങളെ യുഎസ് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നാണ് ദക്ഷിണാഫ്രിക്കയുടെ വാദം.

കൂടാതെ, അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേലിനെതിരെ ദക്ഷിണാഫ്രിക്ക എടുത്ത നിലപാടും, ഇറാനുമായുള്ള അവരുടെ നയതന്ത്ര ബന്ധവും ഫണ്ട് റദ്ദാക്കാൻ കാരണമായി യുഎസ് ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ നവംബറിൽ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടി യുഎസ് ബഹിഷ്കരിച്ചിരുന്നു.

എൺപത് ലക്ഷത്തിലധികം എച്ച്.ഐ.വി ബാധിതരുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. യുഎസിൻ്റെ ഈ പിന്മാറ്റം പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുമെങ്കിലും ജീവൻരക്ഷാ മരുന്നുകളുടെ വിതരണത്തെ ഇത് നേരിട്ട് ബാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗികൾക്കുള്ള മരുന്നുകൾ പൂർണ്ണമായും സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് നിലവിലും വാങ്ങുന്നത്. യുഎസ് സഹായം നിൽക്കുന്ന സാഹചര്യത്തിൽ, ദീർഘവീക്ഷണത്തോടെയുള്ള ‘സ്വയംപര്യാപ്തതാ പദ്ധതി’ നടപ്പിലാക്കുമെന്നും മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്ക ഒരു ഇടത്തരം വരുമാനമുള്ള രാജ്യമാണെന്നും സ്വന്തം ആരോഗ്യ പരിപാടികൾ നടത്താൻ അവർക്ക് ശേഷിയുണ്ടെന്നുമാണ് യുഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.

US halts HIV prevention fund in South Africa

More Stories from this section

family-dental
witywide