‘മതഭ്രാന്തന്മാർക്ക് കോടികൾ വാരിക്കൊടുക്കുന്നു’; ട്രംപിൻ്റെ ഇറാൻ കരാറിനെതിരെ റിപ്പബ്ലിക്കൻമാർ

വാഷിംഗ്ടൺ: ഇറാനുമായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ച പുതിയ ഹ്രസ്വകാല നയരൂപീകരണ കരാറിനെതിരെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് തന്നെ കടുത്ത പ്രതിഷേധം. കഴിഞ്ഞ ദശാബ്ദങ്ങളിലെ ഏറ്റവും വലിയ ‘വിദേശനയ അബദ്ധം’ എന്നാണ് പ്രമുഖ സെനറ്റർമാർ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. അമേരിക്കയ്ക്ക് കൃത്യമായ ഉറപ്പുകളോ വിട്ടുവീഴ്ചകളോ നൽകാതെ, ഇറാന് സാമ്പത്തികമായി പുനരുജ്ജീവനത്തിന് വഴിതുറക്കുന്നതാണ് പുതിയ കരാറെന്നതാണ് ട്രംപിൻ്റെ അടുത്ത സഖ്യകക്ഷികളുടെ പോലും പ്രധാന ആശങ്ക.

ഇറാനെ സാമ്പത്തികമായി തളർത്താൻ കഴിഞ്ഞ ആറ് വർഷമായി പടുത്തുയർത്തിയ സമ്മർദ്ദ തന്ത്രങ്ങളെല്ലാം ട്രംപ് ഒറ്റയടിക്ക് പാഴാക്കിക്കളയുകയാണെന്ന് സെനറ്റ് ഇൻ്റലിജൻസ് കമ്മിറ്റി ചെയർമാൻ ടോം കോട്ടൺ കുറ്റപ്പെടുത്തി. യുഎസ് ഉപരോധങ്ങൾ കാരണം മരവിപ്പിച്ചു നിർത്തിയിരുന്ന 24 ബില്യൺ ഡോളറിൻ്റെ ആസ്തികൾ ഇറാനിലേക്ക് തിരിച്ചെത്തിക്കാനും, ഇറാൻ്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിൻ്റെ പ്രത്യേക വികസന ഫണ്ട് രൂപീകരിക്കാനും കരാറിൽ വ്യവസ്ഥയുണ്ട്. എന്നാൽ ഈ ഫണ്ടിലേക്ക് യുഎസ് പണം നൽകില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.

“അമേരിക്കയെയും ഇസ്രായേലിനെയും തകർക്കാൻ നടക്കുന്ന മതഭ്രാന്തന്മാർക്ക് കോടിക്കണക്കിന് ഡോളർ വാരിക്കൊടുക്കുന്നത് ചരിത്രത്തിലെ ഏറ്റവും മോശം ആശയമാണ്. പ്രസിഡൻ്റിന് ആരോ തെറ്റായ ഉപദേശമാണ് നൽകിയിരിക്കുന്നത്,” എന്ന് സെനറ്റർ ടെഡ് ക്രൂസ് തുറന്നടിച്ചു. ഇറാൻ്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കാനോ, ഭാവിയിൽ അവർ ആണവായുധം നിർമ്മിക്കുന്നത് തടയാനോ ഉള്ള ഒരു വ്യവസ്ഥയും ഈ കരാറിലില്ലെന്ന് സെനറ്റർ ബിൽ കാസിഡിയും ചൂണ്ടിക്കാട്ടി. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിൽ ഭീഷണി ഉയർത്താൻ ഇറാനു വീണ്ടും ഇത് അവസരമൊരുക്കുമെന്നാണ് സെനറ്റർ ജോൺ കോർണിൻ്റെ പ്രതികരണം.

അതേസമയം, ഉയർന്നുവരുന്ന വിമർശനങ്ങളെ വൈറ്റ് ഹൗസ് തള്ളി. ഇതൊരു അന്തിമ കരാറല്ലെന്നും ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഒരു ചട്ടക്കൂട് മാത്രമാണെന്നും വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. ഇറാൻ്റെ ഭാഗത്തുനിന്നുള്ള കർശനമായ ആണവ പ്രതിബദ്ധതകൾ ഉറപ്പാക്കിയ ശേഷമേ കരാറിലെ ആനുകൂല്യങ്ങൾ അവർക്ക് പൂർണ്ണമായി ലഭ്യമാക്കൂ എന്നും ഭരണകൂടം അറിയിച്ചു.

Republicans against Trump’s Iran deal

More Stories from this section

family-dental
witywide