വാഷിങ്ടൺ: അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ജൂലൈയിൽ 49,571 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി സർക്കാർ കണക്കുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന അറസ്റ്റാണിത്. അസോസിയേറ്റഡ് പ്രസ്സ് (AP) വിശകലനം ചെയ്ത സർക്കാർ കണക്കുകൾ പ്രകാരം ജൂണിൽ രേഖപ്പെടുത്തിയ 43,021 അറസ്റ്റുകളേക്കാൾ ജൂലൈയിലെ കണക്ക് 15 ശതമാനം കൂടുതലാണ്. ഫെബ്രുവരിയിലെ 29,241 അറസ്റ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 70 ശതമാനമാണ് വർധന. കാലിഫോർണിയ സർവകലാശാലയിലെ ബെർക്ലി, UCLA എന്നിവിടങ്ങളിലെ Deportation Data Project-ന് ICE നൽകിയ വിവരങ്ങളാണ് കണക്കുകൾക്ക് ആധാരം.
ട്രംപ് ഭരണകൂടം വൻതോതിലുള്ള കുടിയേറ്റക്കാരുടെ നാടുകടത്തൽ നടപടികൾ ശക്തമാക്കുന്നതിനിടെയാണ് അറസ്റ്റുകളിൽ വർധന. വർഷത്തിന്റെ തുടക്കത്തിൽ വ്യാപക ശ്രദ്ധ നേടിയിരുന്ന വലിയ കുടിയേറ്റ റെയ്ഡുകൾക്ക് പകരം ഇപ്പോൾ ട്രാഫിക് പരിശോധനകൾ, പ്രാദേശിക പൊലീസുമായുള്ള സഹകരണം, പതിവ് കുടിയേറ്റ നടപടികൾക്കായി എത്തുന്നവരുടെ അറസ്റ്റ് തുടങ്ങിയ മാർഗങ്ങളിലൂടെയാണ് എൻഫോഴ്സ്മെന്റ് നടപടികൾ കൂടുതലായി നടക്കുന്നത്. സംസ്ഥാന-പ്രാദേശിക നിയമപാലന ഏജൻസികളുമായുള്ള ICEയുടെ വർധിച്ച സഹകരണത്തിലൂടെ ജൂലൈയിൽ ഏകദേശം 6,500 പേരെ അറസ്റ്റ് ചെയ്തു. ആ മാസത്തെ ആകെ അറസ്റ്റുകളുടെ 13 ശതമാനത്തോളം വരുമിത്. ഒരു വർഷം മുമ്പ് ICE അറസ്റ്റുകളിൽ ഇത്തരം സഹകരണത്തിന്റെ പങ്ക് 5 ശതമാനത്തിൽ താഴെയായിരുന്നു.
ജൂലൈയിലെ അറസ്റ്റുകളിൽ ഏകദേശം 20,000 എണ്ണം ടെക്സസിലും ഫ്ലോറിഡയിലുമാണ് നടന്നത്. 287(g) കരാറുകളിലൂടെ ഇരു സംസ്ഥാനങ്ങളും ICEയുമായുള്ള സഹകരണം വിപുലീകരിച്ചിട്ടുണ്ട്. ഈ കരാറുകൾ പ്രകാരം ചില കുടിയേറ്റ നിയമനടപടികൾ സ്വീകരിക്കാൻ സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥർക്ക് അധികാരം ലഭിക്കും. അറസ്റ്റിലായവരിൽ വലിയൊരു വിഭാഗത്തിനും ക്രിമിനൽ കുറ്റങ്ങളിൽ ശിക്ഷ ലഭിച്ചിട്ടില്ലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ജൂലൈയിൽ അറസ്റ്റിലായവരിൽ പകുതിയിലധികം പേർക്ക് കുറ്റകൃത്യത്തിൽ ശിക്ഷ ലഭിച്ചിട്ടില്ലെന്നും അവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തിയിരുന്നില്ലെന്നും ഡാറ്റ വ്യക്തമാക്കുന്നു. നാലിലൊന്നിൽ താഴെ പേർക്ക് മാത്രമാണ് ക്രിമിനൽ കുറ്റത്തിൽ ശിക്ഷ ലഭിച്ചിരുന്നത്.
അറസ്റ്റുകളുടെ പകുതിയും ‘നോൺ-കസ്റ്റോഡിയൽ’ വിഭാഗത്തിലായിരുന്നു. അതായത്, പ്രാദേശിക അധികാരികളുടെ കസ്റ്റഡിയിൽ കഴിഞ്ഞതിന് ശേഷം അറസ്റ്റ് ചെയ്യുന്നതിന് പകരം, ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിൽനിന്ന് നേരിട്ട് ICE ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഫെബ്രുവരിയിലെ ഇടിവിന് ശേഷം ഏതാനും മാസങ്ങളിൽ അറസ്റ്റുകളുടെ എണ്ണം വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. ജൂണിലാണ് വീണ്ടും അറസ്റ്റുകളിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയത്. ICEക്ക് ആരെ, എവിടെ അറസ്റ്റ് ചെയ്യാം എന്നതിലുള്ള നിയന്ത്രണങ്ങൾ ഭരണകൂടം ഇളവ് ചെയ്തതോടെ ഡിസംബറോടെ പ്രതിമാസ കുടിയേറ്റ അറസ്റ്റുകൾ 40,000 കടന്നിരുന്നു.
കുടിയേറ്റ നിയമനടപടികൾ ശക്തമാക്കുന്നതിനായി ICEയുടെ ജീവനക്കാരുടെ എണ്ണവും ഭരണകൂടം വർധിപ്പിച്ചിട്ടുണ്ട് . കൂടുതൽ ശ്രദ്ധ ആകർഷിക്കാത്ത രീതിയിലുള്ള എൻഫോഴ്സ്മെന്റ് തന്ത്രമാണ് ഭരണകൂടം പിന്തുടരുകയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ പുതിയ കണക്കുകൾ വൻതോതിലുള്ള നാടുകടത്തൽ ഇപ്പോഴും ട്രംപ് ഭരണകൂടത്തിന്റെ പ്രധാന മുൻഗണനയാണെന്ന് വ്യക്തമാക്കുന്നു.
ട്രാഫിക് പരിശോധനകൾ ഉൾപ്പെടെയുള്ള പതിവ് ഇടപെടലുകൾക്കിടെ ICE അറസ്റ്റ് നടത്തുന്നതായി കുടിയേറ്റ അവകാശ പ്രവർത്തകരും അഭിഭാഷകരും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാധുവായ തൊഴിൽ അനുമതിയുള്ളവരും അഭയത്തിനായുള്ള അപേക്ഷകൾ പരിഗണനയിലുള്ളവരും ഇത്തരത്തിൽ അറസ്റ്റിലായ കേസുകളുണ്ടെന്നും അവർ പറയുന്നു.
ICE arrests nearly 50,000 immigrants in July, highest monthly tally under Trump’s second term











