വാഷിങ്ടൺ: സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ ജോലിയിൽനിന്ന് പുറത്താക്കിയ വാഷിങ്ടൺ പോസ്റ്റിലെ മുൻ അഭിപ്രായ എഴുത്തുകാരി കാരെൻ അറ്റിയയെ തിരിച്ചെടുക്കാൻ ആർബിട്രേറ്റർ ഉത്തരവിട്ടു. പുറത്താക്കിയ കാലയളവിലെ മുഴുവൻ ശമ്പളവും നഷ്ടപ്പെട്ട ആനുകൂല്യങ്ങൾ നൽകാനും ഉത്തരവിൽ നിർദേശിച്ചു. 2025 സെപ്റ്റംബർ 10ന് യൂട്ടാ വാലി സർവകലാശാലയിൽ പൊതുപരിപാടിക്കിടെ കൺസർവേറ്റീവ് പ്രവർത്തകൻ ചാർളി കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അറ്റിയ സോഷ്യൽ മീഡിയയിൽ ചില പോസ്റ്റുകൾ പങ്കുവച്ചത്. ഇതിന് പിന്നാലെ സെപ്റ്റംബർ 11ന് വാഷിങ്ടൺ പോസ്റ്റ് അവരെ പുറത്താക്കുകയായിരുന്നു.
കിർക്കിന്റെ മരണവുമായി ബന്ധപ്പെട്ട അറ്റിയയുടെ പരാമർശങ്ങൾ പത്രത്തിന്റെ സോഷ്യൽ മീഡിയ നയങ്ങൾ ലംഘിച്ചതായും സ്ഥാപനത്തിന്റെ വിശ്വാസ്യതയ്ക്ക് ഹാനികരമായതായും ജീവനക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്. എന്നാൽ ഏകദേശം ഒരു വർഷത്തിന് ശേഷം സ്വതന്ത്ര ആർബിട്രേറ്റർ സാറ മില്ലർ എസ്പിനോസ പത്രത്തിന് അറ്റിയയെ പുറത്താക്കാൻ മതിയായ കാരണമില്ലായിരുന്നുവെന്ന് വിധിച്ചു. വാഷിങ്ടൺ-ബാൾട്ടിമോർ ന്യൂസ് ഗിൽഡുമായുള്ള കൂട്ടായ തൊഴിൽ കരാറും പത്രം ലംഘിച്ചതായി അവർ കണ്ടെത്തി.
കിർക്കിന്റെ മരണത്തിന് പിന്നാലെ അറ്റിയ Blueskyയിൽ നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. രാഷ്ട്രീയ അക്രമവും കിർക്കിന്റെ മരണത്തോടുള്ള പൊതുസമൂഹത്തിന്റെ പ്രതികരണവുമായിരുന്നു പ്രധാന വിഷയം. അക്രമത്തെ പിന്തുണച്ച ഒരു വെള്ളക്കാരന്റെ മരണത്തിൽ ആളുകൾ നടത്തുന് പ്രകടനാത്മക ദുഃഖപ്രകടനത്തിൽ” പങ്കെടുക്കാൻ വിസമ്മതിക്കുന്നത് അക്രമമല്ലെന്നായിരുന്നു ഒരു പോസ്റ്റിലെ പരാമർശം. വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന വെള്ളക്കാരായ പുരുഷന്മാരോട് പോലും കരുതലും പാപമോചനവും പ്രകടിപ്പിക്കണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതിനെതിരെയും അവർ വിമർശനം ഉന്നയിച്ചിരുന്നു. ഈ പോസ്റ്റുകളാണ് അറ്റിയയെ പുറത്താക്കാനുള്ള നടപടിയിൽ വാഷിങ്ടൺ പോസ്റ്റ് പ്രധാനമായും ചൂണ്ടിക്കാട്ടിയത്.
വാഷിങ്ടൺ പോസ്റ്റിൽ 11 വർഷം പ്രവർത്തിച്ച അറ്റിയ എഡിറ്ററായും അഭിപ്രായ എഴുത്തുകാരിയായും സേവനമനുഷ്ഠിച്ചിരുന്നു. വംശം, ലിംഗം, അന്താരാഷ്ട്ര മനുഷ്യാവകാശ വിഷയങ്ങൾ എന്നിവയിലായിരുന്നു അവരുടെ പ്രധാന ശ്രദ്ധ. അവരെ പുറത്താക്കിയ സമയത്ത് പത്രത്തിന്റെ അഭിപ്രായ വിഭാഗത്തിലെ അവസാനത്തെ കറുത്തവർഗക്കാരിയായ മുഴുവൻ സമയ ജീവനക്കാരിയായിരുന്നുഅറ്റിയ. 2026 ജൂൺ 4നാണ് കേസിലെ ആർബിട്രേഷൻ വാദം നടന്നത്.
അറ്റിയ ഗുരുതരമായ തെറ്റായ പെരുമാറ്റം നടത്തിയെന്ന് തെളിയിക്കാൻ വാഷിങ്ടൺ പോസ്റ്റിന് കഴിഞ്ഞില്ലെന്ന് എസ്പിനോസ വ്യക്തമാക്കി. ജോലിയിൽനിന്ന് പുറത്താക്കാൻ ആവശ്യമായ നല്ലതും മതിയായതുമായ കാരണം പത്രത്തിനുണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു. അറ്റിയയുടെ പോസ്റ്റുകൾ എല്ലാ വെള്ളക്കാരായ പുരുഷന്മാരെയും അല്ലെങ്കിൽ ഏതെങ്കിലും പ്രത്യേക വെള്ളക്കാരനായ പുരുഷനെയും വംശത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിൽ അപമാനിക്കുന്നതാണെന്ന് കണക്കാക്കുന്നത് ന്യായമല്ലെന്നും വിധിയിൽ വ്യക്തമാക്കി. അറ്റിയ 11 വർഷം പത്രത്തിൽ ജോലി ചെയ്തിട്ടും മുമ്പ് അച്ചടക്ക നടപടി നേരിട്ടിട്ടില്ലെന്നും ആർബിട്രേറ്റർ ചൂണ്ടിക്കാട്ടി. ക്രമാനുഗതമായ അച്ചടക്ക നടപടികൾ സ്വീകരിക്കാതെ നേരിട്ട് പിരിച്ചുവിടാൻ ആവശ്യമായ മാനദണ്ഡങ്ങൾ പത്രം പാലിച്ചിട്ടില്ലെന്നും എസ്പിനോസ പറഞ്ഞു.
അറ്റിയയെ പുറത്താക്കിയത് തികച്ചും ആനുപാതികമല്ലാത്ത ശിക്ഷ ആയിരുന്നുവെന്നും അവർ വിലയിരുത്തി.തുടർന്നാണ് അറ്റിയയെ ഉടൻ ജോലിയിൽ തിരിച്ചെടുക്കാനും പുറത്താക്കിയ കാലയളവിലെ മുഴുവൻ ശമ്പളവും നഷ്ടപ്പെട്ട ആനുകൂല്യങ്ങളും നൽകാനും ഉത്തരവിട്ടത്. അതേസമയം, വിധി പുറത്തുവന്നതിന് പിന്നാലെ അറ്റിയ പ്രതികരിച്ചു. സ്വതന്ത്ര ആർബിട്രേറ്റർ തന്നെ ജോലിയിൽ തിരിച്ചെടുക്കാനും കുടിശ്ശികയായ ശമ്പളം നൽകാനും ഉത്തരവിട്ടതായി അവർ അറിയിച്ചു. അഭിപ്രായ എഴുത്തുകാരിയെന്ന നിലയിൽ താൻ തന്റെ ജോലി ചെയ്യുകയായിരുന്നുവെന്നും അത് തെറ്റായ പെരുമാറ്റമായി കണക്കാക്കാനാകില്ലെന്നും വിധി വ്യക്തമാക്കിയതായി അറ്റിയ പറഞ്ഞു. ഒടുവിൽ വസ്തുതകൾ ശരിയായ രീതിയിൽ രേഖപ്പെടുത്തപ്പെട്ടതിൽ ആശ്വാസമുണ്ട് എന്നും അവർ പ്രതികരിച്ചു.
Washington Post fired Karen Attiah over social-media posts in 2025; an arbitrator has now ordered her reinstated with full back pay












