കാലിഫോർണിയയിലെ ഫെയർഫീൽഡ് ഹൈസ്കൂളിൽ ബിരുദദാന ചടങ്ങിന് പിന്നാലെ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 7.15 ഓടെ ഫെയർഫീൽഡ് ഹൈസ്കൂളിന്റെ പാർക്കിംഗ് ലോട്ടിലായിരുന്നു വെടിവെപ്പ്. സെം യെറ്റോ ഹൈസ്കൂളിന്റെ ബിരുദദാന ചടങ്ങ് നടന്നതിന് തൊട്ടുപിന്നാലെയാണ് സംഭവം ഉണ്ടായത്.
വെടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.
“ഒരു സ്കൂൾ പരിപാടിയുടെ സമാപന വേളയിൽ ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് അതീവ ആശങ്കാജനകമാണ്. എല്ലാവരുടെയും സുരക്ഷയാണ് ഇപ്പോഴത്തെ പ്രധാന പരിഗണന,” ഫെയർഫീൽഡ് പോലീസ് ഉദ്യോഗസ്ഥ മിഷേൽ ബെലിയ പറഞ്ഞു. പരിപാടിയിൽ പങ്കെടുത്തവർ പറയുന്നതനുസരിച്ച്, ചടങ്ങ് അവസാനിച്ച ശേഷം ആളുകൾ ഫോട്ടോ എടുക്കുന്നതിനിടെയാണ് പാർക്കിംഗ് ലോട്ടിൽ വെടിവെപ്പ് ഉണ്ടായത്. വെടിയൊച്ച കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി ഓടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഫെയർഫീൽഡ് മേയർ കാതറിൻ മൊയ്, കുറ്റവാളിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് വ്യക്തമാക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
1 killed 3 injured in a tragic shooting incident at California’s Fairfield high school graduation ceremony













