അമേരിക്കയെ ഞെട്ടിച്ച് വീണ്ടും സൈബർ ആക്രമണം; എഫ്.ബി.ഐ ക്രിമിനൽ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം, അന്വേഷണം തുടങ്ങി

വാഷിംഗ്ടൺ: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ കൈകാര്യം ചെയ്യുന്ന പ്രധാന ദേശീയ ക്രിമിനൽ ജസ്റ്റിസ് ഡാറ്റാബേസിൽ ഹാക്കിംഗ് നടന്നതായി സംശയം. സംഭവത്തിൽ എഫ്.ബി.ഐ അന്വേഷണം ആരംഭിച്ചതായി വിഷയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തെ പ്രാദേശിക, സംസ്ഥാന, ഫെഡറൽ നിയമപാലക ഏജൻസികൾ ഉപയോഗിക്കുന്ന ‘നാഷണൽ ക്രൈം ഇൻഫർമേഷൻ സെന്റർ’ എന്ന ഡാറ്റാബേസിലാണ് നുഴഞ്ഞുകയറ്റം നടന്നതായി കരുതുന്നത്. ഒളിവിൽ കഴിയുന്ന പ്രതികൾ, കാണാതായവർ, കുറ്റവാളികളുടെ മുൻകാല ചരിത്രം, മോഷ്ടിക്കപ്പെട്ട വസ്തുക്കൾ തുടങ്ങിയ അതീവ പ്രാധാന്യമുള്ള വിവരങ്ങളാണ് ഈ സംവിധാനത്തിലുള്ളത്. സി.എൻ.എൻ ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്.

ഹാക്കിംഗിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിക്കാൻ എഫ്.ബി.ഐ തയ്യാറായിട്ടില്ല. അതേസമയം, സംഭവത്തെക്കുറിച്ച് ഇപ്പോൾ മാത്രമാണ് അറിഞ്ഞതെന്നും ഇത് നല്ല കാര്യമല്ലെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.

സർക്കാർ, സ്വകാര്യ മേഖലകളിൽ അടുത്തിടെയുണ്ടായ ഡിജിറ്റൽ തടസ്സങ്ങൾക്ക് പിന്നാലെയാണ് ഈ സൈബർ സുരക്ഷാ വീഴ്ചയും പുറത്തുവരുന്നത്. എന്നാൽ, നേരത്തെയുണ്ടായ തടസ്സങ്ങൾ കമ്പ്യൂട്ടർ സംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ ഭാഗമായി സംഭവിച്ചതാണെന്നും സൈബർ ആക്രമണമല്ലെന്നുമാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നത്. നിലവിലെ എഫ്.ബി.ഐ ഹാക്കിംഗിന് ഇതുമായി ബന്ധമുള്ളതായി സൂചനകളില്ല.

മുൻപും എഫ്.ബി.ഐയുടെ സംവിധാനങ്ങൾ ഹാക്കർമാരുടെ ലക്ഷ്യമായിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ‘ഷൈനിഹണ്ടേഴ്സ്’ എന്ന ഹാക്കിംഗ് ഗ്രൂപ്പ് എഫ്.ബി.ഐയുടെ തൊഴിൽ പോർട്ടലിൽ നുഴഞ്ഞുകയറി ജീവനക്കാരുടെയും ഉദ്യോഗാർത്ഥികളുടെയും വിവരങ്ങൾ ചോർത്തിയിരുന്നു. കൂടാതെ, നിരീക്ഷണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ സൂക്ഷിക്കുന്ന ആഭ്യന്തര സംവിധാനത്തിൽ സംശയാസ്പദമായ നീക്കങ്ങൾ നടന്നതിനെക്കുറിച്ച് മാർച്ചിലും എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

Another cyberattack shocks the US; FBI criminal database suspected to have been hacked

More Stories from this section

family-dental
witywide