
മെക്സിക്കോ സിറ്റി: യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐയുടെ ഏറ്റവും കൂടുതൽ തിരയുന്ന പത്ത് കുറ്റവാളികളുടെ പട്ടികയിലുണ്ടായിരുന്ന മെക്സിക്കൻ ലഹരിമാഫിയ തലവൻ ഫൗസ്റ്റോ ഇസിഡ്രോ മെസ ഫ്ലോറസ് അറസ്റ്റിൽ. ‘എൽ ചാപോ ഇസിഡ്രോ’ എന്നറിയപ്പെടുന്ന 44കാരനെ മെക്സിക്കൻ സൈന്യമാണ് പിടികൂടിയത്. മെസ ഫ്ലോറസ് ഓർഗനൈസേഷൻ അഥവാ ഗ്വാസാവെ കാർട്ടലിന്റെ തലവനാണ് ഇയാൾ.
മെക്സിക്കോയിലെ സിനലോവ സംസ്ഥാനത്തുള്ള ഗ്വാസാവെയിൽ വെള്ളിയാഴ്ച നടന്ന സൈനിക നടപടിക്കിടെയുണ്ടായ ഏറ്റുമുട്ടലിലാണ് ഇസിഡ്രോയെയും അടുത്ത അനുയായിയെയും പിടികൂടിയത്. ഏറ്റുമുട്ടലിലും തുടർന്നുണ്ടായ സംഘർഷങ്ങളിലും 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ മെക്സിക്കൻ സൈനികരാണ്. ഇസിഡ്രോയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന ഭാര്യാസഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈനിക നടപടിക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായം ലഭിച്ചതായാണ് റിപ്പോർട്ടുകൾ.
തൊണ്ണൂറുകൾ മുതൽ ലഹരിക്കടത്ത് മേഖലയിൽ സജീവമായിരുന്ന ഇസിഡ്രോ, ഫെന്റാനിൽ, കൊക്കെയ്ൻ, ഹെറോയിൻ, എംഡിഎംഎ തുടങ്ങിയ ലഹരിവസ്തുക്കൾ വൻതോതിൽ യുഎസിലേക്ക് കടത്തിയെന്നാണ് എഫ്ബിഐയുടെ ആരോപണം. സിനലോവയിലെ വിവിധ കുറ്റകൃത്യ സംഘങ്ങളിലൂടെ വളർന്ന ഇയാൾ പിന്നീട് ഗ്വാസാവെ കാർട്ടൽ രൂപീകരിച്ച് രാജ്യാന്തര ലഹരിക്കടത്ത് ശൃംഖലയുടെ തലവനായി മാറുകയായിരുന്നു. ഇയാളെ കൈമാറണമെന്ന് യുഎസ് മെക്സിക്കോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോണൾഡ് ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് പിന്നാലെ ലഹരിമാഫിയ സംഘങ്ങൾക്കെതിരായ നടപടികൾ ശക്തമാക്കാൻ മെക്സിക്കോയ്ക്കുമേൽ യുഎസ് സമ്മർദം ചെലുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ നടന്നുവരുന്ന ലഹരിവേട്ടയിലെ നിർണായക അറസ്റ്റായാണ് ഇസിഡ്രോയുടെ പിടിയിലാകലിനെ വിലയിരുത്തുന്നത്.















