33 കോടിയുടെ ‘ശീഷ് മഹൽ’ കാണാൻ 20 രൂപ! കേജ്‌രിവാളിൻ്റെ മുൻ ഔദ്യോഗിക വസതി പൊതുജനങ്ങളെ കാണിക്കാൻ ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന സിവിൽ ലൈൻസിലെ 6 ഫ്ലാഗ്‌സ്റ്റാഫ് റോഡ് ബംഗ്ലാവ് അടുത്തയാഴ്ച മുതൽ പൊതുജനങ്ങൾക്ക് സന്ദർശിനത്തിനായി തുറന്നുകൊടുക്കുമെന്ന് ഡൽഹി സർക്കാർ. ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേശ് വർമ്മയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

സന്ദർശകർക്കായി ഓൺലൈൻ ടിക്കറ്റ് ബുക്കിങ് സംവിധാനം ഏർപ്പെടുത്തും. പൊതുജനങ്ങൾക്ക് 20 രൂപയായിരിക്കും പ്രവേശന നിരക്ക്. എന്നാൽ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും. ടിക്കറ്റ് ബുക്കിങ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർക്കാർ ഉടൻ പുറത്തുവിടും. പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നതിന് മുന്നോടിയായി അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മാധ്യമപ്രവർത്തകർക്കായി പ്രത്യേക സന്ദർശനം ഒരുക്കിയിട്ടുണ്ട്.

ബംഗ്ലാവ് നവീകരിക്കാൻ കോടികൾ ചെലവഴിച്ചുവെന്ന ബിജെപിയുടെ ആരോപണം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ വിവാദമായിരുന്നു. 7.91 കോടി രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റിന് പകരം നവീകരണത്തിനായി 33.66 കോടി രൂപ ചെലവഴിച്ചതായി നേരത്തെ നിയമസഭയിൽ വെച്ച സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ബംഗ്ലാവിലെ ആഡംബര സൗകര്യങ്ങളും വിലയേറിയ നിർമ്മാണ സാമഗ്രികളും ജനങ്ങൾക്ക് നേരിട്ട് കണ്ട് ബോധ്യപ്പെടാനാണ് ഈ അവസരമൊരുക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, ഡൽഹിയിലെ യമുനാ നദിയിലെ മലിനീകരണം ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ഇത്തരമൊരു നീക്കം നടത്തുന്നതെന്ന് ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചു. പരിമിതമായ ദിവസങ്ങളിൽ മാത്രമായിരിക്കും പൊതുജനങ്ങൾക്ക് ബംഗ്ലാവിലേക്ക് പ്രവേശനമുണ്ടാകുക. ഇതിനുശേഷം കെട്ടിടം സർക്കാരിന്റെ ഔദ്യോഗിക യോഗങ്ങൾക്കും സമ്മേളനങ്ങൾക്കുമായി ഉപയോഗിക്കാനാണ് തീരുമാനം.

20 rupees to see the 33-crore ‘Sheesh Mahal’! Delhi government to open Kejriwal’s former official residence to the public.

More Stories from this section

family-dental
witywide