പ്രതിഷേധങ്ങളെ ഇനി തോക്കുകൊണ്ട് നേരിടില്ല; ന്യൂയോർക്ക് പൊലീസിലെ വിവാദ സേന പിരിച്ചുവിട്ട് മേയർ സൊഹ്‌റാൻ മംദാനി

അനിൽ മറ്റത്തിക്കുന്നേൽ

ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി പൊലീസ് വകുപ്പിലെ വിവാദമായ പ്രത്യേക വിഭാഗം ‘സ്ട്രാറ്റജിക് റെസ്‌പോൺസ് ഗ്രൂപ്പ്’ (എസ്.ആർ.ജി)പിരിച്ചുവിടാൻ മേയർ സൊഹ്‌റാൻ മംദാനിയും പൊലീസ് കമ്മീഷണർ ജെസീക്ക ടിഷും തീരുമാനിച്ചു. തീരുമാനത്തിനെതിരെ റിപ്പബ്ലിക്കൻ നേതാക്കളും പൊലീസ് യൂണിയനുകളും രംഗത്തെത്തി. അതേസമയം, നഗരത്തിന്റെ ഭീകരവിരുദ്ധ ബ്യൂറോ പിരിച്ചുവിടുന്നില്ലെന്നും എസ്.ആർ.ജി നിർവഹിച്ചിരുന്ന ഭീകരവിരുദ്ധ ചുമതലകൾ ആ ബ്യൂറോ ഏറ്റെടുക്കുമെന്നും മേയറുടെ ഓഫീസ് വ്യക്തമാക്കി.

2015ൽ രൂപീകരിച്ച എസ്.ആർ.ജി, നഗരത്തിന്റെ അഞ്ച് ഇടങ്ങളിലും അടിയന്തര
സാഹചര്യങ്ങളിൽ അതിവേഗം വിന്യസിക്കാവുന്ന പ്രത്യേക പൊലീസ്
വിഭാഗമായിരുന്നു. ഭീകരഭീഷണികളോട് പ്രതികരിക്കുന്നതിനും നിർണായക
അടിസ്ഥാനസൗകര്യങ്ങൾക്ക് സുരക്ഷ നൽകുന്നതിനും പുറമേ, വെടിവെപ്പ്, ബാങ്ക്
കവർച്ച, ആളുകളെ കാണാതാകുന്ന സംഭവങ്ങൾ എന്നിവയിലും യൂണിറ്റിനെ
നിയോഗിച്ചിരുന്നു. ഗുരുതര കുറ്റകൃത്യങ്ങൾ വർധിക്കുന്ന പ്രദേശങ്ങളിൽ
പ്രാദേശിക പൊലീസിന് അധിക സേനാബലം നൽകുക, പ്രധാന പരേഡുകൾക്കും
പൊതുപരിപാടികൾക്കും സുരക്ഷയൊരുക്കുക, വൻ പ്രതിഷേധങ്ങളിലും പൊതുസമാധാനം തകരുന്ന സാഹചര്യങ്ങളിലും ജനക്കൂട്ടത്തെ നിയന്ത്രിക്കുക എന്നിവയും ചുമതലകളിൽ ഉൾപ്പെട്ടിരുന്നു.

പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി സമാധാനപരമായ പ്രതിഷേധങ്ങളിൽ കണ്ണീർവാതകം, പെപ്പർ സ്പ്രേ, ദീർഘദൂര തോക്കുകൾ എന്നിവ ഉപയോഗിക്കുന്നതും പ്രതിഷേധക്കാരെ വളഞ്ഞിട്ട് പിടിക്കുന്ന ‘കെറ്റ്ലിംഗ്’ രീതിയും പൂർണ്ണമായി നിരോധിച്ചു. പ്രതിഷേധങ്ങളോട് പ്രതികരിക്കുന്ന രീതിയിലാണ് പ്രധാന മാറ്റം. പ്രതിഷേധ സംഘാടകരുമായി മുൻകൂട്ടി ആശയവിനിമയം നടത്താനും സംഘർഷം ശമിപ്പിക്കാനും മേയറുടെ ഓഫീസിനു കീഴിൽ സിവിലിയൻ നേതൃത്വത്തിലുള്ള വിഭാഗം രൂപീകരിക്കും. ആ വിഭാഗത്തിന് ആയുധങ്ങളോ അറസ്റ്റ് ചെയ്യാനുള്ള അധികാരമോ ഉണ്ടാകില്ല. അതു പ്രവർത്തനസജ്ജമാകുന്നതുവരെ, ആശയവിനിമയത്തിലും സംഘർഷം ശമിപ്പിക്കുന്നതിലും പരിശീലനം ലഭിച്ച 30 പൊലീസ് സംഘം ആ ചുമതല വഹിക്കും. ജനക്കൂട്ട നിയന്ത്രണത്തിന് പുതിയ പട്രോൾ സപ്പോർട്ട് ഡിവിഷൻ സഹായിക്കും. പ്രതിഷേധം അക്രമത്തിലേക്ക് നീങ്ങിയാൽ പൊലീസ് ഇടപെടുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് നടത്തുമെന്നും മംദാനി വ്യക്തമാക്കി.

അതേസമയം, മംദാനിക്ക് വിവിധ കോണുകളിൽ നിന്നും വിമർശനവും നേരിടേണ്ടി വരുന്നുണ്ട്. ഫ്ലോറിഡയിൽ നിന്നുള്ള റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം റാൻഡി ഫൈൻ, സെപ്റ്റംബർ 11 ഭീകരാക്രമണത്തിന് 25 വർഷം പിന്നിടുന്ന വേളയിൽ ഭീകരവിരുദ്ധ ചുമതലകൾ വഹിച്ചിരുന്ന യൂണിറ്റിനെ പിരിച്ചുവിടുകയാണെന്ന് ചൂണ്ടിക്കാട്ടി മംദാനിയെ രൂക്ഷമായി വിമർശിച്ചു. ന്യൂയോർക്ക് സിറ്റി കൗൺസിലിലെ റിപ്പബ്ലിക്കൻ പ്രതിപക്ഷ വിപ്പ് ഇന്ന വെർണിക്കോവും തീരുമാനത്തെ എതിർത്തു. സിനഗോഗുകൾക്കും ജൂത സ്ഥാപനങ്ങൾക്കും സമീപത്തെ പ്രതിഷേധങ്ങൾ ഭീഷണിയിലേക്കോ അക്രമത്തിലേക്കോ നീങ്ങിയാൽ അതിവേഗം പ്രതികരിക്കാനുള്ള ശേഷിയെ തീരുമാനം ബാധിക്കുമെന്നാണ് അവർ ഉയർത്തിയ ആശങ്ക.

പൊലീസ് ബെനവലന്റ് അസോസിയേഷൻ പ്രസിഡന്റ് പാട്രിക് ഹെൻഡ്രി, റോഡുകളും പാലങ്ങളും തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധ സാഹചര്യങ്ങളിൽ
പൊതുജനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയെ തീരുമാനം ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മംദാനിയെ വിമർശിച്ചത്.

എന്നാൽ, 2020ലെ ജോർജ് ഫ്ലോയ്ഡ് പ്രതിഷേധങ്ങൾക്കിടെ അമിത ബലപ്രയോഗം നടത്തിയെന്ന ആരോപണങ്ങൾ നേരിട്ട യൂണിറ്റിനെ പിരിച്ചുവിടുന്നതിനെ
ന്യൂയോർക്ക് സിവിൽ ലിബർട്ടീസ് യൂണിയൻ സ്വാഗതം ചെയ്തു. എന്നാൽ പുതിയ
പട്രോൾ വിഭാഗം പഴയ രീതികൾ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതിന്റെ
പ്രവർത്തനം നിരീക്ഷിക്കുമെന്നും സംഘടന അറിയിച്ചു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വിനിയോഗിക്കുന്നവരെ ഭീകരഭീഷണിയോട് പ്രതികരിക്കുന്ന അതേ രീതിയിൽ നേരിടരുതെന്നാണ് മംദാനിയുടെ നിലപാട്.

Protests will no longer be met with guns; Mayor disbands controversial New York Police unit

More Stories from this section

family-dental
witywide