യു.എസ്-കാനഡ മയക്കുമരുന്ന് കടത്ത് കേസിൽ 21 പേർക്കെതിരെ കുറ്റം; ഇന്ത്യൻ വംശജരായ 12-ലധികം പേർ അറസ്റ്റിൽ

ടൊറന്റോ: അമേരിക്കയും കാനഡയും സംയുക്തമായി നടത്തിയ വൻ മയക്കുമരുന്ന് കടത്ത് അന്വേഷണത്തിൽ ഇന്ത്യൻ വംശജരായ 12-ലധികം പേർ ഉൾപ്പെടെ 21 പേർക്കെതിരെ കുറ്റം ചുമത്തി. അന്വേഷണത്തിനിടെ ഏകദേശം 1.7 ടൺ മയക്കുമരുന്ന് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ വിപണിമൂല്യം 140 ദശലക്ഷം കനേഡിയൻ ഡോളറിലേറെ (ഏകദേശം 99.4 ദശലക്ഷം യു.എസ്. ഡോളർ) വരുമെന്ന് കണക്കാക്കുന്നു. ‘പ്രോജക്ട് ബേ’ എന്ന പേരിൽ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), പിടിച്ചെടുത്തവയിൽ കൊക്കെയ്ൻ, മെത്താംഫെറ്റമിൻ, ഒപ്പിയം എന്നിവ ഉൾപ്പെട്ടിരുന്നുവെന്നും, ഒന്റാറിയോയിലെ ഒരു അന്വേഷണത്തിൽ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് ഇറക്കുമതിയും കടത്തും തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയത്. കേസിൽ ആകെ 21 പേർക്കെതിരെ 102 കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ ബ്രാംപ്ടൺ സ്വദേശികളായ ഗഗൻദീപ് തിന്ദാൽ, സിമ്രൻജീത് സിങ്, ജതിന്ദർപാൽ സിങ്, ജസ്വീന്ദർ സോഹി, തേജ്വീന്ദർ സന്ധു, തർമീന്ദർ സിങ്, ഗുൻദീപ് തരിവാൾ, മെഹക്‌പ്രീത് സിങ്, കരൺദീപ് സിങ് എന്നിവരും, ലാസാൽ സ്വദേശിയായ കൻവർപാൽ കുലാർ, കിച്ചനർ സ്വദേശിയായ ഹർജ്‌വീന്ദർ സന്ധു, ബാരി സ്വദേശിയായ ഹനീന്ദർപാൽ ഗ്രെവാൾ, ഷെൽബേൺ സ്വദേശിയായ അവതാർ സാഹോട്ട എന്നിവരും ഉൾപ്പെടുന്നു.

2025 ജനുവരിയിൽ വിൻഡ്സർ പൊലീസ് ആരംഭിച്ച അന്വേഷണമാണ് പിന്നീട് കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA), ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP), അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസ് (HSI), ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷൻ (DEA) എന്നിവ ഉൾപ്പെടെയുള്ള ഏജൻസികളുടെ സംയുക്ത അന്വേഷണമായി വികസിച്ചത്. ടൊറന്റോ പൊലീസും പീൽ റീജിയണൽ പൊലീസും അന്വേഷണത്തിന് പിന്തുണ നൽകി. വാണിജ്യ ചരക്ക് ഗതാഗത മേഖലയെ മറയാക്കി പ്രവർത്തിച്ചിരുന്ന ഇടനിലക്കാരുടെ ശൃംഖലയിലൂടെയാണ് മയക്കുമരുന്ന് അമേരിക്ക-കാനഡ അതിർത്തി കടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നിയമാനുസൃത ചരക്ക് ഗതാഗതത്തിനിടയിൽ ഡ്രൈവർമാരെ ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയിരുന്നതെന്നും ഒ.പി.പി. അറിയിച്ചു.

ജൂൺ അവസാനത്തോടെ ആരംഭിച്ച പരിശോധനകളിൽ 973 കിലോഗ്രാം കൊക്കെയ്ൻ, 660 കിലോഗ്രാം മെത്താംഫെറ്റമിൻ, കൂടാതെ ടാങ്ക് വിരുദ്ധ റൈഫിൾ ഉൾപ്പെടെ 17 തോക്കുകളും പിടിച്ചെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ആകെ വിപണിമൂല്യം 139 ദശലക്ഷം കനേഡിയൻ ഡോളറിലധികം വരുമെന്നും, ഇതിലൂടെ ഒന്റാറിയോയിലെ അനധികൃത മയക്കുമരുന്ന് വിതരണ ശൃംഖലയ്ക്ക് വലിയ തിരിച്ചടിയേറ്റതായും അധികൃതർ വ്യക്തമാക്കി. ഒരു മെട്രിക് ടണ്ണിലധികം മയക്കുമരുന്നും നിരവധി തോക്കുകളും പിടിച്ചെടുത്തതിലൂടെ സമൂഹത്തിന് ഭീഷണിയായിരുന്ന വലിയ കുറ്റകൃത്യ ശൃംഖലയെ തകർക്കാനും ക്രിമിനൽ സംഘങ്ങളുടെ കോടിക്കണക്കിന് ഡോളറിന്റെ അനധികൃത വരുമാനം തടയാനും കഴിഞ്ഞു എന്ന് ഒന്റാറിയോ പ്രൊവിൻഷ്യൽ പൊലീസ് ചീഫ് സൂപ്രണ്ട് മൈക്ക് സ്റ്റോഡാർട്ട് പറഞ്ഞു.

21 including over a dozen of Indian origin face charges in US-Canada drug trafficking investigation

More Stories from this section

family-dental
witywide