ഇന്ത്യൻ വംശജരെ യു.എസ്. ഫെഡറൽ റിസർവ് ടാസ്‌ക് ഫോഴ്‌സുകളിൽ നിയമിച്ച് ചെയർമാൻ; നിയമിതരായി രഘുറാം രാജനും രാജ് ചെട്ടിയും ആശാ ശർമ്മയും

വാഷിംഗ്ടൺ: യു.എസ്. ഫെഡറൽ റിസർവിന്റെ ടാസ്‌ക് ഫോഴ്‌സുകളുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജരായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) മുൻ ഗവർണർ രഘുറാം രാജൻ, പ്രശസ്ത ഹാർവാർഡ് സാമ്പത്തിക ശാസ്ത്രജ്ഞൻ രാജ് ചെട്ടി, മൈക്രോസോഫ്റ്റ് എക്സ്ബോക്സ് (Xbox) സി.ഇ.ഒ ആശാ ശർമ്മ എന്നിവരെ നിയമിച്ചു. ഫെഡറൽ റിസർവ് ചെയർമാൻ കെവിൻ വാർഷ് ആണ് വിവിധ സമിതികളുടെ തലപ്പത്തേക്ക് ഇവരെ തിരഞ്ഞെടുത്തത്. ധനനയ രൂപീകരണവും ദീർഘകാല പരിഷ്‌കരണങ്ങളും അവലോകനം ചെയ്യുന്നതിനുള്ള നിർണായക ടാസ്‌ക് ഫോഴ്‌സുകളുടെ തലപ്പത്ത് ആണ് ഇവരെ നിയമിച്ചിരിക്കുന്നത്.

ജൂലൈ 10-നാണ് കേന്ദ്ര ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച അഞ്ച് ടാസ്‌ക് ഫോഴ്‌സുകളുടെ വിവരങ്ങൾ ചെയർമാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഫെഡറലിന്റെ ബാലൻസ് ഷീറ്റ് ഫ്രെയിംവർക്കിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തുന്നതിനുള്ള ‘ബാലൻസ് ഷീറ്റ് പോളിസി’ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാനായാണ് രഘുറാം രാജനെ നിയമിച്ചിരിക്കുന്നത്. നിലവിൽ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറാണ് അദ്ദേഹം.

സാമ്പത്തിക വ്യവസ്ഥയിലെ ലിക്വിഡിറ്റി പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്ന ‘ലിക്വിഡിറ്റി ഡിപെൻഡൻസ്’ ടാസ്‌ക് ഫോഴ്‌സിനെ രാജ് ചെട്ടി നയിക്കും. ഹാർവാർഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് അദ്ദേഹം. ഉൽപ്പാദനക്ഷമതയും തൊഴിലവസരങ്ങളും വിലയിരുത്തുന്ന ‘പ്രൊഡക്ടിവിറ്റി ആൻഡ് എംപ്ലോയ്മെന്റ്’ ടാസ്‌ക് ഫോഴ്‌സിന്റെ കോ-ചെയർമാനായാണ് മൈക്രോസോഫ്റ്റ് എക്സ്ബോക്സ് മേധാവിയായ ആശാ ശർമ്മ നിയമിതയായത്. ഇവരുടെ സാന്നിധ്യം ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിർണായക സ്വാധീനമുള്ള യു.എസ്. ഫെഡറൽ റിസർവിന്റെ നയരൂപീകരണത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് സാമ്പത്തിക ലോകം ഉറ്റുനോക്കുന്നത്.

Chairman appoints individuals of Indian origin to U.S. Federal Reserve task forces; Raghuram Rajan, Raj Chetty, and Asha Sharma appointed.

More Stories from this section

family-dental
witywide