ന്യൂയോർക്ക്: പ്രായം വെറും 17. എന്നാൽ അമേരിക്കൻ നാവികസേനയുടെ ജൂനിയർ റിസർവ് ഓഫീസേഴ്സ് ട്രെയിനിംഗ് കോർപ്സ് (NJROTC) യൂണിറ്റിലെ 300ഓളം കേഡറ്റുകൾക്ക് നേതൃത്വം നൽകുകയാണ് ഇന്ത്യൻ വംശജയായ റിദ്ധി ചൗഹാൻ. ന്യൂയോർക്കിലെ ക്വീൻസിലുള്ള ബെഞ്ചമിൻ എൻ. കാർഡോസോ ഹൈസ്കൂളിലെ വിദ്യാർഥിനിയായ റിദ്ധി, എൻജെആർഒടിസിയിലെ ഏറ്റവും ഉയർന്ന വിദ്യാർഥി പദവിയായ ബറ്റാലിയൻ കമാൻഡിങ് ഓഫീസർ സ്ഥാനമാണ് വഹിക്കുന്നത്.

റിപ്പോർട്ടുകൾ പ്രകാരം, അമേരിക്കൻ നാവികസേനയിലെ കമ്മീഷൻഡ് ഓഫീസറാകുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായി റിദ്ധിക്ക് നേവൽ അക്കാദമി പ്രിപ്പറേറ്ററി സ്കൂളിൽ പ്രവേശനവും ലഭിച്ചിട്ടുണ്ട്. ആത്മവിശ്വാസവും നേതൃത്വപാടവവും വർധിപ്പിക്കാനാണ് റിദ്ധി എൻജെആർഒടിസിയിൽ ചേർന്നത്. തുടർന്ന് അക്കാദമിക് കമാൻഡർ, എസ്.ടി.ഇ.എം. കമാൻഡർ, പ്ലാറ്റൂൺ ലീഡർ, ഇൻസ്പെക്ഷൻ കമാൻഡർ തുടങ്ങിയ വിവിധ ചുമതലകൾ വിജയകരമായി നിർവഹിച്ച ശേഷമാണ് ബറ്റാലിയൻ കമാൻഡിങ് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ബറ്റാലിയന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതും പരിശീലനത്തിന് നേതൃത്വം നൽകുന്നതും ജൂനിയർ കേഡറ്റുകൾക്ക് മാർഗനിർദേശം നൽകുന്നതും റിദ്ധിയാണ്.
ആഴ്ചയിൽ നാല് ദിവസം രാവിലെ ഏഴുമണിക്ക് മുമ്പ് സ്കൂളിലെത്തി ക്ലാസുകൾ തുടങ്ങും മുമ്പ് ഡ്രിൽ പരിശീലനത്തിനും നേതൃത്വം നൽകുന്നു. നേതൃത്വത്തിന് പുറമെ അക്കാദമിക് രംഗത്തും റിദ്ധി ശ്രദ്ധേയയാണ്. അക്കാദമിക് കമാൻഡറായിരിക്കെ സ്കൂളിന്റെ ടീം തുടർച്ചയായി രണ്ട് വർഷം ലീഡർഷിപ്പ് ആൻഡ് അക്കാദമിക് ബൗൾ മത്സരത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് യോഗ്യത നേടാൻ സഹായിച്ചു. ദേശീയതല അക്കാദമിക് പരീക്ഷയിൽ യൂണിറ്റ് ഒന്നാം സ്ഥാനം നേടുന്നതിലും നിർണായക പങ്കുവഹിച്ചു. ബറ്റാലിയന്റെ ആദ്യ SeaPerch അണ്ടർവാട്ടർ റോബോട്ട് വികസിപ്പിക്കുന്നതിനും റിദ്ധി നേതൃത്വം നൽകി. ഇതിലൂടെ കേഡറ്റുകൾക്ക് റോബോട്ടിക്സ്, എൻജിനിയറിങ് മേഖലകളിൽ പ്രായോഗിക പരിശീലനം ലഭിച്ചു.
നേതൃത്വം എന്നത് മറ്റുള്ളവരെ സേവിക്കുകയും മാതൃകയാകുകയും ചെയ്യുന്നതാണെന്ന് റിദ്ധി പറയുന്നു. ബി.എ.പി.എസ്. സ്വാമിനാരായൺ സൻസ്ഥയുമായുള്ള ബന്ധവും മഹന്ത് സ്വാമി മഹാരാജ് പകർന്നുനൽകിയ വിനയം, കരുണ, നിസ്വാർഥ സേവനം എന്നീ മൂല്യങ്ങളുമാണ് തന്റെ നേതൃത്വ ശൈലിയെ രൂപപ്പെടുത്തിയതെന്നും അവൾ പറയുന്നു.
രാജസ്ഥാനിലെ ജയ്പൂരിൽ ജന്മവേരുകളുള്ള റുചികയുടെയും ദിലീപ് ചൗഹാന്റെയും മകളായ റിദ്ധി, പ്രിപ്പറേറ്ററി കോഴ്‌സ് പൂർത്തിയാക്കിയ ശേഷം യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ അക്കാദമിയിൽ ചേർന്ന് അമേരിക്കൻ നാവികസേനയിലെ ഓഫീസറാകാനാണ് ലക്ഷ്യമിടുന്നത്. 17-ാം വയസ്സിൽ തന്നെ നൂറുകണക്കിന് കേഡറ്റുകൾക്ക് നേതൃത്വം നൽകിയ റിദ്ധി, കഠിനാധ്വാനവും അച്ചടക്കവും സമർപ്പണബോധവും ഉണ്ടെങ്കിൽ യുവാക്കൾക്ക് വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്ന് തെളിയിക്കുകയാണ്.
17-Year-Old Riddhi Chauhan Who Is Leading 300 US Navy Cadets











