2024ൽ ട്രംപിന് വോട്ട് ചെയ്ത ദക്ഷിണേഷ്യൻ അമേരിക്കക്കാരിൽ 25 ശതമാനം ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് പിന്തുണ നൽകുമെന്ന് സർവേ

2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന് വോട്ട് ചെയ്ത ദക്ഷിണേഷ്യൻ അമേരിക്കക്കാരിൽ 25 ശതമാനമെങ്കിലും നവംബർ 3ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് സർവേ. ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് എന്ന അഭിഭാഷക സംഘടന നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. ജീവിതച്ചെലവ് (65%), ആരോഗ്യപരിരക്ഷ (53%), തൊഴിലും വേതനവും (33%), വിദ്യാഭ്യാസം (28%) എന്നിവയാണ് തിരഞ്ഞെടുപ്പിൽ വോട്ടർമാർ പ്രധാനമായി പരിഗണിക്കുന്ന വിഷയങ്ങളെന്ന് സർവേ ചൂണ്ടിക്കാട്ടുന്നു.

സർവേയിൽ പങ്കെടുത്ത 800 ദക്ഷിണേഷ്യൻ അമേരിക്കൻ രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 87 ശതമാനം ഇന്ത്യക്കാരാണ്. ശേഷിക്കുന്നവർ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ്, അഫ്ഗാനിസ്ഥാൻ, ഖെമർ, ബർമീസ് വിഭാഗങ്ങളിൽപ്പെട്ടവരാണ്. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കമല ഹാരിസിന് വോട്ട് ചെയ്തവരിൽ 96 ശതമാനവും ഇത്തവണ ഡെമോക്രാറ്റിക് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യുമെന്ന് അറിയിച്ചു. ട്രംപിനെ പിന്തുണച്ചവരിൽ 67 ശതമാനം ഇപ്പോഴും റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പമാണെങ്കിലും 25 ശതമാനം ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയ്യുമെന്നാണ് സർവേയിൽ വ്യക്തമാക്കിയത്.

ടെക്സസ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നേരത്തെയുള്ള വോട്ടെടുപ്പ് ആരംഭിച്ച സാഹചര്യത്തിലാണ് സർവേ പുറത്തുവന്നത്. ടെക്സസിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജെയിംസ് ടലാരിക്കോയും ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി കെൻ പാക്സ്റ്റണും തമ്മിലാണ് മത്സരം. 2024ൽ സെനറ്റർ ടെഡ് ക്രൂസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇന്റേൺ ആയി പ്രവർത്തിച്ച 21കാരനായ ഇന്ത്യൻ അമേരിക്കൻ വംശജൻ വസന്ത് ഭട്ട്, താൻ ടലാരിക്കോയ്ക്ക് വോട്ട് ചെയ്തതായി സാമൂഹികമാധ്യമത്തിൽ കുറിച്ചു.

വിവേചനവും സർവേയിലെ പ്രധാന വിഷയമായിരുന്നു. രജിസ്റ്റർ ചെയ്ത വോട്ടർമാരിൽ 90 ശതമാനം തങ്ങൾ വിവേചനം നേരിട്ടിട്ടുണ്ടെന്നോ അത്തരമൊരു അനുഭവം മറ്റൊരാൾക്കുണ്ടായതായി അറിയാമെന്നോ പറഞ്ഞു. 48 ശതമാനം പേർ നേരിട്ട് വിവേചനം നേരിട്ടതായും വ്യക്തമാക്കി. 2024ൽ ട്രംപിന് വോട്ട് ചെയ്ത നമ്മുടെ സമൂഹത്തിലെ നാലിലൊരാൾ ഇത്തവണ ഡെമോക്രാറ്റുകളെ പിന്തുണയ്ക്കുമെന്ന് പറയുന്നതിൽ അത്ഭുതമില്ല. തിരഞ്ഞെടുപ്പിലെ നിർണായക ഭൂരിപക്ഷത്തെ സ്വാധീനിക്കാൻ ഈ സമൂഹത്തിന് കഴിയും. ഓരോ വോട്ടറിലേക്കും എത്താനാണ് ഞങ്ങളുടെ ശ്രമമെന്ന് ഇന്ത്യൻ അമേരിക്കൻ ഇംപാക്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ചിന്തൻ പട്ടേൽ പ്രസ്താവനയിൽ പറഞ്ഞു.

2020നുശേഷം നടന്ന പൊതുതിരഞ്ഞെടുപ്പുകളിലൊന്നിലും വോട്ട് ചെയ്തിട്ടില്ലെന്ന് സർവേയിൽ പങ്കെടുത്ത 16 ശതമാനം പേർ അറിയിച്ചു. തങ്ങളുടെ വോട്ടിലൂടെ മാറ്റം കൊണ്ടുവരാനാകുമെന്ന് 78 ശതമാനം പേർ വിശ്വസിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അധികം വൈകാതെ സാധാരണക്കാരിൽനിന്ന് അകന്നുപോകുന്നുവെന്ന് 79 ശതമാനം പേരും അഭിപ്രായപ്പെട്ടു. തങ്ങളെപ്പോലുള്ളവരുടെ അഭിപ്രായങ്ങൾ ജനപ്രതിനിധികൾ പരിഗണിക്കുന്നില്ലെന്ന് 67 ശതമാനം പേർ പറഞ്ഞു. സർക്കാർ തീരുമാനങ്ങളിൽ തങ്ങൾക്ക് സ്വാധീനമില്ലെന്ന് 43 ശതമാനം പേരും വ്യക്തമാക്കി.

നിർണായക സംസ്ഥാനങ്ങളിൽ ദക്ഷിണേഷ്യൻ വോട്ടർമാർക്ക് പ്രാധാന്യം

കടുത്ത മത്സരം നടക്കുന്ന സംസ്ഥാനങ്ങളിൽ ദക്ഷിണേഷ്യൻ അമേരിക്കൻ വോട്ടർമാർക്ക് നിർണായക സ്വാധീനമുണ്ടാകാമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. മിഷിഗണിൽ ഏകദേശം 1.87 ലക്ഷം ദക്ഷിണേഷ്യൻ വംശജരുണ്ട്. 2022ൽ 30,000ത്തോളം രജിസ്റ്റർ ചെയ്ത ദക്ഷിണേഷ്യൻ വോട്ടർമാർ വോട്ട് ചെയ്തിരുന്നില്ല. 2024ലെ സെനറ്റ് തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വിജയിയെ തീരുമാനിച്ച വോട്ടുകളുടെ എണ്ണം ഏകദേശം 19,000 മാത്രമായിരുന്നു.

ടെക്സസിൽ ഏഴു ലക്ഷത്തിലധികം ദക്ഷിണേഷ്യൻ വംശജരുണ്ട്. 2022ൽ ഏകദേശം ഒരു ലക്ഷം രജിസ്റ്റർ ചെയ്ത ദക്ഷിണേഷ്യൻ വോട്ടർമാർ വോട്ട് ചെയ്തിരുന്നില്ല. കാലിഫോർണിയ, ടെക്സസ്, ന്യൂജഴ്സി, ന്യൂയോർക്ക്, വാഷിങ്ടൺ, ഇല്ലിനോയി, പെൻസിൽവാനിയ, ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിന് വലിയ സാന്നിധ്യമുണ്ട്.

ജോർജിയ, പെൻസിൽവാനിയ, മിഷിഗൺ, നോർത്ത് കരോലിന തുടങ്ങിയ നിർണായക സംസ്ഥാനങ്ങളിൽ ഒന്നോ രണ്ടോ ശതമാനം വോട്ടുകൾക്കുപോലും തിരഞ്ഞെടുപ്പ് ഫലത്തിൽ സ്വാധീനം ചെലുത്താനാകുമെന്നാണ് സർവേയുടെ വിലയിരുത്തൽ.

25% of South Asian Americans who voted for Trump in 2024 to back Democrats in midterms: Survey

More Stories from this section

family-dental
witywide