
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ യു.എസ് ഓയിൽ, ഗ്യാസ് കമ്പനികൾ വൻ ലാഭമുണ്ടാക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെടുമ്പോൾ, ഈ മേഖലയിലെ അദ്ദേഹത്തിന്റെ വ്യക്തിഗത ഓഹരി മൂല്യത്തിലും കോടികളുടെ വർദ്ധനവ്. 2025 അവസാനത്തിൽ 12.6 ദശലക്ഷം ഡോളറിനും 46 ദശലക്ഷം ഡോളറിനും ഇടയിലായിരുന്ന ട്രംപിന്റെ എണ്ണ-വാതക നിക്ഷേപങ്ങളുടെ മൂല്യം ഇപ്പോൾ 22.5 ദശലക്ഷം മുതൽ 81.6 ദശലക്ഷം ഡോളർ വരെയായി ഉയർന്നുവെന്ന് കോൺഗ്രഷണൽ ജോയിന്റ് ഇക്കണോമിക് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളുടെ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
എൽ.എസ്.ഇ.ജി ഡാറ്റാ അനലിറ്റിക്സിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം, 2025 അവസാനത്തിന് ശേഷം ട്രംപിന്റെ കൈവശമുള്ള ഊർജ്ജ ഓഹരികളുടെ മൂല്യത്തിൽ ശരാശരി 43 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. യുദ്ധം ആരംഭിച്ചതിന് ശേഷം മാർച്ച് മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം ട്രംപ് 4.7 ദശലക്ഷം ഡോളറിനും 17.5 ദശലക്ഷം ഡോളറിനും ഇടയിലുള്ള തുകയ്ക്ക് പുതിയ ഓഹരികൾ വാങ്ങിയതായും റിപ്പോർട്ടിലുണ്ട്. ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സിൽ സമർപ്പിച്ച ഔദ്യോഗിക സാമ്പത്തിക രേഖകൾ വിശകലനം ചെയ്ത് സി.ബി.എസ് ന്യൂസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
യുദ്ധത്തിന്റെ ആഘാതം കാരണം യു.എസിൽ ഇന്ധനവില കുതിച്ചുയരുകയും സാധാരണക്കാരായ അമേരിക്കക്കാർ വലിയ വില നൽകേണ്ടി വരികയും ചെയ്യുമ്പോഴാണ് ട്രംപിന്റെ ഈ സാമ്പത്തിക നേട്ടം. കഴിഞ്ഞ ശനിയാഴ്ച ജോർജിയയിൽ നടന്ന ഒരു റാലിയിൽ, യു.എസ് ഓയിൽ-ഗ്യാസ് കമ്പനികൾ “നൂറുകണക്കിന് ശതകോടി ഡോളർ സമ്പാദിക്കുന്നു” എന്ന് ട്രംപ് പരസ്യമായി അവകാശപ്പെട്ടിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ നിന്ന് എണ്ണ വ്യവസായം കൊയ്യുന്ന ലാഭത്തെക്കുറിച്ച് സംസാരിക്കരുതെന്ന് തന്റെ ഉപദേശകർ ആവശ്യപ്പെട്ടിരുന്നതായും ട്രംപ് ജനക്കൂട്ടത്തോട് പറയുകയുണ്ടായി.
യുദ്ധം ആരംഭിക്കുന്നതിന് മുൻപ് യു.എസിൽ ഒരു ഗാലൻ ക്രൂഡ് ഓയിലിന് $2.87 ഉം ഡീസലിന് $3.68 ഉം ആയിരുന്നത് എട്ട് മാസങ്ങൾക്ക് ശേഷം യഥാക്രമം $4.29, $6.28 എന്ന നിരക്കിലേക്ക് ഉയർന്നു. രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വിലയും ബാരലിന് 115 ഡോളറിന് മുകളിലാണ്. യുദ്ധം കാരണം അമേരിക്കൻ കുടുംബങ്ങൾക്ക് ഇന്ധനച്ചെലവിൽ ശരാശരി 856 ഡോളറിന്റെ അധിക ബാധ്യത വന്നിട്ടുണ്ടെന്നാണ് കണക്കുകൾ.
രാജ്യത്തെ ഏറ്റവും ഉയർന്ന പദവിയിലിരിക്കുന്ന വ്യക്തി യുദ്ധത്തിലൂടെ ലാഭം കൊയ്യുന്ന കമ്പനികളുടെ ഓഹരികൾ കൈവശം വെക്കുന്നത് വലിയ താൽപ്പര്യ വൈരുദ്ധ്യത്തിന് കാരണമാകുന്നുവെന്ന് സെനറ്റർ മാഗി ഹസ്സൻ കുറ്റപ്പെടുത്തി. എന്നാൽ വൈറ്റ് ഹൗസ് വക്താവ് ഡേവിസ് ഇംഗിൾ ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളി. ട്രംപിന്റെ ഓഹരി നിക്ഷേപങ്ങൾ പൂർണ്ണമായും മൂന്നാം കക്ഷി ധനകാര്യ സ്ഥാപനങ്ങളാണ് സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതെന്നും കമ്പ്യൂട്ടർ അധിഷ്ഠിത മോഡൽ പോർട്ട്ഫോളിയോകൾ വഴി സൂചികകളെ അടിസ്ഥാനമാക്കിയാണ് ഇവ നിക്ഷേപിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിൽ ഇടപെടാൻ ട്രംപിനോ കുടുംബത്തിനോ യാതൊരു അധികാരവുമില്ലെന്നും വൈറ്റ് ഹൗസ് കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, വെടിനിർത്തൽ പ്രഖ്യാപനങ്ങൾ പോലുള്ള ട്രംപിന്റെ ചില നിർണായക തീരുമാനങ്ങൾക്ക് തൊട്ടുമുമ്പ് അദ്ദേഹത്തിന്റെ അക്കൗണ്ടുകളിൽ നിന്ന് വൻതോതിൽ എണ്ണ ഓഹരികൾ വിറ്റഴിക്കപ്പെട്ടത് സംശയങ്ങൾക്ക് ഇടനൽകുന്നുണ്ടെന്ന് സി.ബി.എസ് ന്യൂസിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. വരാനിരിക്കുന്ന യു.എസ് തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരെ സ്വാധീനിക്കുന്ന പ്രധാന ചർച്ചാവിഷയമായി ഇന്ധനവിലയും ജീവിതച്ചെലവും മാറിയിരിക്കുകയാണ്.
Fuel price gouging for the public, massive profits for Trump; U.S. President’s wealth soars amid war, with reports indicating a 43% growth in his oil investments.















