
കീവ്: യു.എസ് പ്രഥമ വനിത മെലാനിയ ട്രംപ് പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷം റഷ്യൻ അധിനിവേശത്തിലുള്ള യുക്രേനിയൻ നഗരമായ ഒലെഷ്കിയിൽ താൽക്കാലിക വെടിനിർത്തൽ പ്രാബല്യത്തിൽ വന്നു. ദുരിതബാധിത പ്രദേശങ്ങളിൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനും സാധാരണക്കാരായ ജനങ്ങളെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുമാണ് ഇരുവിഭാഗവും വെടിനിർത്തലിന് തയ്യാറായത്.
മാനവിക സഹായ ദൗത്യത്തിന് മുന്നോടിയായി ഒലെഷ്കിക്ക് മറുകരയിലുള്ള യുക്രെയ്ൻ നഗരമായ ഖേർസണിലേക്ക് വെടിവെയ്ക്കുന്നത് നിർത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖേർസൺ മേഖലയിലെ മുൻനിര അതിർത്തിയായ ഡിനിപ്രോ നദിയുടെ തെക്കേ തീരത്താണ് ഒലെഷ്കി സ്ഥിതി ചെയ്യുന്നത്. വെടിനിർത്തൽ ആരംഭിച്ചതായും തങ്ങളുടെ ഭാഗത്തുനിന്നുള്ള വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നുണ്ടെന്നും യുക്രേനിയൻ ചർച്ചാ സംഘത്തിന്റെ തലവനും മനുഷ്യാവകാശ കമ്മീഷണറുമായ ഡിമിട്രോ ലുബിനെറ്റ്സ് സ്ഥിരീകരിച്ചു.
2022 ഫെബ്രുവരിയിലെ അധിനിവേശത്തിന്റെ ആദ്യ നാളുകളിൽത്തന്നെ റഷ്യ പിടിച്ചെടുത്ത നഗരമാണ് ഒലെഷ്കി. യുദ്ധത്തിന് മുൻപ് 24,000 ജനങ്ങൾ താമസിച്ചിരുന്ന ഇവിടെ നിലവിൽ 200 കുട്ടികൾ ഉൾപ്പെടെ ആറായിരത്തോളം പേർ മാത്രമാണ് അവശേഷിക്കുന്നത്. ഇവർ കടുത്ത ഭക്ഷണക്ഷാമവും അവശ്യസാധനങ്ങളുടെ കുറവും നേരിടുകയായിരുന്നു.
മെലാനിയ ട്രംപിന്റെ നയതന്ത്ര ഇടപെടലുകളാണ് ഒലെഷ്കിയിലെ വെടിനിർത്തലിന് വഴിയൊരുക്കിയതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും സൈനികേതര സിവിലിയൻ നേതാക്കൾ ഒന്നിച്ച് ഒലെഷ്കിയിലെ താമസക്കാരുടെ വീടുകൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ വിലയിരുത്തുകയും ചെയ്യുമെന്ന് മെലാനിയ ട്രംപ് പത്രക്കുറിപ്പിൽ അറിയിച്ചു. റഷ്യ-ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട മാനുഷിക പ്രശ്നങ്ങളിൽ അവർ മുൻകൈയെടുക്കുന്നുണ്ട്. ലോകമെമ്പാടുമുള്ള കുട്ടികളെയും വരുംതലമുറകളെയും സംരക്ഷിക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഓഗസ്റ്റിൽ അവർ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന് കത്തയച്ചിരുന്നു.
Melania Trump’s intervention; ceasefire comes into effect in Russian-occupied Ukrainian city












