
ഷിക്കാഗോ: നഗരത്തിന്റെ പടിഞ്ഞാറ് വെസ്റ്റ് ഗാർഫീൽഡ് പാർക്കിൽ വെള്ളിയാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വൈകുന്നേരം 4:45 ഓടെ, വെസ്റ്റ് മെയ്പോൾ അവന്യൂവിലെ 4000 ബ്ലോക്കിലെ നടപ്പാതയ്ക്ക് സമീപത്താണ് വെടിയേറ്റനിലയിൽ നാലു പേരെ കണ്ടെത്തിയത്. രണ്ടു പേർ സംഭവസ്ഥലത്തു തന്നെ മരിച്ചനിലയിലായിരുന്നു. ഗുരുതരമായി തലക്ക് വെടിയേറ്റ സ്ത്രീ ആശുപത്രിയിൽ വച്ച് മരിച്ചു.
പുലാസ്കി റോഡിന്റെയും മെയ്പോൾ അവന്യൂവിന്റെയും മൂലയിലുള്ള ഒരു ബാർബർഷോപ്പിനും കൺവീനിയൻസ് സ്റ്റോറിനും പുറത്ത് ഒരു വാഹത്തിൽ എത്തിയ രണ്ടു പേർ പുറത്തിറങ്ങി തുരെതുരെ വെടിവയ്ക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. വെടിയേറ്റ നാലുപേരും വഴിയരികിൽ നിൽക്കുകയായിരുന്നു.
അക്രമികൾ വെടിവെപ്പിന് ശേഷം കാറിൽ രക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങൾ വർധിക്കുന്നതിൽ പ്രദേശവാസികൾ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികളെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും വെടിവെപ്പിന്റെ കാരണം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
3 dead in Chicago West Garfield Park shooting















