
ഹൂസ്റ്റൺ: ടെക്സാസിലെ വർദ്ധിച്ചുവരുന്ന ഇന്ത്യക്കെതിരെയുള്ള വംശീയ അധിക്ഷേപങ്ങൾക്കെതിരെ പരസ്യമായി വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ, പ്രമുഖ അമേരിക്കൻ കൺസർവേറ്റീവ് മാധ്യമ കൂട്ടായ്മയായ ‘കാമ്പസ് റിഫോം’ തങ്ങളെ പ്രോഗ്രാമിൽ നിന്നും പുറത്താക്കിയതായി ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥി വസന്ത് ഭട്ട് (21) അവകാശപ്പെട്ടു.
ഉന്നതവിദ്യാഭ്യാസ മേഖലയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന, വിദ്യാർത്ഥികളെ റിപ്പോർട്ടർമാരായി ഉപയോഗിക്കുന്ന മാധ്യമ വെബ്സൈറ്റാണ് കാമ്പസ് റിഫോം. ടെക്സാസിലെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കെൻ പാക്സ്റ്റനെതിരെ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജെയിംസ് തലാരിക്കോയ്ക്ക് വോട്ട് ചെയ്തതായി വസന്ത് വെളിപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് തനിക്കെതിരെ നടപടിയുണ്ടായതെന്ന് യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റ്റണിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ വസന്ത് പറഞ്ഞു. വസന്തിൻ്റെ ഓഥർ പേജ് കാമ്പസ് റിഫോം വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്തിട്ടുണ്ടെങ്കിലും, സംഘടന ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ നടത്തിയിട്ടില്ല.
“എൻ്റെ ഭരണഘടനാപരമായ അവകാശം വിനിയോഗിച്ച് മനസ്സാക്ഷിക്കനുസരിച്ച് ഞാൻ വോട്ട് ചെയ്തു. ഭാരതീയർക്കെതിരെയുള്ള വംശീയ വിദ്വേഷത്തിനെതിരെ സംസാരിക്കുകയും റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൾക്ക് അന്ധമായി അടിമപ്പെടാൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന് പ്രതികാരമായാണ് കാമ്പസ് റിഫോമിൻ്റെ കറസ്പോണ്ടൻ്റ് പ്രോഗ്രാമിൽ നിന്നുള്ള എൻ്റെ പങ്കാളിത്തം റദ്ദാക്കിയത്. ഒരു പ്രോഗ്രാമിലെ സ്ഥാനം നഷ്ടപ്പെട്ടു എന്ന് കരുതി എൻ്റെ വിശ്വാസങ്ങൾ പിൻവലിക്കാനോ എൻ്റെ സമൂഹത്തെ ഉപേക്ഷിക്കാനോ ഞാൻ തയ്യാറല്ല,” വസന്ത് തൻ്റെ എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
രണ്ടാം തലമുറ ഇന്ത്യൻ-അമേരിക്കൻ എന്ന നിലയിൽ തൻ്റെ സ്വത്വത്തിന് നേരെ വർദ്ധിച്ചുവരുന്ന വിദേശീയ വിദ്വേഷത്തിലും വംശീയമായ അമർഷത്തിലും താൻ അങ്ങേയറ്റം അസ്വസ്ഥനാണെന്ന് വസന്ത് മുൻപ് കുറിച്ചിരുന്നു. കഠിനാധ്വാനത്തിലൂടെയും ത്യാഗത്തിലൂടെയുമാണ് തൻ്റെ കുടുംബം അമേരിക്കൻ ചരിത്രത്തിൻ്റെ ഭാഗമായതെന്നും, തൻ്റെ സ്വന്തം രാജ്യത്ത് തന്നെ ഒരു ശാശ്വത വിദേശിയായി കാണുന്നത് സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ടെക്സസ് നിവാസികളായ മുഴുവൻ വോട്ടർമാരും പുറത്തിറങ്ങി ഇന്ത്യക്കെതിരായ വിദ്വേഷത്തെ വോട്ടിലൂടെ തള്ളിക്കളയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
മുൻപ് ടെക്സസ് സെനറ്റർ ടെഡ് ക്രൂസിൻ്റെ പ്രചാരണ വിഭാഗത്തിൽ ഇന്റേൺ ആയി പ്രവർത്തിച്ചിട്ടുള്ള വസന്ത് ഒരു കൺസർവേറ്റീവ് രാഷ്ട്രീയ പ്രവർത്തകനായാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിലെ ചില നേതാക്കളുടെ തീവ്ര നിലപാടുകൾ തൻ്റെ ചിന്തകളെ മാറ്റിമറിച്ചതായി വസന്ത് പറയുന്നു. ബോ ഫ്രെഞ്ചിനെപ്പോലെയുള്ള രാഷ്ട്രീയ നേതാക്കൾ ഇന്ത്യൻ വംശജരുടെ പൗരത്വത്തെ ചോദ്യം ചെയ്യുകയും, സാറാ ഗോൺസാലസിനെപ്പോലെയുള്ള വലതുപക്ഷ നിരീക്ഷകർ പതിനായിരക്കണക്കിന് ഇന്ത്യൻ-അമേരിക്കക്കാരെ കൂട്ടത്തോടെ നാടുകടത്തുന്നതിനെക്കുറിച്ച് പരസ്യമായി ചർച്ചകൾ നടത്തുകയും ചെയ്യുമ്പോൾ തനിക്ക് നിശ്ശബ്ദനായിരിക്കാൻ കഴിയില്ലെന്ന് വസന്ത് ഭട്ട് കൂട്ടിച്ചേർത്തു.
Retaliation for voting against racial hatred; complaint alleges that a student of Indian origin was expelled by a US media collective.











