
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിൽ പെയ്ത കനത്ത മഴയെത്തുടർന്ന് ഉണ്ടായ ശക്തമായ പ്രളയത്തിൽ എച്ച്പിസിഎൽ എൽപിജി ബോട്ട്‌ലിംഗ് പ്ലാൻ്റിൽ നിന്ന് മൂവായിരത്തോളം ഗ്യാസ് സിലിണ്ടറുകൾ ഒലിച്ചുപോയി. റായ്ഗഡ് പൻവേൽ താലൂക്കിലെ ചവാനെയിലുള്ള പ്ലാൻ്റിലാണ് സംഭവം നടന്നത്.
പ്രളയജലത്തിൽ ഒഴുകിപ്പോയ സിലിണ്ടറുകൾ പാതാൾഗംഗ നദിയിലൂടെ ഒഴുകിനടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിറച്ചതും അല്ലാത്തതുമായ സിലിണ്ടറുകളാണ് പ്ലാൻ്റിൽ നിന്ന് ഒലിച്ചുപോയത്. സംഭവത്തെ തുടർന്ന് പ്രദേശവാസികൾക്ക് ജില്ലാ ഭരണകൂടം കർശന ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നദീതീരത്ത് അടിയുന്നതോ ഒഴുകിനടക്കുന്നതോ ആയ സിലിണ്ടറുകളിൽ പൊതുജനങ്ങൾ യാതൊരു കാരണവശാലും തൊടുകയോ കൈകാര്യം ചെയ്യുകയോ അരുതെന്ന് റായ്ഗഡ് ജില്ലാ കളക്ടർ കിഷൻ ജാവാലെ അറിയിച്ചു.
സിലിണ്ടറുകൾ തുറന്നുനോക്കാനോ ഉപയോഗിക്കാനായി വീട്ടിലേക്ക് കൊണ്ടുപോകാനോ ആരും ശ്രമിക്കരുത്. ഇവയിൽ ഗ്യാസ് ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാത്തതിനാലും ചോർച്ചയുണ്ടാകാൻ സാധ്യതയുള്ളതിനാലും ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാം. സിലിണ്ടറുകൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പ്രാദേശിക ഭരണകൂടത്തെയോ എച്ച്പിസിഎൽ അധികൃതരെയോ വിവരമറിയിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
വിവിധ ഏജൻസികളുടെ സഹകരണത്തോടെ ഒലിച്ചുപോയ സിലിണ്ടറുകൾ കണ്ടെത്താനും സുരക്ഷിതമായി വീണ്ടെടുക്കാനുമുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ പുഴയോരങ്ങളിൽ പോകുന്നതിനും അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
3000 LPG cylinders washed away in Maharashtra floods! Collector warns of danger if touched















