
വാഷിംഗ്ടൺ: യുഎസിലെ വാഷിംഗ്ടണിൽ ഇന്ത്യൻ വംശജയായ യുവതി കൊല്ലപ്പെട്ട കേസിൽ ഭർത്താവായ തെലങ്കാന സ്വദേശി അറസ്റ്റിൽ. ബെല്ലെവ്യൂവിലെ അപ്പാർട്ട്‌മെൻ്റിൽ താമസിച്ചിരുന്ന 27 കാരിയായ രാജിത സബ്ബിനേനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഐടി ജീവനക്കാരനായ ഭർത്താവ് അവിനാഷ് നാർനെയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. മാസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണങ്ങൾക്കൊടുവിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
ഭർത്താവ് ഉണ്ടാക്കി നൽകിയ പാനീയങ്ങളുടെ രുചിവ്യത്യാസത്തെക്കുറിച്ച് രാജിത സുഹൃത്തുക്കൾക്കും ഭർത്താവിനും അയച്ച സന്ദേശങ്ങളാണ് കേസിൽ നിർണായക തെളിവായി മാറിയത്.
കൊല്ലപ്പെടുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ഭർത്താവ് തയ്യാറാക്കി നൽകിയ പാനീയങ്ങൾക്ക് (സ്മൂത്തിക്ക്) “ചുമയ്ക്കുള്ള സിറപ്പിൻ്റെ” രുചിയാണെന്ന് രാജിത പരാതിപ്പെട്ടിരുന്നു. മരണദിവസവും രാജിത ഇതേക്കുറിച്ച് അവിനാഷിന് മെസ്സേജ് അയച്ചിരുന്നു. കൊലപാതകത്തിന് മുൻപ് പലതവണ അവിനാഷ് ഭാര്യയ്ക്ക് വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായാണ് പൊലീസ് നിഗമനം. പ്രതിയുടെ ഫോണിൽ നിന്ന് വിഷവസ്തുക്കളെക്കുറിച്ചുള്ള ഇൻ്റർനെറ്റ് തിരച്ചിലുകളുടെ വിവരങ്ങളും പൊലീസിന് ലഭിച്ചു.
ഭാര്യ അപ്പാർട്ട്‌മെൻ്റിൽ കുഴഞ്ഞുവീണതാണെന്നും താൻ പുറത്തുപോയ സമയത്ത് മറ്റാരോ അകത്തുകടന്ന് അപായപ്പെടുത്തിയതാകാം എന്നുമായിരുന്നു അവിനാഷ് ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ അപ്പാർട്ട്‌മെൻ്റിലെ ‘സ്മാർട്ട് ലോക്ക്’, സെക്യൂരിറ്റി സിസ്റ്റം എന്നിവ പരിശോധിച്ചതിൽ നിന്ന് അവിനാഷ് പുറത്തുപോയ സമയത്ത് മറ്റാരും വീട്ടിൽ കയറിയിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ അവിനാഷിൻ്റെ വാദങ്ങൾ പൊളിഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രാജിതയുടേത് ശ്വാസംമുട്ടിച്ചുള്ള മരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
കൊലപാതകത്തിന് പിന്നിൽ വഴിവിട്ട ബന്ധം
ഇന്ത്യയിലുള്ള മറ്റൊരു സ്ത്രീയുമായി അവിനാഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. രാജിത മരിച്ച ദിവസവും ഇയാൾ കാമുകിയുമായി പലതവണ ഫോണിൽ സംസാരിച്ചിരുന്നു. കൊലപാതകം നടത്തിയതിന് തൊട്ടടുത്ത ദിവസം രാജിതയുടെ മൃതദേഹത്തിൻ്റെ ചിത്രം ഇയാൾ കാമുകിക്ക് അയച്ചുകൊടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ആസൂത്രിത കൊലപാതകം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ 5 മില്യൺ യുഎസ് ഡോളർ (ഏകദേശം 4.3 കോടി രൂപ) ജാമ്യത്തുകയിൽ കസ്റ്റഡിയിലാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ വാഷിംഗ്ടൺ നിയമപ്രകാരം പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിക്കും.
“Smoothie tastes like cough medicine”; Chat details crucial in US case of Indian woman strangled to death by husband















