യു.എസിൽ ട്രാൻസിറ്റ് ബസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറി വൻ അപകടം; 28 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

വാഷിംഗ്ടൺ: യു.എസിലെ മേരിലാൻഡിൽ യാത്രാബസ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലും കെട്ടിടത്തിലും ഇടിച്ചുകയറി 28 പേർക്ക് പരിക്കേറ്റു. ബാൾട്ടിമോർ കൗണ്ടിയിലെ പൈക്‌സ്‌വില്ലിലുള്ള റീസ്റ്റർസ്റ്റൗൺ റോഡിൽ ബുധനാഴ്ച വൈകുന്നേരം 5:48 ഓടെയാണ് സംഭവം. അപകടത്തെ തുടർന്ന് പ്രദേശത്ത് അതീവ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

മേരിലാൻഡ് ട്രാൻസിറ്റ് അഡ്മിനിസ്ട്രേഷൻ്റെ ബസാണ് അപകടമുണ്ടാക്കിയത്. ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് റോഡിലുണ്ടായിരുന്ന ഏഴോളം മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിച്ച ശേഷമാണ് സമീപത്തെ ഫെഡെക്സ് ഓഫിസ് കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ ഒരു കാർ റോഡരികിലേക്ക് തലകീഴായി മറിഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

അപകടത്തെ തുടർന്ന് ബസിനുള്ളിലും തകർന്ന കാറിനുള്ളിലും കുടുങ്ങിപ്പോയ രണ്ട് പേരെ അഗ്നിശമന സേനാംഗങ്ങൾ കഠിനപ്രയത്നത്തിലൂടെയാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ വ്യക്തിയെ ഉടൻ തന്നെ ഹെലികോപ്റ്റർ മാർഗ്ഗം സമീപത്തെ അത്യാഹിത വിഭാഗം ട്രോമ കെയർ സെൻ്ററിലേക്ക് മാറ്റി. 15-ലധികം ആംബുലൻസുകളാണ് രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തിയത്.

അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുത ലൈനുകൾ തകരുകയും റീസ്റ്റർസ്റ്റൗൺ റോഡിലൂടെയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു. മേരിലാൻഡ് ഗവർണർ വെസ് മൂർ അപകടത്തിൽ ആശങ്ക രേഖപ്പെടുത്തുകയും രക്ഷാപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും ചെയ്തു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ ബാൾട്ടിമോർ കൗണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Major accident in US as transit bus crashes into building; 28 injured, one in critical condition

More Stories from this section

family-dental
witywide