
ഫിനിക്സ് (അരിസോണ): സ്വിമ്മിംഗ് പൂളിൽ വീണ് മുങ്ങിമരിച്ചെന്ന് ഡോക്ടർമാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ഒന്നര വയസുകാരൻ മോർച്ചറിയിൽ വച്ച് ജീവൻ തിരിച്ചുപിടിച്ചു. അരിസോണയിലെ ഗിൽബെർട്ടിലുള്ള മെഴ്സി ഗിൽബെർട്ട് മെഡിക്കൽ സെൻ്ററിലാണ് മെഡിക്കൽ ലോകത്തെത്തന്നെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. വിൻസെൻ്റ് ലോറെൻസോ ഫിയോർഡിലിനോ എന്ന 18 മാസം പ്രായമുള്ള കുഞ്ഞാണ് അത്ഭുതകരമായി മരണവക്ത്രത്തിൽ നിന്നും രക്ഷപെട്ടത്.
ഫെബ്രുവരി 8-ന് കുടുംബാംഗങ്ങൾ സൂപ്പർ ബോൾ മത്സരം കാണാൻ ഒത്തുകൂടിയപ്പോഴാണ് 18 മാസം പ്രായമുള്ള കുഞ്ഞ് വീടിന് പിന്നിലെ നീന്തൽക്കുളത്തിൽ വീണത്. അബോധാവസ്ഥയിലായ കുട്ടിയെ ഉടൻ തന്നെ മേഴ്സി ഗിൽബെർട്ട് മെഡിക്കൽ സെന്ററിൽ എത്തിച്ചു. എന്നാൽ അടിയന്തര വിഭാഗത്തിലെ ഡോക്ടർ ആര്യൻ തൂസി പരിശോധനകൾക്ക് ശേഷം കുഞ്ഞ് മരിച്ചതായി പ്രഖ്യാപിച്ചു. ഈ സമയത്ത് കുഞ്ഞ് നേരിയ രീതിയിൽ ശ്വാസമെടുക്കുന്നുണ്ടെന്ന് അവിടെയുണ്ടായിരുന്ന പൊലീസുകാരും നേഴ്സും ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും, അത് വെറും അപ്നിയ പ്രതിഭാസമാണെന്ന് പറഞ്ഞ് ഡോക്ടർ അവഗണിക്കുകയായിരുന്നു. “നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ, എന്നെ എന്റെ ജോലി ചെയ്യാൻ അനുവദിക്കൂ. ഞാൻ ചുമ്മാതെയല്ല മെഡിക്കൽ സ്കൂളിൽ പഠിച്ചത്” എന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് വൈകുന്നേരം 18:20-ഓടെ കുട്ടി മരിച്ചതായി ഡോക്ടർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ഒരു നിമിഷം മൗനം ആചരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിൻ്റെ ബോഡികാം ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.
തുടർന്ന് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. മരണം പ്രഖ്യാപിച്ച് ഏകദേശം 5 മണിക്കൂറുകൾക്ക് ശേഷം മൃതദേഹം ഔദ്യോഗിക നടപടികൾക്കായി ഏറ്റുവാങ്ങാൻ എത്തിയ മെഡിക്കൽ എക്സാമിനർ സംഘമാണ് കുഞ്ഞിൻ്റെ ശരീരത്തിൽ ചലനവും ശ്വാസവുമുള്ളതായി കണ്ടെത്തിയത്. ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കുഞ്ഞിനെ മറ്റൊരു പ്രമുഖ കുട്ടികളുടെ ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. കുഞ്ഞ് നിലവിൽ അപകടാവസ്ഥ തരണം ചെയ്ത് പൂർണ്ണ ആരോഗ്യവാനായി തിരികെ ജീവിതത്തിലേക്ക് എത്തിക്കഴിഞ്ഞു.
അതേസമയം, ഗുരുതരമായ മെഡിക്കൽ വീഴ്ച വരുത്തിയ ഡോക്ടർക്കെതിരെയും ആശുപത്രി അധികൃതർക്കെതിരെയും നിലവിൽ ശക്തമായ അന്വേഷണം നടന്നുവരികയാണ്. കൂടാതെ, കുഞ്ഞിനെ ശ്രദ്ധിക്കുന്നതിൽ വീഴ്ച വരുത്തിയതിന് മാതാപിതാക്കൾക്കെതിരെയും പൊലീസ് നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ചികിത്സാ രേഖകൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കുട്ടിയുടെ മാതാപിതാക്കൾക്കെതിരെ അശ്രദ്ധയ്ക്ക് കേസെടുക്കാൻ പൊലീസ് ശുപാർശ ചെയ്തിട്ടുണ്ട്. സംഭവം നടന്ന സമയത്ത് വീട്ടിൽ കഞ്ചാവിൻ്റെ ശക്തമായ മണമുണ്ടായിരുന്നുവെന്നും, മാതാപിതാക്കളുടെ അശ്രദ്ധ കാരണമാണ് കുട്ടി നീന്തൽക്കുളത്തിലേക്ക് എത്തിയതെന്നുമാണ് പൊലീസ് നിഗമനം. കേസ് എടുക്കുന്ന കാര്യത്തിൽ കൗണ്ടി അറ്റോർണി ഓഫീസ് അന്തിമ തീരുമാനമെടുക്കും.
Five hours of miracles! Thought dead, baby Vincent finally returns alive after being taken to the morgue















