
അങ്കാറ: ഇറാൻ്റെ വധഭീഷണിപ്പട്ടികയിൽ താനാണ് ഒന്നാം സ്ഥാനത്തെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനെ ഒരു കാരണവശാലും ആണവായുധങ്ങൾ കൈവരിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തൻ്റെ ഭരണകൂടം സ്വീകരിച്ച സൈനിക നടപടികളെ ശക്തമായി ന്യായീകരിച്ചു.
“ഞാനാണ് അവരുടെ ഒന്നാമത്തെ ലക്ഷ്യം. അവരുടെ മുൻ നേതാക്കൾ ഇല്ലാതായി, ഇപ്പോൾ പുതിയ ആളുകൾ വന്നിട്ടുണ്ട്. അവരും നാളെ ഇല്ലാതായേക്കാം. ചിലപ്പോൾ ഞാനും ഇല്ലാതായേക്കാം, കാരണം ഞാൻ അവരുടെ പ്രധാന ലക്ഷ്യമാണ്,” ട്രംപ് പറഞ്ഞു. 2020-ൽ ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ യുഎസ് വധിച്ചതിന് ശേഷം തന്നെ ലക്ഷ്യമിടാൻ ഇറാൻ ശ്രമിക്കുന്നതായി ട്രംപ് ആരോപിച്ചു. “ഭ്രാന്തന്മാരുടെ കൈകളിൽ ആണവായുധങ്ങൾ കിട്ടാൻ അനുവദിക്കരുത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Trump:
— Clash Report (@clashreport) July 8, 2026
I’m the number one on the kill list for Iran.
I don’t really care, I’m doing my job. pic.twitter.com/9bnrWxzlkd
അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ സൈനിക നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ഇതൊരു വലിയ യുദ്ധത്തിലേക്ക് വഴിമാറില്ലെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. “അവർ ഏതാനും കപ്പലുകളെ ആക്രമിച്ചു, ഞങ്ങൾ അതിനേക്കാൾ ശക്തമായി തിരിച്ചടിച്ചു. ഇനി ഒരു സംഘർഷമുണ്ടായാൽ അത് വളരെ പെട്ടെന്ന് അവസാനിക്കും. അത് എണ്ണക്കപ്പലുകളുടെ സുരക്ഷ ഉൾപ്പെടെ മേഖലയിലെ സമാധാനം വർദ്ധിപ്പിക്കുകയേ ഉള്ളൂ,” ട്രംപ് വ്യക്തമാക്കി.
ട്രംപ് കരുത്തിൻ്റെ ഭാഷ മാത്രമേ മനസ്സിലാക്കൂ എന്നും, അതിനാൽ അതേ ഭാഷയിൽ തന്നെ മറുപടി നൽകുമെന്നും ഇറാൻ്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പ്രതികരിച്ചു. യുഎസ് വീണ്ടുമൊരു സൈനിക ആക്രമണം നടത്തിയാൽ തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാൻ്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒന്നിന് രണ്ടെന്ന അനുപാതത്തിൽ ശത്രുക്കളെ തിരിച്ചടിക്കുമെന്നും, യുഎസുമായുള്ള കരാറുകൾ പരസ്പര വിശ്വാസത്തിലല്ല, മറിച്ച് കടമകൾ പാലിക്കുന്നതിലാണ് അധിഷ്ഠിതമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
“I am number one on Iran’s death threat list, I will not put nuclear weapons in the hands of madmen,” Trump said.















