
വാഷിംഗ്ടൺ: മീനു ബത്ര… അമേരിക്കയിലെ ഇമിഗ്രേഷൻ കോടതികളിൽ കഴിഞ്ഞ 20 വർഷമായി മൂന്ന് ഭാഷകൾ സംസാരിച്ച് മറ്റുള്ളവർക്ക് നീതി വാങ്ങി നൽകാൻ സഹായിച്ച ഒരു പരിഭാഷക. എന്നാൽ ഇന്ന് അതേ നിയമവ്യവസ്ഥയ്ക്ക് മുന്നിൽ സ്വന്തം അസ്തിത്വം തെളിയിക്കാനാവാതെ തടവറയ്ക്കുള്ളിലാണ് 53-കാരിയായ മീനു ബത്ര.
1980-കളിലെ സിഖ് വിരുദ്ധ കലാപത്തിനിടയിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരു പെൺകുട്ടി, മെച്ചപ്പെട്ട ജീവിതം തേടിയാണ് 35 വർഷം മുൻപ് അമേരിക്കയിലെത്തുന്നത്. അവിടെ അവൾ വളർന്നു, നാല് മക്കളുടെ അമ്മയായി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ടെക്സസിലെ കോടതികളിൽ ഹിന്ദി, പഞ്ചാബി, ഉറുദു ഭാഷകളിൽ പരിഭാഷകയായി ജോലി ചെയ്ത് ആ നാടിൻ്റെ നിയമവ്യവസ്ഥയുടെ തന്നെ ഭാഗമായി മാറി.
ഇക്കഴിഞ്ഞ മാർച്ച് 17-ന് എല്ലാം മാറി മറഞ്ഞു. ഒരു കോടതി ആവശ്യത്തിനായി വിസ്കോൺസിനിലേക്ക് പോകാൻ എയർപോർട്ടിലെത്തിയതായിരുന്നു മീനു. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ അപ്രതീക്ഷിതമായി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അവരെ തടഞ്ഞു. 2000-ൽ എപ്പോഴോ പുറപ്പെടുവിച്ച പഴയൊരു ‘നാടുകടത്തൽ ഉത്തരവ്’ ചൂണ്ടിക്കാട്ടി ഐസിഇ (ICE) അവരെ കസ്റ്റഡിയിലെടുത്തു.
തൻ്റെ ജീവിതത്തിൻ്റെ ഭൂരിഭാഗവും ചെലവഴിച്ച രാജ്യം തന്നെ പെട്ടെന്നൊരു ദിവസം ‘അന്യ’യായി കാണുന്നതിൻ്റെ ഞെട്ടലിലാണ് മീനു. ഏറ്റവും വേദനാജനകമായ കാര്യം, അവരുടെ ഏറ്റവും ഇളയ മകൻ അടുത്തിടെയാണ് അമേരിക്കയെ സേവിക്കാനായി യുഎസ് സൈന്യത്തിൽ ചേർന്നത്. മകൻ രാജ്യത്തിൻ്റെ അതിർത്തി കാക്കുമ്പോൾ, അമ്മ അതേ രാജ്യത്തെ ഡിറ്റൻഷൻ സെൻ്ററിൽ ഇന്ത്യയിലേക്ക് നാടുകടത്തപ്പെടുമോ എന്ന ഭീതിയിൽ കഴിയുന്നു. എന്നാൽ, 2000-ൽ ഒരു ഇമിഗ്രേഷൻ ജഡ്ജി മീനുവിന് ‘വിത്ത്‌ഹോൾഡിംഗ് ഓഫ് റിമൂവൽ’ (നാടുകടത്തൽ തടഞ്ഞുകൊണ്ടുള്ള സംരക്ഷണം) അനുവദിച്ചിരുന്നു. ഇത് നൽകുന്ന ആത്മവിശ്വാസത്തിലാണ് അവർ അമേരിക്കയിൽ ജീവിച്ചതും നാല് മക്കളെ വളർത്തിയതും. “ഞാൻ ഇവിടെ നിയമപരമായാണ് കഴിയുന്നത്, എനിക്ക് ജോലി ചെയ്യാനും ജീവിക്കാനും അവകാശമുണ്ട്. അതുകൊണ്ട് തന്നെ എനിക്ക് ഭയമില്ല,” എന്ന് ഡിറ്റൻഷൻ സെന്ററിൽ നിന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ മീനു പറഞ്ഞു.
ഇന്ത്യയിൽ ഇപ്പോൾ ആരുമില്ലാത്ത, ഇന്ത്യയുമായി ബന്ധമൊന്നുമില്ലാത്ത മീനുവിനെ എങ്ങോട്ട് നാടുകടത്തും എന്നത് വലിയൊരു ചോദ്യമാണ്. “ഇതൊരു മാനുഷിക ദുരന്തമാണ്,” എന്നാണ് അവരുടെ അഭിഭാഷകർ ഈ സംഭവത്തെ വിശേഷിപ്പിക്കുന്നത്. നിയമത്തിൻ്റെ നൂലാമാലകൾക്കിടയിൽ ഒരു കുടുംബത്തിൻ്റെ സന്തോഷവും ഒരു സ്ത്രീയുടെ ജീവിതവുമാണ് ഇപ്പോൾ എൽ വാലെ ഡിറ്റൻഷൻ സെൻ്ററിലെ ഇരുമ്പഴികൾക്കുള്ളിൽ വീർപ്പുമുട്ടുന്നത്.
‘തകർക്കുന്നത് ഒരു കുടുംബത്തെ’ എന്ന് മകൾ
തകർന്ന ഇമിഗ്രേഷൻ നിയമങ്ങൾ കുടുംബങ്ങളെ വേർപെടുത്തുകയാണെന്നും തൻ്റെ അമ്മയെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് മകൾ അമൃത സിംഗ് രംഗത്തെത്തിയിട്ടുണ്ട്. “സങ്കൽപ്പിക്കാനാവാത്ത ദുഖങ്ങൾക്കിടയിലും ബാക്കിയുള്ള കുടുംബാംഗങ്ങളോടൊപ്പം ചേരാനാണ് അമ്മ ഇവിടെയെത്തിയത്. കഴിഞ്ഞ 35 വർഷമായി അമ്മ ഈ നാടിൻ്റെ ഭാഗമാണ്,” അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചു. “കുടുംബങ്ങളെ തകർക്കുന്നതിലൂടെ ആർക്കാണ് ലാഭം? കുടിയേറ്റക്കാരാൽ നിർമ്മിക്കപ്പെട്ട ഈ രാജ്യത്ത് ഒരു കുടിയേറ്റക്കാരിയുടെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു,” അമൃതയുടെ വാക്കുകളിൽ പ്രതിഷേധവും വേദനയും നിറയുന്നു.
“90-കളുടെ തുടക്കത്തിൽ എൻ്റെ മുത്തശ്ശനും മുത്തശ്ശിയും ദാരുണമായി മരണപ്പെട്ടതിനെത്തുടർന്നാണ് അമ്മ ഇന്ത്യയിൽ നിന്ന് ഈ രാജ്യത്തേക്ക് (അമേരിക്ക) കുടിയേറിയത്. സങ്കൽപ്പിക്കാനാവാത്ത ദുഖവും ആഘാതവും അനുഭവിച്ചിട്ടും, തന്റെ ബാക്കിയുള്ള കുടുംബാംഗങ്ങളുമായി ഒന്നിച്ചു കഴിയാനാണ് അമ്മ അമേരിക്കയിലേക്ക് വന്നത്. ഇവിടെ എത്തിയ ഉടൻ അവർ അഭയത്തിനായി അപേക്ഷിച്ചു. 9 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2000-ൽ ന്യൂജേഴ്‌സിയിലെ നെവാർക്കിലുള്ള ഒരു ഇമിഗ്രേഷൻ ജഡ്ജി അവർക്ക് ‘വിത്ത്‌ഹോൾഡിംഗ് ഓഫ് റിമൂവൽ’ (നാടുകടത്തൽ തടഞ്ഞുകൊണ്ടുള്ള സംരക്ഷണം) അനുവദിച്ചു. ആ നിയമപരിരക്ഷയോടെ കഴിഞ്ഞ 35 വർഷമായി അവർ അമേരിക്കയിൽ ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു,” അമൃത കുറിച്ചു.
അമൃത, ലൂക്കാസ്, ആര്യൻ, ജാസ്പർ എന്നീ നാല് സഹോദരങ്ങൾ സിബിഎസ് ന്യൂസിന് അഭിമുഖം നൽകുകയും അമ്മയുമായി വീഡിയോ കോളിൽ സംസാരിക്കുകയും ചെയ്തു. “കഠിനാധ്വാനം ചെയ്തും നാല് മക്കളെ തനിയെ വളർത്തിയുമാണ് ഞാൻ തികച്ചും സത്യസന്ധമായ ഒരു ജീവിതം നയിച്ചത്. എൻ്റെ ജോലി തന്നെ അതിന് തെളിവാണ്,” സിബിഎസ് അഭിമുഖത്തിൽ ബത്ര പറഞ്ഞു. തൻ്റെ ‘വിത്ത്‌ഹോൾഡിംഗ് ഓഫ് റിമൂവൽ’ എന്ന സ്റ്റാറ്റസിനെക്കുറിച്ച് ചോദിച്ചപ്പോൾ മീനു ബത്ര മറുപടി നൽകിയത് ഇങ്ങനെയാണ്: “ഞാൻ ഇവിടെയുണ്ട്, ഞാൻ നിയമപരമായാണ് ഇവിടെ കഴിയുന്നത്, എന്നെ നാടുകടത്താൻ കഴിയില്ല. അതുകൊണ്ട് തന്നെ എനിക്ക് ഒന്നിനെക്കുറിച്ചും ആശങ്കപ്പെടാനില്ല. എനിക്ക് ഇവിടെ ജീവിക്കാനും ജോലി ചെയ്യാനും സാധിക്കും. അത് മാത്രമാണ് ഞാൻ ആഗ്രഹിച്ചതും.”
35 years of American life; finally branded a foreigner and sent to prison: Meenu Batra’s tearful story














