
തേനി: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി തെക്കമ്പട്ടി ജില്ലാ ജയിലിൽനിന്ന് സിനിമയെ വെല്ലുന്ന രീതിയിൽ 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. തടവുകാരിൽ ഒരാൾ അപസ്മാരം അഭിനയിക്കുകയും, ഇതുകണ്ട് സെൽ തുറന്ന ജയിൽ ജീവനക്കാരെ കൂട്ടത്തോടെ ആക്രമിച്ച് കീഴടക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ മൂന്ന് ജയിൽ ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയുടെ നില ആശങ്കാജനകമാണ്. മറ്റ് രണ്ട് ജീവനക്കാരുടെ പരിക്ക് ഗുരുതരമല്ല.
തടവുചാടിയ സംഭവത്തിന് പിന്നാലെ പോലീസ് നടത്തിയ വ്യാപക തെരച്ചിലിൽ നാല് പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി. തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരാണ് അറസ്റ്റിലായത്. ബാക്കി 13 പേർക്കായി തമിഴ്നാട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
രക്ഷപ്പെട്ട തടവുകാർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് കേരള-തമിഴ്നാട് അതിർത്തികളിൽ കനത്ത ജാഗ്രതാ നിർദ്ദേശം നൽകി. കുമളി, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ അതിർത്തി ചെക്പോസ്റ്റുകളിൽ പോലീസും എക്സൈസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ ആരെയും കണ്ടാൽ ഉടൻ പോലീസിൽ വിവരമറിയിക്കണമെന്ന് അതിർത്തി മേഖലകളിൽ നിർദ്ദേശം നൽകിയിട്ടുണ്ട്.
4 of 17 Escapees from Theni Jail Captured; High Alert Along Kerala Border














