ഫിലിപ്പീൻസിന്റെ രണ്ട് വ്യോമസേനാ വിമാനങ്ങൾ മനിലയ്ക്ക് സമീപം പരിശീലന പറക്കലിനിടെ കൂട്ടിയിടിച്ച് നാല് പൈലറ്റുമാർ മരിച്ചു. വെള്ളിയാഴ്ച ഫെർണാണ്ടോ വ്യോമതാവളത്തിലായിരുന്നു അപകടം. ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഫിലിപ്പീൻസ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.
ഒക്ടോബർ 23ന് പ്രാദേശിക സമയം വൈകിട്ട് 3.51നാണ് SF-260 വിഭാഗത്തിൽപ്പെട്ട രണ്ട് വിമാനങ്ങൾ അപകടത്തിൽപ്പെട്ടത്. വ്യോമതാവളത്തിന്റെ പരിധിക്കുള്ളിൽ തന്നെയാണ് വിമാനങ്ങൾ തകർന്നുവീണത്. മറ്റ് ആർക്കും പരുക്കേൽക്കുകയോ ജീവൻ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി.
അപകടകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി SF-260 വിഭാഗത്തിൽപ്പെട്ട എല്ലാ വിമാനങ്ങളുടെയും പറക്കൽ താൽക്കാലികമായി നിർത്തിവച്ചു. മരിച്ച നാല് പൈലറ്റുമാരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങൾ നൽകിവരികയാണെന്നും രാജ്യത്തിനായുള്ള അവരുടെ സേവനത്തെയും ത്യാഗത്തെയും ആദരിക്കുന്നതായും വ്യോമസേന അറിയിച്ചു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സൈന്യം പുറത്തുവിട്ടിട്ടില്ല. എന്നാൽ, രണ്ട് വിമാനങ്ങളും ആകാശത്തുവച്ച് കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സംഭവത്തെക്കുറിച്ച് അറിവുള്ള രണ്ട് ഫിലിപ്പീൻസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. രണ്ട് പേർക്ക് യാത്ര ചെയ്യാവുന്ന വിമാനങ്ങളിലൊന്ന് വ്യോമതാവളത്തിലെ സൈനികരുടെ താമസകേന്ദ്രത്തിന് സമീപമാണ് തകർന്നുവീണതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്.
4 pilots killed as two Philippine military aircraft collide mid-air near Manila













