കാനഡയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവം; ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് 6 വർഷം തടവ്

ടൊറന്റോ: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർക്ക് ആറ് വർഷം തടവ് ശിക്ഷ വിധിച്ച് കാനഡയിലെ കോടതി. 2022ൽ നടന്ന വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിലാണ് 30കാരനായ ബൽജീത് സിങ്ങിന് ക്യൂബെക് കോടതി ശിക്ഷ വിധിച്ചത്. 10 വർഷത്തേക്ക് വാഹനമോടിക്കുന്നതിനും വിലക്കുണ്ട്. ബുധനാഴ്ചയാണ് ക്യൂബെക് കോടതി ജഡ്ജി സാഷ ബ്ലെയ്‌സ് ശിക്ഷ പ്രഖ്യാപിച്ചത്.

അപകടകരമായി വാഹനമോടിച്ച് മരണത്തിനും പരിക്കിനും കാരണമായെന്ന കുറ്റം സിങ് ഏപ്രിലിൽ സമ്മതിച്ചിരുന്നു. മോൺട്രിയലിന് സമീപത്തെ ഹൈവേയിൽ ട്രാക്ടർ-ട്രെയിലർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരുന്നതായും അദ്ദേഹം സമ്മതിച്ചു. 2022 ജൂലൈ 19നുണ്ടായ അപകടത്തിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിക്കുകയും 42കാരിയായ നാൻസി ലെഫ്രാൻസ്വയും അവരുടെ 11കാരനായ മകൻ ലോയിക് ഷെവലിയറും മരിക്കുകയും ചെയ്തിരുന്നു. സിങ്ങിന്റെ ഡ്രൈവിങ് അശ്രദ്ധമായിരുന്നെന്നും മറ്റുള്ളവരുടെ ജീവന് അദ്ദേഹം വിലകൽപ്പിച്ചില്ലെന്നും ജഡ്ജി കുറ്റപ്പെടുത്തി. റോഡിൽ വാഹനമോടിക്കുന്നതിനിടെ വീഡിയോ ഗെയിം കളിച്ച സിങ്ങിന്റെ നടപടിയെ ‘തീർത്തും വിവേകശൂന്യമായത്’ എന്നും കോടതി വിശേഷിപ്പിച്ചു.

കോടതിയിൽ സമർപ്പിച്ച വസ്തുതാ രേഖ പ്രകാരം, പ്രാദേശിക നിയമനിർവഹണ ഏജൻസിയായ സ്യൂറെറ്റേ ദു ക്യൂബെക് ഉദ്യോഗസ്ഥരുമായി സ്വമേധയാ കൂടിക്കാഴ്ച നടത്തിയ ശേഷം സിങ് ഇന്ത്യയിലേക്ക് കടന്നിരുന്നു. അപകടത്തെക്കുറിച്ച് ഓർമയില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞത്. 2023ൽ കാനഡയിലുടനീളം പ്രാബല്യമുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 2025 ഓഗസ്റ്റ് 21ന് സിങ്ങിനെ അമേരിക്കയിൽ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും വിചാരണ നേരിടുന്നതിനായി കാനഡയിലേക്ക് തിരിച്ചയക്കുകയും ചെയ്തു. അപകടത്തിൽ തനിക്ക് ഉണ്ടായ പങ്കിൽ സിങ് ഖേദം പ്രകടിപ്പിച്ചതായും കോടതി അറിയിച്ചു.

അപകടത്തിൽ മരിച്ചവരോടും അവരുടെ കുടുംബാംഗങ്ങളോടും സ്വന്തം കുടുംബത്തോടും അദ്ദേഹം ഖേദം പ്രകടിപ്പിച്ചതായി കോടതിയെ അറിയിച്ചു. സിങ്ങിന്റെ ഡാഷ്‌കാം ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, അപകടത്തിന് മുമ്പുള്ള മൂന്ന് യാത്രകളിലായി 40ലേറെ ഗതാഗത നിയമലംഘനങ്ങൾ അദ്ദേഹം നടത്തിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Canadian judge has sentenced an Indian-origin truck driver to six years in jail for his part in a major traffic mishap in 2022 that claimed two lives

More Stories from this section

family-dental
witywide