പശ്ചിമ ആഫ്രിക്കൻ തീരത്തിനു സമീപം സഞ്ചരിക്കുന്ന ക്രൂയിസ് കപ്പലായ MV Hondiusൽ കണ്ടെത്തിയ ഹാന്റാവൈറസ് ബാധയെ തുടർന്ന് ക്രൂയിസ് കപ്പലിൽ നിന്നിറങ്ങിയ യാത്രക്കാരെ അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങൾ നിരീക്ഷിക്കുന്നു. യാത്രക്കാർ ഇറങ്ങിയ അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ജാഗ്രത ശക്തമാക്കി. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ കഴിയുന്ന അപൂർവമായ Andes strain വൈറസാണിതെന്ന് ലോകാരോഗ്യ സംഘടന (WHO) സ്ഥിരീകരിച്ചു.
ഹാന്റാവൈറസ് കേസുകൾ സ്ഥിരീകരിക്കുന്നതിന് മുമ്പ് കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രക്കാരെ കുറഞ്ഞത് 12 രാജ്യങ്ങൾ നിരീക്ഷിക്കുന്നതായി WHO അറിയിച്ചു. അമേരിക്ക, കാനഡ, ബ്രിട്ടൻ, ജർമനി, നെതർലാൻഡ്സ്, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങൾ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിലെ ജോർജിയ, ടെക്സാസ്, വെർജീനിയ, അരിസോണ, കാലിഫോർണിയ സംസ്ഥാനങ്ങളിലെ ചില യാത്രക്കാരെ ആരോഗ്യവകുപ്പുകൾ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
കപ്പലിൽ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് ഇറങ്ങിയ യാത്രക്കാരിൽ അപൂർവവും മാരകവുമായ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കാണുന്നുണ്ടോ എന്നാണ് അമേരിക്കയിലെ അഞ്ച് സംസ്ഥാനങ്ങൾ നിരീക്ഷണം നടത്തുന്നത്. ജോർജിയയിലും ടെക്സാസിലും രണ്ട് പേർ വീതവും, വെർജീനിയയിൽ ഒരാളും, അരിസോണയിൽ ഒരാളും, കാലിഫോർണിയയിൽ വ്യക്തമാക്കാത്ത എണ്ണമാളുകളും നിരീക്ഷണത്തിലാണെന്ന് സംസ്ഥാന ആരോഗ്യ വകുപ്പുകൾ അറിയിച്ചു. ഇവരിൽ ആരും ഇപ്പോൾ രോഗലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കപ്പലിൽ ഉണ്ടായിരുന്ന മൂന്ന് പേർ മരണപ്പെട്ടതായി WHO സ്ഥിരീകരിച്ചു. നെതർലാൻഡ്സിൽ നിന്നുള്ള ദമ്പതികളും ജർമനിയിൽ നിന്നുള്ള ഒരു സ്ത്രീയും മരിച്ചവരിൽ ഉൾപ്പെടുന്നു.ഡച്ച് ദമ്പതികളിൽ ഭർത്താവ് ഏപ്രിൽ 11-ന് കപ്പലിൽവെച്ചാണ് മരിച്ചത്. പിന്നീട് ഭാര്യയും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ ചികിത്സയ്ക്കിടെ മരിച്ചു.
കപ്പലിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്ന ഒരു ബ്രിട്ടീഷ് പൗരനിലാണ് ആദ്യം ഹാന്റാവൈറസ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി WHO അറിയിച്ചു.ദക്ഷിണാഫ്രിക്കൻ ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചതനുസരിച്ച്, രോഗബാധിതരിൽ കണ്ടെത്തിയത് Andes strain വൈറസാണ്. സാധാരണ ഹാന്റാവൈറസ് എലികളുമായി സമ്പർക്കത്തിലൂടെയാണ് പകരുന്നത്. എന്നാൽ Andes strain മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ കഴിവുള്ള അപൂർവ വകഭേദമാണ്.
“മുൻപ് ഉണ്ടായ ഹാന്റാ വൈറസ് പടരുന്നത് അടുത്ത സമ്പർക്കത്തിലൂടെയായിരുന്നു. ഇപ്പോഴത്തെ സാഹചര്യവും അതുപോലെയാണെന്ന് തോന്നുന്നു,” WHO ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രെയേസസ് വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വിഷയത്തിൽ പ്രതികരിച്ചു. “സ്ഥിതി നിയന്ത്രണത്തിലാണ് എന്ന് പ്രതീക്ഷിക്കുന്നു. വിദഗ്ധർ പഠനം തുടരുകയാണ്,” എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.
5 U.S. states monitoring passengers who departed cruise ship stricken by hantavirus














