യൂറോപ്പിനെ ആക്രമിക്കുന്ന ഭീഷണി, മറുപടിയുമായി നാറ്റോ; ഏത് ഭീഷണിയും നേരിടാൻ നാറ്റോ സജ്ജം: ഇറാൻ പ്രകോപന റിപ്പോർട്ടുകൾക്കിടെ പ്രതികരണം

ബ്രസ്സൽസ്: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുദ്ധം ശക്തമാക്കുകയാണെങ്കിൽ യൂറോപ്പിലെ യുഎസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ ഇറാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളോട് പ്രതികരിച്ച് നാറ്റോ. ഏത് തരം ഭീഷണികളെയും നേരിടാൻ സഖ്യം സജ്ജമാണെന്നും എല്ലാ സഖ്യരാജ്യങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായതെല്ലാം ചെയ്യുമെന്നും നാറ്റോ ഔദ്യോഗിക വക്താവ് സിഎൻഎന്നിനോട് പറഞ്ഞു. യുഎസ് സംഘർഷം വർദ്ധിപ്പിച്ചാൽ യൂറോപ്പിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിടാൻ ഇറാൻ ഭരണകൂടത്തോട് അടുത്ത വൃത്തങ്ങൾ തയ്യറെടുക്കുന്നതായി ഫൈനാൻഷ്യൽ ടൈംസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നാറ്റോയുടെ ശക്തമായ പ്രതികരണം.

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1949-ൽ രൂപീകൃതമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷന്റെ (നാറ്റോ) പ്രധാന ലക്ഷ്യം യൂറോപ്പിലും വടക്കേ അമേരിക്കയിലും സ്ഥിരമായ സമാധാനം ഉറപ്പാക്കുക എന്നതാണ്. വ്യക്തിസ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങൾ, നിയമവാഴ്ച എന്നീ പൊതു തത്ത്വങ്ങളിൽ അധിഷ്ഠിതമായാണ് ഈ സൈനിക കൂട്ടായ്മ പ്രവർത്തിക്കുന്നത്. സഖ്യത്തിലെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാൽ അത് മുഴുവൻ നാറ്റോ അംഗരാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുന്ന ‘കൂട്ടുത്തരവാദിത്ത പ്രതിരോധം’ എന്നതാണ് നാറ്റോയുടെ ഏറ്റവും പ്രധാനപ്പെട്ട തത്ത്വം. നോർത്ത് അറ്റ്ലാന്റിക് ഉടമ്പടിയുടെ ആർട്ടിക്കിൾ 5 പ്രകാരം, ഒരു അംഗരാജ്യത്തിന് നേരെ ആയുധമേന്തിയ ആക്രമണം ഉണ്ടാകുകയും ആ രാജ്യം സഹായം അഭ്യർത്ഥിക്കുകയും ചെയ്യുമ്പോൾ ഈ ചട്ടക്കൂട് പ്രാബല്യത്തിൽ വരുന്നു.

എന്നാൽ ഉടമ്പടിയുടെ ആർട്ടിക്കിൾ 6 അനുസരിച്ച്, ട്രോപിക് ഓഫ് കാൻസറിന് വടക്കുള്ള വടക്കൻ അറ്റ്ലാന്റിക് മേഖലയിലേക്ക് മാത്രമായി നാറ്റോയുടെ ഈ പരസ്പര സഹായ ബാദ്ധ്യത പരിമിതപ്പെടുത്തിയിട്ടുമുണ്ട്. നാറ്റോയുടെ ചരിത്രത്തിൽ ഇതുവരെ ഒരു തവണ മാത്രമാണ് ആർട്ടിക്കിൾ 5 പ്രാബല്യത്തിൽ വരുത്തിയത്. 2001 സെപ്റ്റംബർ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തിന് ശേഷമായിരുന്നു ഇത്. തുടർന്ന് ആ വർഷം നവംബറിൽ താലിബാൻ ഭരണകൂടം താഴെയിറക്കപ്പെട്ടതിനെ തുടർന്ന് നാറ്റോ സഖ്യസേന അഫ്ഗാനിസ്ഥാനിലേക്ക് സൈന്യത്തെ അയക്കുകയുണ്ടായി.

More Stories from this section

family-dental
witywide