അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജർ കൂടുതലുള്ള മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് വൻ മുന്നേറ്റം. ഇന്ത്യൻ വംശജരുടെ സാന്നിധ്യം കൂടുതലുള്ള 100 കോൺഗ്രസ് മണ്ഡലങ്ങളിൽ 84 ഇടത്തും ഡെമോക്രാറ്റുകൾ വിജയിച്ചു. റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് ആറു സീറ്റുകൾ പിടിച്ചെടുത്തതോടെ അവരുടെ സീറ്റുനില 15 ആയി കുറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസ് നടത്തിയ തിരഞ്ഞെടുപ്പ് ഫല വിശകലനത്തിലാണ് ഈ കണ്ടെത്തൽ.
അരിസോണയിലെ ഒന്നാം മണ്ഡലത്തിൽ മത്സരിക്കുന്ന ഇന്ത്യൻ വംശജനായ അമിഷ് ഷാ നിലവിൽ മുന്നിലാണ്. ഫലം പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷാ വിജയിച്ചാൽ ഡെമോക്രാറ്റുകളുടെ നേട്ടം ഇനിയും ഉയരും. അമേരിക്കയിലെ 435 കോൺഗ്രസ് മണ്ഡലങ്ങളിലെ ഇന്ത്യൻ വംശജരുടെ ജനസംഖ്യ പരിശോധിച്ചാണ് വിശകലനം നടത്തിയത്. ഇന്ത്യൻ വംശജർ കൂടുതലുള്ള ആദ്യ 100 മണ്ഡലങ്ങളിലാണ് രാജ്യത്തെ ഈ വിഭാഗത്തിൽപ്പെട്ട പകുതിയിലേറെ പേരും താമസിക്കുന്നത്. ഏകദേശം 26 ലക്ഷം ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ വോട്ടവകാശമുണ്ടെന്നാണ് കണക്ക്.
കാലിഫോർണിയയിലാണ് ഡെമോക്രാറ്റുകളുടെ മുന്നേറ്റം ഏറ്റവും ശക്തമായത്. ഇന്ത്യൻ വംശജർ കൂടുതലുള്ള 20 മണ്ഡലങ്ങളിൽ 19 ഇടത്തും പാർട്ടി വിജയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ത്യൻ വംശജരുള്ള കാലിഫോർണിയയിലെ 17-ാം മണ്ഡലത്തിൽ റോ ഖന്ന തുടർച്ചയായ ആറാം തവണയും ജയിച്ചു. ന്യൂയോർക്ക്, ഇല്ലിനോയി, ന്യൂജഴ്സി, പെൻസിൽവാനിയ എന്നിവിടങ്ങളിലെ പട്ടികയിലുള്ള എല്ലാ മണ്ഡലങ്ങളിലും ഡെമോക്രാറ്റുകൾ വിജയിച്ചു.
അതേസമയം, ടെക്സസിൽ ഇന്ത്യൻ വംശജർ കൂടുതലുള്ള 13 മണ്ഡലങ്ങളിൽ ഒമ്പതും റിപ്പബ്ലിക്കൻ പാർട്ടി നിലനിർത്തി. മണ്ഡല പുനർനിർണയത്തിന് പിന്നാലെ ഡെമോക്രാറ്റുകളുടെ കൈവശമുണ്ടായിരുന്ന 32-ാം മണ്ഡലവും റിപ്പബ്ലിക്കൻമാർ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് തരംഗത്തിൽ ഹൗസ് ഇന്ത്യ കോക്കസിലെ രണ്ട് റിപ്പബ്ലിക്കൻ അംഗങ്ങൾക്കും പരാജയം നേരിട്ടു. പെൻസിൽവാനിയയിലെ ബ്രയാൻ ഫിറ്റ്സ്പാട്രിക്കും ന്യൂജഴ്സിയിലെ ടോം കീൻ ജൂനിയറിനുമാണ് സീറ്റ് നഷ്ടമായത്.
ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടുകളും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതായാണ് വിലയിരുത്തൽ. ഒക്ടോബറിൽ നടത്തിയ സർവേയിൽ 62 ശതമാനം പേർ ഡെമോക്രാറ്റിക് സ്ഥാനാർഥികളെ പിന്തുണയ്ക്കുമെന്ന് അറിയിച്ചപ്പോൾ 19 ശതമാനം പേർ മാത്രമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് soപിന്തുണ പ്രഖ്യാപിച്ചത്.
ട്രംപ് ഭരണത്തോടുള്ള അതൃപ്തിയും ഡെമോക്രാറ്റുകൾക്ക് അനുകൂലമായ നിലപാടിന് കാരണമായി. ഇന്ത്യൻ-അമേരിക്കൻ മുതിർന്നവരിൽ 71 ശതമാനം പേരും ട്രംപിന്റെ ഭരണത്തിൽ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിലക്കയറ്റം, തൊഴിൽ, സമ്പദ്വ്യവസ്ഥ, ആരോഗ്യപരിരക്ഷ, കുടിയേറ്റം എന്നിവയാണ് ഇവരുടെ പ്രധാന ആശങ്കകൾ.
84/100: Democrats sweep districts with high concentration of Indian-American voters in midterms














