കാഠ്മണ്ഡു: അധിക ഓക്സിജന്റെ സഹായത്തോടെ മൗണ്ട് എവറസ്റ്റ് കീഴടക്കുന്നതിൽ അമേരിക്കൻ പർവതാരോഹകൻ ടൈലർ ആൻഡ്രൂസ് പുതിയ റെക്കോർഡ് സ്ഥാപിച്ചതായി റിപ്പോർട്ട്. വ്യാഴാഴ്ചയാണ് 36കാരനായ ആൻഡ്രൂസ് 8,849 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 9 മണിക്കൂർ 55 മിനിറ്റിൽ കീഴടക്കിയത്.
നേപ്പാളി പർവതാരോഹകൻ ലക്ഷ്പ ഗെലു ഷെർപ്പയുടെ മുൻ റെക്കോർഡിനെക്കാൾ ഏകദേശം ഒരു മണിക്കൂർ കുറഞ്ഞ സമയമാണ് ആൻഡ്രൂസ് കുറിച്ചത്. എന്നാൽ സമയം നേപ്പാൾ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.“അദ്ദേഹം വെറും 9 മണിക്കൂർ 55 മിനിറ്റിൽ എവറസ്റ്റിന്റെ മുകളിലെത്തി,” എന്ന് ഏഷ്യൻ ട്രെക്കിംഗ് സംഘത്തിന്റെ തലവൻ ദാവ സ്റ്റീവൻ ഷെർപ്പ AFPയോട് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് ആൻഡ്രൂസ് എവറസ്റ്റ് കീഴടക്കിയത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ലൈവ് GPS ട്രാക്കിംഗിലൂടെയാണ് ഇത് സ്ഥിരീകരിച്ചത്. ഒറ്റയ്ക്കായിരുന്നു ആൻഡ്രൂസിന്റെ ദൗത്യം. ആവശ്യമായ അധിക ഓക്സിജൻ, ഭക്ഷണം, വെള്ളം എന്നിവ ഗൈഡുകൾ നൽകിയെന്നും സംഘാടകർ അറിയിച്ചു.
മേയിൽ അധിക ഓക്സിജൻ ഇല്ലാതെ എവറസ്റ്റ് കീഴടക്കാനുള്ള നിലവിലെ റെക്കോർഡ് (22 മണിക്കൂർ 29 മിനിറ്റ്) മറികടക്കാൻ ആൻഡ്രൂസ് ശ്രമിച്ചിരുന്നുവെങ്കിലും ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. താൻ കാൻസർ അതിജീവിച്ചയാളാണെന്നും ഇക്വഡോറിലും നേപ്പാളിലുമുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവ കായികതാരങ്ങൾക്ക് സഹായം സമാഹരിക്കാനാണ് ഈ ദൗത്യമെന്നും ആൻഡ്രൂസ് വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ ആഴ്ച മൂന്ന് ഇന്ത്യക്കാരുൾപ്പെടെ 274 പേർ ഒരേ ദിവസം എവറസ്റ്റ് കീഴടക്കി പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. തുളസി റെഡ്ഡി പൽപുനൂരി, സന്ദീപ് ആരെ, അജയ് പാൽ സിംഗ് ധാലിവാൾ എന്നിവരാണ് എവറസ്റ്റ് കീഴടക്കിയ ഇന്ത്യൻ സംഘത്തിലുള്ളവർ. 2019ൽ 223 പേർ ഒരേ ദിവസം എവറസ്റ്റ് കീഴടക്കിയതായിരുന്നു മുൻ റെക്കോർഡ്. തുടർന്ന് ഇന്ത്യയുടെ ലക്ഷ്മികാന്ത മണ്ടലും ആറു നേപ്പാളി ഷെർപ്പമാരുൾപ്പെടെ ഒമ്പത് പേരുമായി അടുത്ത ദിവസം എവറസ്റ്റ് കീഴടക്കി.
2026ലെ വസന്തകാല എവറസ്റ്റ് സീസണിൽ 502 പർവതാരോഹകർക്ക് അനുമതി നൽകിയതായി എക്സ്പെഡിഷൻ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി റിഷി റാം ഭണ്ഡാരി അറിയിച്ചു. ഈ സീസണിൽ ഏകദേശം 950 പേർക്ക് എവറസ്റ്റ് ദൗത്യം വിജയകരമായി പൂർത്തിയാക്കാനായതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനിടെ രണ്ട് ഇന്ത്യക്കാരും മൂന്ന് നേപ്പാളികളും ഉൾപ്പെടെ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2023 സീസണിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 18 മരണങ്ങളായിരുന്നു 2023 ൽ റിപ്പോർട്ട് ചെയ്തത്.
‘9 hours, 55 minutes’: US climber Tyler Andrews, a cancer survivor, summits Mt Everest in record time













