
വാഷിങ്ടൺ: അമേരിക്കയിൽ ദീർഘകാലമായി താമസിക്കുന്ന കുടിയേറ്റക്കാർക്ക് സ്ഥിരതാമസത്തിനുള്ള (ഗ്രീൻ കാർഡ്) വഴി തുറക്കാൻ ലക്ഷ്യമിട്ട് ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ അലക്സ് പാഡില്ല പുതിയ ബിൽ വീണ്ടും അവതരിപ്പിച്ചു. നിയമമായാൽ, ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ എച്ച്-1ബി വിസ പ്രൊഫഷണലുകൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
‘റിന്യൂയിംഗ് ഇമിഗ്രേഷൻ പ്രൊവിഷൻസ് ഓഫ് ദ ഇമിഗ്രേഷൻ ആക്ട് ഓഫ് 1929’ എന്ന പേരിലുള്ള ബിൽ പ്രകാരം, അമേരിക്കയിൽ തുടർച്ചയായി കുറഞ്ഞത് ഏഴ് വർഷമെങ്കിലും താമസിച്ചിട്ടുള്ളവർക്കും ക്രിമിനൽ കേസുകളൊന്നുമില്ലാത്തവർക്കും നിലവിലെ മറ്റ് ഗ്രീൻ കാർഡ് മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കും സ്ഥിരതാമസ പദവി അപേക്ഷിക്കാം. 1986 മുതൽ മാറ്റമില്ലാതെ തുടരുന്ന ‘റജിസ്ട്രി’ വ്യവസ്ഥയാണ് ഈ ബില്ലിലൂടെ പരിഷ്കരിക്കാൻ ലക്ഷ്യമിടുന്നത്.” കഠിനാധ്വാനം ചെയ്യുന്ന കുടിയേറ്റക്കാരോട് ട്രംപ് ഭരണകൂടം സ്വീകരിക്കുന്ന കടുത്ത സമീപനത്തിനെതിരെയാണ് ഈ ബിൽ വീണ്ടും അവതരിപ്പിക്കുന്നത്. അമേരിക്കയുടെ സമ്പദ്‌വ്യവസ്ഥയ്ക്കും സമൂഹത്തിനും സംഭാവന നൽകുന്ന ദീർഘകാല താമസക്കാരെ ഇനി അവഗണിക്കാനാവില്ല,” എന്ന് അലക്സ് പാഡില്ല പറഞ്ഞു.
ഇന്ത്യക്കാർക്ക് ഏറ്റവും കൂടുതൽ പ്രയോജനം?
ഡ്രീമേഴ്‌സ്, ടെംപററി പ്രൊട്ടക്റ്റഡ് സ്റ്റാറ്റസ് (TPS) ലഭിച്ചവർ, അവശ്യ സേവന മേഖലകളിലെ തൊഴിലാളികൾ, ദീർഘകാല വിസ ഉടമകളുടെ മക്കൾ, എച്ച്-1ബി വിസയിലുള്ള ഉയർന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകൾ എന്നിവരെയാണ് ബിൽ പ്രധാനമായും ലക്ഷ്യമിടുന്നത്.
തൊഴിൽ അധിഷ്ഠിത ഗ്രീൻ കാർഡുകൾക്ക് രാജ്യാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ പരിധി കാരണം ഇന്ത്യൻ എച്ച്-1ബി വിസ ഉടമകൾക്ക് പലപ്പോഴും വർഷങ്ങളോ പതിറ്റാണ്ടുകളോ വരെ കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. അതിനാൽ ഈ ബിൽ നിയമമായാൽ ഏറ്റവും കൂടുതൽ ഗുണം ലഭിക്കുന്ന വിഭാഗങ്ങളിലൊന്ന് ഇന്ത്യൻ പ്രൊഫഷണലുകളായിരിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിലെ നിയമത്തിൽ എന്താണ് മാറ്റം?
നിലവിലെ നിയമപ്രകാരം 1972 ജനുവരി 1-ന് മുമ്പ് അമേരിക്കയിൽ എത്തിയവർക്ക് മാത്രമാണ് ‘റജിസ്ട്രി’ വ്യവസ്ഥയിലൂടെ ഗ്രീൻ കാർഡിന് അപേക്ഷിക്കാനാകുക. 1986-ന് ശേഷം ഈ തീയതി പുതുക്കിയിട്ടില്ല. ഇതുമൂലം ഈ വ്യവസ്ഥ പ്രായോഗികമായി ഉപയോഗശൂന്യമായതായി മാറി. 2015 മുതൽ 2019 വരെ വെറും 305 പേർക്കാണ് ഇതുവഴി ഗ്രീൻ കാർഡ് ലഭിച്ചത്.
പുതിയ ബിൽ ഈ നിശ്ചിത തീയതി ഒഴിവാക്കി, ‘അമേരിക്കയിൽ തുടർച്ചയായി ഏഴ് വർഷം താമസിച്ചവർ’ എന്ന മാനദണ്ഡം കൊണ്ടുവരാനാണ് നിർദേശിക്കുന്നത്. നിയമം പ്രാബല്യത്തിൽ വന്നാൽ 60 ദിവസത്തിനകം പുതിയ വ്യവസ്ഥ നിലവിൽ വരും.
നിയമമാകുമോ?
സെനറ്റർ ഡിക്ക് ഡർബിൻ ഉൾപ്പെടെ നിരവധി ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. പ്രതിനിധി സഭയിൽ കാലിഫോർണിയയിൽ നിന്നുള്ള സോ ലോഫ്ഗ്രെനും സമാന ബിൽ അവതരിപ്പിച്ചിട്ടുണ്ട്. തൊഴിലാളി, കുടിയേറ്റ, പൗരാവകാശ മേഖലകളിലെ 30-ലധികം സംഘടനകളും ബില്ലിനെ പിന്തുണച്ചിട്ടുണ്ട്.
എന്നാൽ കുടിയേറ്റ വിഷയത്തിൽ റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് പാർട്ടികൾ തമ്മിലുള്ള കടുത്ത രാഷ്ട്രീയ ഭിന്നത നിലനിൽക്കുന്നതിനാൽ ബിൽ കോൺഗ്രസിൽ പാസാകുമോയെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ട്രംപ് ഭരണകൂടത്തിന്റെ കർശന കുടിയേറ്റ നയങ്ങളുടെ പശ്ചാത്തലത്തിൽ ബിൽ നിയമമാകുന്നത് എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
Can H-1B visa holders get Green Card after spending 7 years in US? New proposal and it impacts on Indians explained











