വാഷിങ്ടൺ: തുർക്കിക്ക് അമേരിക്കൻ നിർമിത എഫ്-35 യുദ്ധവിമാനങ്ങൾ വിൽക്കാനുള്ള സാധ്യതയെ എതിർത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാട് തള്ളി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. “അമേരിക്ക എന്ത് വിൽക്കണമെന്നത് ആരും എന്നോട് പറയേണ്ടതില്ല” എന്ന് ട്രംപ് വ്യക്തമാക്കി. ഇറാനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.
എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, “തുർക്കി എനിക്ക് മികച്ച സഖ്യരാജ്യമാണ്. അമേരിക്ക എന്ത് വിൽക്കണമെന്ന് ആരും നിർദേശിക്കില്ല,” എന്ന് ട്രംപ് പറഞ്ഞു. ഈ മാസം ആദ്യം സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ തുർക്കിക്ക് എഫ്-35 യുദ്ധവിമാനങ്ങൾ നൽകുന്നതിനെതിരെ നെതന്യാഹു ശക്തമായി രംഗത്തെത്തിയിരുന്നു. അത്തരമൊരു നീക്കം തുർക്കിയെ അമേരിക്കയുടെ സൗഹൃദരാജ്യമാക്കില്ലെന്നും, ഇത് പശ്ചിമേഷ്യയിലെ ശക്തിസന്തുലിതാവസ്ഥ തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ട്രംപ് തന്റെ ആദ്യ പ്രസിഡൻഷ്യൽ കാലഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ പ്രകടമായിരുന്നെങ്കിലും ഇരുനേതാക്കളും അത് പരസ്യമായി ലഘൂകരിക്കാൻ ശ്രമിച്ചിരുന്നു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിൽ അന്നത്തെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഇറാൻ മേഖലയിൽ അമേരിക്കയുടെയും ഇസ്രയേലിന്റെയും താൽപര്യങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയും ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. ഇതോടെ പശ്ചിമേഷ്യയിലെ സംഘർഷം ആഗോള ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച നടക്കുന്ന ട്രംപ്-നെതന്യാഹു കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യമായിരിക്കും പ്രധാന ചർച്ചാവിഷയം. കഴിഞ്ഞ മാസം അമേരിക്കയുടെ മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും ഒപ്പുവെച്ച കരാറിന്റെ നടപ്പാക്കലും ഇരുനേതാക്കളും ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ട്രംപ് വീണ്ടും അധികാരത്തിലെത്തിയതിന് ശേഷമുള്ള ഇരുനേതാക്കളുടെയും എട്ടാമത്തെ കൂടിക്കാഴ്ച കൂടിയാണിത്. ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ച എന്ന പ്രത്യേകതയും ഇതിനുണ്ട്.
‘Nobody tells me what to sell’: Trump on Netanyahu opposing US’s proposed F-35 jet sales to Turkey












