
ന്യൂഡൽഹി: ഗുജറാത്തിലെ സബർമതി ജയിലിലെ അതിസുരക്ഷാ സെല്ലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ ക്രിമിനൽ ശൃംഖല നിയന്ത്രിക്കുന്നത് വിദേശത്തിരുന്ന് പ്രവർത്തിക്കുന്ന ‘ഷാഡോ കാബിനറ്റ്’ എന്ന് റിപ്പോർട്ട്. യു.എസ്, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷിത താവളങ്ങളിൽ ഇരുന്ന് ലോറൻസിന്റെ മുഖ്യ അനുയായികളാണ് അന്താരാഷ്ട്ര തലത്തിലുള്ള ഗുണ്ടാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
ക്രിമിനലുകളെ റിക്രൂട്ട് ചെയ്യാനും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമായി രണ്ട് പ്രത്യേക വിംഗുകളാണ് ഈ ഷാഡോ കാബിനറ്റിൽ പ്രവർത്തിക്കുന്നത്. ടൈസൺ ബിഷ്ണോയി, അനിൽ പണ്ഡിറ്റ്, ഹരി ബോക്സർ, ഹർമൻ സന്ധു, ഹിമാൻഷു സോണിപത് എന്നിവരടങ്ങുന്ന പ്രധാന സംഘം പുതിയ ആളുകളെ ചേർക്കൽ, ക്വട്ടേഷനുകൾ ഏൽപ്പിക്കൽ, ലോജിസ്റ്റിക്സ് എന്നിവയാണ് കൈകാര്യം ചെയ്യുന്നത്. ഇവർ വിവരങ്ങൾ സ്ക്രീൻഷോട്ടുകളായി പരസ്പരം പങ്കുവെക്കുന്നു. ഇതിന് സമാന്തരമായി പ്രവർത്തിക്കുന്ന ആർസൂ ബിഷ്ണോയി, ശുഭം ലോങ്കർ, രൺദീപ് മാലിക് എന്നിവരടങ്ങുന്ന സംഘം സാമ്പത്തിക ഇടപാടുകളും ഇരകളെ കണ്ടെത്തലുമടക്കമുള്ള ആസൂത്രണങ്ങൾ നടത്തുന്നു. എഫ്.ബി.ഐ ‘ഓപ്പറേഷൻ ഹാർഡ്ബോൾ’ ആരംഭിച്ചതോടെ ഒളിവിൽ പോയ ഗോൾഡി ധില്ലനും ഇതിന്റെ ഭാഗമായിരുന്നു.
സിഗ്നൽ, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴിയാണ് വിദേശത്തിരിക്കുന്ന തലവൻമാർ പ്രാദേശിക ക്രിമിനലുകൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത്. ഡിജിറ്റൽ ഭീഷണികൾക്ക് പുറമെ നേരിട്ടുള്ള കൊലപാതകങ്ങളും ഇവർ ഇത്തരത്തിൽ നടപ്പിലാക്കുന്നു. സംഘത്തിന്റെ വക്താവായ അനിൽ പണ്ഡിറ്റാണ് ഭീഷണി സന്ദേശങ്ങളും പ്രഖ്യാപനങ്ങളും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നത്. ഗായകൻ ദിലർ ഖാർകിയയുടെ വാഹനത്തിന് നേരെ നടന്ന വെടിവെയ്പ്പിന്റെയും, ഗുണ്ടാസംഘാംഗം വിനോദ് കാന കൊല്ലപ്പെട്ടതിന്റെയും ഉത്തരവാദിത്തം കഴിഞ്ഞ ദിവസങ്ങളിൽ ഈ സംഘത്തിലെ ഹിമാൻഷു ഏറ്റെടുത്തിരുന്നു.
മുതിർന്ന ഗുണ്ടാതലവന്മാരായ രോഹിത് ഗൊദാരയും ഗോൾഡി ബ്രാറും തന്നെയാണ് ഇപ്പോഴും ശൃംഖലയുടെ യഥാർത്ഥ നിയന്ത്രണം കൈവശം വെച്ചിരിക്കുന്നത്. എന്നാൽ അന്വേഷണ ഏജൻസികളെ തെറ്റിദ്ധരിപ്പിക്കാൻ തങ്ങൾ ലോറൻസുമായി പിരിഞ്ഞതായി ഇവർ വ്യാജമായി പ്രചരിപ്പിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. വിവിധ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന വികേന്ദ്രീകൃത കമാൻഡ് ഘടനയാണ് ബിഷ്ണോയി ഗ്യാങ്ങിനുള്ളത്. അതുകൊണ്ട് തന്നെയാണ് എഫ്.ബി.ഐയും മറ്റ് അന്താരാഷ്ട്ര ഏജൻസികളും സംയുക്തമായി നടത്തിയ നീക്കങ്ങൾക്ക് പോലും ഈ സിൻഡിക്കേറ്റിനെ പൂർണ്ണമായി തളർത്താൻ കഴിയാത്തത്. എഫ്.ബി.ഐ ഓപ്പറേഷൻ കഴിഞ്ഞ് ആഴ്ചകൾക്കകം തന്നെ നടൻ ആമിർ ഖാനും രാജസ്ഥാനിലെ രാഷ്ട്രീയക്കാർക്കും നേരെ ഭീഷണി മുഴക്കാൻ ഇവർക്ക് സാധിച്ചതും ഈ അന്താരാഷ്ട്ര ശൃംഖലയുടെ ബലത്തിലാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 18-ന് മുംബൈ ജുഹുവിൽ വെച്ച് നടൻ ടൈഗർ ഷ്രോഫിന്റെ വാഹനത്തിന് നേരെ നടന്ന വെടിവെപ്പിന് പിന്നിലും ഈ സംഘത്തിന്റെ ആസൂത്രണമാണെന്ന് അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വെടിവെപ്പിന് പിന്നിലെ പ്രധാന കാരണം സൂപ്പർതാരം സൽമാൻ ഖാനുമായുള്ള അദ്ദേഹത്തിന്റെ അടുത്ത ബന്ധമാണ്. സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുന്നവർക്കെതിരെയുള്ള കൃത്യമായ മുന്നറിയിപ്പാണിത്. മുൻപ് നൽകിയ മുന്നറിയിപ്പുകൾ ടൈഗർ ഷ്രോഫ് അവഗണിച്ചതുകൊണ്ടാണ് ആക്രമണം നടത്തിയതെന്ന് സംഘം അവകാശപ്പെടുന്നു. 1998-ൽ രാജസ്ഥാനിൽ വെച്ച് സൽമാൻ ഖാൻ കൃഷ്ണ മൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട് ബിഷ്ണോയി സമുദായത്തോട് മാപ്പ് പറയണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. തങ്ങളുടെ സമുദായം വിശുദ്ധമായി കരുതുന്ന മൃഗത്തെ കൊന്നതിലുള്ള പ്രതികാരമായാണ് സൽമാനെയും അദ്ദേഹവുമായി ബന്ധപ്പടുന്നവരെയും ബിഷ്ണോയി ഗ്യാങ്ങ് ലക്ഷ്യമിടുന്നത്.
മുംബൈ വീണ്ടും അധോലോക ഭീതിയിൽ
ലോറൻസ് ബിഷ്ണോയ് സംഘം മുംബൈയിൽ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുകയാണെന്നാണ് പൊലീസ് വിലയിരുത്തൽ. പണ്ട് ദാവൂദ് ഇബ്രാഹിമും മറ്റ് അധോലോക നായകന്മാരും ഭരിച്ചിരുന്ന മുംബൈ നഗരത്തിൽ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യമാണ് ബിഷ്ണോയ് സംഘത്തിനുള്ളതെന്ന് പൊലീസ് ഉറച്ച് വിശ്വസിക്കുന്നു. ഡി-കമ്പനിയേക്കാൾ വലിയ അന്താരാഷ്ട്ര ശൃംഖല കെട്ടിപ്പടുക്കാനും ഇന്ത്യയ്ക്ക് പുറത്തേക്ക് തങ്ങളുടെ ക്രിമിനൽ സ്വാധീനം വ്യാപിപ്പിക്കാനുമാണ് ലോറൻസ് ബിഷ്ണോയ് ശ്രമിക്കുന്നത്.
1990-കളുടെ തുടക്കത്തിൽ തന്നെ മുംബൈ അധോലോകത്തിന്റെ പരമാധികാരിയായി ദാവൂദ് ഇബ്രാഹിം മാറിക്കഴിഞ്ഞിരുന്നു. 1980-കളിൽ ഹാജി മസ്താൻ, കരിം ലാല തുടങ്ങിയ പഴയകാല ഡോൺമാരുടെ സ്വാധീനം കുറഞ്ഞതോടെയാണ് ദാവൂദും ‘ഡി-കമ്പനിയും’ മുംബൈ നഗരത്തെ പൂർണ്ണമായും തങ്ങളുടെ കൈപ്പിടിയിലൊതുക്കിയത്.
മുംബൈ പൊലീസും ഇന്ത്യൻ സുരക്ഷാ ഏജൻസികളും ‘എൻകൗണ്ടർ’ തന്ത്രങ്ങളിലൂടെയും കടുത്ത നിയമനടപടികളിലൂടെയുമാണ് ദാവൂദ് ഇബ്രാഹിമിന്റെ അധോലോക സാമ്രാജ്യത്തെ നഗരത്തിൽ നിന്ന് തുരത്തിയത്. എന്നാൽ ദാവൂദ് ഇബ്രാഹിം എന്ന വ്യക്തിയെ നേരിട്ട് പിടികൂടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. അവൻ 1986-ൽ ദുബായിലേക്കും, പിന്നീട് പാകിസ്താനിലേക്കും കടന്നു. 1990-കളിൽ മുംബൈയിൽ ഗാംഗ് വാറുകളും പണം തട്ടലും അനിയന്ത്രിതമായപ്പോൾ, മുംബൈ പൊലീസ് ‘എൻകൗണ്ടർ സ്ക്വാഡുകൾ’ രൂപീകരിച്ചു. എ.എ. ഖാൻ, വിജയ് സലാസ്കർ, പ്രദീപ് ശർമ്മ തുടങ്ങിയ പ്രമുഖ ഉദ്യോഗസ്ഥർ ദാവൂദിന്റെ സംഘത്തിലെയും മറ്റ് എതിരാളി ഗാംഗുകളിലെയും മുന്നൂറിലധികം പ്രമുഖ ക്രിമിനലുകളെ വെടിവെച്ചുകൊന്നു. ഇതോടെ സംഘത്തിന്റെ പ്രാദേശിക ശൃംഖല തകർന്നു. 1993-ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നിൽ ദാവൂദ് ആണെന്ന് തെളിഞ്ഞതോടെ, സർക്കാർ അവനെ ‘ആഗോള ഭീകരനായി’ പ്രഖ്യാപിച്ചു. തുടർന്ന് ‘മക്കോക്ക’ (MCOCA – Maharashtra Control of Organised Crime Act) പോലുള്ള കടുത്ത നിയമങ്ങൾ കൊണ്ടുവന്ന് ദാവൂദിന്റെ അനുയായികളെയും അവർക്ക് പണം നൽകിയിരുന്നവരെയും കൂട്ടത്തോടെ ജയിലിലടച്ചു.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.ബി ദാവൂദിനെ വിദേശത്തുവെച്ച് വധിക്കാൻ അതീവ രഹസ്യമായ ഒരു ഓപ്പറേഷൻ ആസൂത്രണം ചെയ്തിരുന്നു. ഇപ്പോഴത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു ഈ നീക്കം. 2005-ൽ ദുബായിൽ വെച്ച് ദാവൂദിന്റെ മകളുടെ വിവാഹ റിസപ്ഷൻ നടക്കുമ്പോൾ അവനെ വധിക്കാനായിരുന്നു പദ്ധതി. ഇതിനായി ദാവൂദിന്റെ ശത്രുവായ ചോട്ടാ രാജന്റെ രണ്ട് ഷാർപ്പ് ഷൂട്ടർമാരെ (വിക്കി മൽഹോത്ര, ഫരീദ് തനാഷ) ഐ.ബി രഹസ്യമായി ഡൽഹിയിൽ താമസിപ്പിച്ചു പരിശീലനം നൽകി. എന്നാൽ ഈ രഹസ്യ ഓപ്പറേഷനെക്കുറിച്ച് മുംബൈ പൊലീസിന് അറിവുണ്ടായിരുന്നില്ല. വിക്കി മൽഹോത്രയെ പിടികൂടാൻ വാറന്റുമായി എത്തിയ മുംബൈ പൊലീസ് സംഘം, ഡൽഹിയിൽ വെച്ച് അജിത് ഡോവലിനൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന വിക്കിയെ അറസ്റ്റ് ചെയ്തു. ഇതോടെ അതീവ രഹസ്യമായി സൂക്ഷിച്ച ഓപ്പറേഷൻ പരസ്യമാവുകയും ദാവൂദ് രക്ഷപ്പെടുകയും ചെയ്തു. ഏജൻസികൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് അന്ന് ദാവൂദിനെ രക്ഷിച്ചതെന്ന് മുൻ ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.
അതേസമയം, ബാലിയിൽ അറസ്റ്റിലായി ഇന്ത്യയിലെത്തിക്കപ്പെട്ട ഛോട്ടാ രാജൻ തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. അധോലോകം കൈപ്പിടിയിലൊതുക്കാനിറങ്ങിയ അബു സലാമും അരുൺ ഗാവ്ലിയും വ്യത്യസ്ത കേസുകളിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്നുണ്ട്. ബണ്ടി പാണ്ഡെ, രവി പൂജാരി തുടങ്ങിയ ഗ്യാങ്സ്റ്ററുകളും ജയിലിലാണ്. മുംബൈയെ സംബന്ധിച്ചിടത്തോളം അധോലോകം ഒരു അകന്ന ഓർമ്മയായി മാറിയിരുന്നു. പക്ഷേ, ആ ഇടം തൻ്റേതാക്കാനാണ് ബിഷ്ണോയ് സംഘം ശ്രമിക്കുന്നതെന്ന സൂചനയാണ് ഇപ്പോഴുയരുന്നത്.
A 9-member ‘shadow cabinet’ based abroad leads the Lawrence Bishnoi gang















