കെജ്‌രിവാളിനും മകൾക്കും വധഭീഷണി; ബിഷ്‌നോയി സംഘത്തിൻ്റെ പേരിൽ 7 കോടി ആവശ്യപ്പെട്ടു, അന്വേഷണം ഊർജിതം

മൊഹാലി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനും മകൾ ഹർഷിത കെജ്‌രിവാളിനുമെതിരെ വധഭീഷണി. കുപ്രസിദ്ധ ഗുണ്ടാസംഘമായ ലോറൻസ് ബിഷ്‌നോയി സംഘത്തിന്റെ പേരിലാണ് ഭീഷണി സന്ദേശം എത്തിയത്. 7 കോടി രൂപ മോചനദ്രവ്യം നൽകിയില്ലെങ്കിൽ ഇരുവരെയും വധിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഭീഷണി സന്ദേശം വ്യാജമാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നതെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു.

തിലക് നഗറിൽ നിന്നുള്ള എഎപി എംഎൽഎ ജർണയിൽ സിംഗിന്റെ ഫോണിലേക്കാണ് ഭീഷണി കോളും വാട്‌സ്ആപ്പ് സന്ദേശവും എത്തിയത്. ബിഷ്‌നോയി സംഘാംഗമാണെന്ന് അവകാശപ്പെട്ടാണ് അജ്ഞാതൻ പണം ആവശ്യപ്പെട്ടത്. സംഭവത്തെത്തുടർന്ന് നവംബർ 6-ന് എംഎൽഎ ജർണയിൽ സിംഗ് പഞ്ചാബിലെ മൊഹാലി പൊലീസ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകി. കെജ്‌രിവാളിനും കുടുംബത്തിനും മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പരാതിയുടെ അടിസ്ഥാനത്തിൽ മൊഹാലി പൊലീസ് ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സുനിൽ കുമാറിനാണ് അന്വേഷണ ചുമതല.

പ്രതിയുടെ ഫോൺ കോൾ രേഖകൾ, ഐപി ലോഗുകൾ, മൊബൈൽ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് സൈബർ പൊലീസ് നടത്തിയ പരിശോധനയിലാണ് ഭീഷണി വ്യാജമാണെന്ന സൂചന ലഭിച്ചത്. ഭീഷണി സന്ദേശം അയച്ചയാൾ ഹരിയാനയിലെ റോത്തക് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞതായും ഐഎഎൻഎസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Death threats against Kejriwal and his daughter; 7 crores demanded in the name of the Bishnoi gang; investigation intensified.

More Stories from this section

family-dental
witywide