
ന്യൂഡൽഹി: ബോളിവുഡ് സിനിമാ ലോകത്തെയും വ്യവസായ പ്രമുഖരെയും ഭീതിയിലാഴ്ത്തിയ പ്രമുഖ ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിയുടെ മുഖ്യ കൂട്ടാളി ഹാരിചന്ദ് ജാട്ട് എന്ന ഹാരി ബോക്സർ യുഎസിൽ പിടിയിലായി. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ, ഹരിയാന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് എന്നിവർ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കാലിഫോർണിയയിൽ വെച്ചാണ് യുഎസ് അധികൃതർ ഇയാളെ അറസ്റ്റ് ചെയ്തത്. ഹരിയാന പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് ക്രിമിനലുകളുടെ പട്ടികയിലുള്ള ഇയാളെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികൾ കേന്ദ്ര ഏജൻസികൾ ആരംഭിച്ചു. ഇതിനായി സിബിഐ നോഡൽ ഏജൻസിയായി പ്രവർത്തിക്കും. മറ്റേതാനും പ്രമുഖ ഗുണ്ടാസംഘാംഗങ്ങളായ ഹിമാൻഷു ഭാവു, നീരജ് ഫരീദ്പുരിയ എന്നിവർ യുഎസിൽ പിടിയിലായി ദിവസങ്ങൾക്കകമാണ് ഹാരി ബോക്സറും വലയിലാകുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ പ്രമുഖ ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയുടെ മുംബൈയിലെ വസതിക്ക് നേരെ നടന്ന വെടിവെപ്പിന്റെ സൂത്രധാരൻ ഹാരി ബോക്സറായിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയ വഴിയും ഓഡിയോ സന്ദേശങ്ങളിലൂടെയും ബോളിവുഡ് താരങ്ങൾക്കെതിരെ ഇയാൾ പരസ്യ ഭീഷണി മുഴക്കിയിരുന്നു. രോഹിത് ഷെട്ടിക്കുള്ള ഭീഷണി വെറുമൊരു “ഷോർട്ട് ട്രെയിലർ” മാത്രമാണെന്നും തങ്ങളുടെ കാര്യങ്ങളിൽ ഇടപെട്ടാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുമായിരുന്നു സംഘത്തിന്റെ മുന്നറിയിപ്പ്.
കാനഡയിൽ പ്രശസ്ത ഹാസ്യനടൻ കപിൽ ശർമ്മയുടെ കഫേയ്ക്ക് നേരെ നടന്ന വെടിവെപ്പ്, ബോളിവുഡ് നടന്മാരായ രൺവീർ സിംഗ്, തുഷാർ കപൂർ, ആയുഷ്മാൻ ഖുറാന എന്നിവർക്ക് ലഭിച്ച വധഭീഷണി, നടൻ ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടുണ്ടായ ആക്രമണം എന്നിവയിലും ഹാരി ബോക്സർക്ക് പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.
രാജസ്ഥാനിലെ കോട്പുത്ലി സ്വദേശിയായ ഹാരിചന്ദ് മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുകയും ബോക്സിംഗ് കോച്ചായി ജോലി നോക്കുകയും ചെയ്ത ശേഷമാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തിരിയുന്നത്. ജയ്പൂരിലെ ബോക്സിംഗ് പരിശീലനമാണ് ഇയാൾക്ക് ‘ബോക്സർ’ എന്ന പേര് നൽകിയത്. പിന്നീട് ലോറൻസ് ബിഷ്ണോയി ഗ്യാങ്ങിലെത്തിയ ഇയാൾ വിദേശത്തിരുന്നാണ് ഇന്ത്യയിലെയും കാനഡയിലെയും പണം തട്ടൽ ശൃംഖലകൾ നിയന്ത്രിച്ചിരുന്നത്. കൊലപാതകം, വധശ്രമം, ഗുണ്ടാപ്പിരിവ് തുടങ്ങി നിരവധി കേസുകൾ ഡൽഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെയുണ്ട്. ലോറൻസ് ബിഷ്ണോയി നിലവിൽ ജയിലിലാണെങ്കിലും അന്താരാഷ്ട്ര തലത്തിൽ ഇയാളുടെ ക്രിമിനൽ ശൃംഖലകൾ എങ്ങനെ സജീവമായി പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്.
Harry Boxer, an associate of Lawrence Bishnoi who opened fire at Rohit Shetty’s house, has been arrested in the US.












