
കൊച്ചി: എറണാകുളം കടവുംഭാഗം സിനഗോഗിന് മുന്നിലുള്ള ബ്ലോസം നഴ്‌സറിക്ക് തീയിട്ട കേസിൽ അറസ്റ്റിലായ എബിൻ ബി. പോളിന് അന്താരാഷ്ട്ര ക്വട്ടേഷൻ സംഘമായ ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് അന്വേഷണ സംഘം. പ്രതിയുടെ ഡിജിറ്റൽ ഇടപാടുകളും ഫോൺ റെക്കോർഡുകളും പരിശോധിച്ചതിന് ശേഷമാണ് പ്രത്യേക അന്വേഷണസംഘം ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.
ടെലഗ്രാമിലെ ‘ലോറൻസ് ബിഷ്ണോയ് ഗ്രൂപ്പ് ഒഫീഷ്യൽ’ ഉൾപ്പെടെയുള്ള ബിഷ്ണോയ് അനുകൂല ഗ്രൂപ്പുകളിൽ എബിൻ പോൾ സജീവമായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെലഗ്രാം ഗ്രൂപ്പിലെ ‘ബോസ്’ എന്ന ഐഡിയിൽ നിന്നുള്ള നിർദേശപ്രകാരമാണ് സിനഗോഗിന് മുന്നിൽ തീയിട്ടതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഈ അജ്ഞാത ഹാൻഡ്‌ലർ ആരാണെന്ന് കണ്ടെത്താൻ എൻ.ഐ.എ., ഐ.ബി. ഉദ്യോഗസ്ഥരുടെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
പണത്തിന് വേണ്ടിയാണ് പ്രതി ഈ കുറ്റകൃത്യങ്ങൾ ചെയ്തതെന്നാണ് സൂചന. മുൻപ് മൂവാറ്റുപുഴയിലെ ഒരു സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിനും ഉപേക്ഷിക്കപ്പെട്ട ഒരു വീടിനും പ്രതി തീയിട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ടെലഗ്രാം വഴി ‘ബോസിന്’ അയച്ചുകൊടുത്തതിന് പിന്നാലെ ഇയാൾക്ക് ക്രിപ്റ്റോകറൻസി വഴി പണം ലഭിച്ചതായി പൊലീസ് കണ്ടെത്തി. ഇതിനുശേഷമാണ് സിനഗോഗിന് മുന്നിലെ നഴ്‌സറിക്ക് തീയിടാനുള്ള ദൗത്യം പ്രതിക്ക് ലഭിക്കുന്നത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിൽ തീയിട്ടതിന് 5,000 രൂപയും സിനഗോഗിന് മുന്നിൽ തീയിട്ടതുമായി ബന്ധപ്പെട്ട് രണ്ടുലക്ഷം രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറൻസിയും ഇയാൾ സ്വീകരിച്ചതായി മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഞായറാഴ്ച എബിൻ പോളിനെ തെളിവെടുപ്പിനായി എത്തിച്ചിരുന്നു. ജൂതപ്പള്ളി പരിസരം, ലൈറ്ററും പടക്കവും വാങ്ങിയ തൃപ്പൂണിത്തുറയിലെ കട, പെട്രോൾ വാങ്ങിയ പുത്തൻകുരിശിലെ പമ്പ് എന്നിവിടങ്ങളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്. സിനഗോഗിന് മുന്നിലെ ഹോർട്ടിക്കൾച്ചർ നഴ്‌സറിയിലു തെളിവെടുപ്പ് നടത്തിയിരുന്നു.
അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലങ്ങൾ ലഭിച്ച ശേഷം ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
Arson in front of the synagogue: Indications of the accused having links to the Lawrence Bishnoi gang; instructions were issued via Telegram by the ‘boss’.















