
ന്യൂഡൽഹി: ബോളിവുഡ് താരം ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിയുതിർത്ത കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെക്കൂടി ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. കുനാലി (21), സുമിത് (19), രാധ (23), ബബിത (23) എന്നിവരാണ് പുതുതായി പിടിയിലായത്. ഇവർ ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഷൂട്ടർമാർക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയവരാണെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ മുംബൈ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതികളുടെ യഥാർത്ഥ ലക്ഷ്യം സൂപ്പർ താരം സൽമാൻ ഖാൻ ആയിരുന്നു എന്ന് പൊലീസ് വെളിപ്പെടുത്തി.
ഷൂട്ടർമാർ ആദ്യം സൽമാൻ ഖാന്റെ വസതിക്ക് സമീപം ദിവസങ്ങളോളം നിരീക്ഷണം നടത്തിയിരുന്നു. എന്നാൽ താരത്തിന് ഏർപ്പെടുത്തിയിരിക്കുന്ന കനത്ത പൊലീസ് സുരക്ഷ മറികടക്കാൻ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് അവർ ആ പദ്ധതി ഉപേക്ഷിച്ചത്. തുടർന്ന് തങ്ങൾ വിചാരിച്ചത്ര സുരക്ഷയില്ലാത്ത മറ്റൊരു പ്രമുഖ താരത്തിലേക്ക് സംഘം ശ്രദ്ധ തിരിക്കുകയായിരുന്നു.
സൽമാൻ ഖാനെ ആക്രമിക്കാൻ സാധിക്കാതെ വന്നതോടെയാണ് സംഘം ടൈഗർ ഷ്രോഫിനെ ലക്ഷ്യമിട്ടത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും ടൈഗർ ഞായറാഴ്ചകളിൽ ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്നും അവിടെ താരത്തിന് സുരക്ഷ കുറവാണെന്നും പ്രതികൾ മനസിലാക്കി. തുടർന്നാണ് താരത്തിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്.
ബിഷ്ണോയി സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടുന്ന ഒരു ആയുധ വിതരണ ശൃംഖല വെളിപ്പെടുന്നത് ഇതാദ്യമായാണ്. ഹരിയാനയിൽ നിന്ന് ട്രെയിൻ മാർഗം മുംബൈയിലെ ദാദറിലേക്ക് ആയുധങ്ങൾ എത്തിച്ചു നൽകിയത് പിടിയിലായ രാധ, ബബിത എന്നീ സ്ത്രീകളാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെടിവയ്പ്പിന് ശേഷം ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വെടിയുതിർത്ത മൂന്ന് ഷൂട്ടർമാരെ നേരത്തെ രാജസ്ഥാനിലെ കോട്ടയിൽ നിന്ന് പിടികൂടിയിരുന്നു. പുതിയ 4 അറസ്റ്റുകളോടെ ഈ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം 7 ആയി. ലോറൻസ് ബിഷ്ണോയി സംഘത്തിന്റെ ഭീഷണിയുടെ പശ്ചാത്തലത്തിൽ മുംബൈ ബാന്ദ്രയിലുള്ള സൽമാൻ ഖാന്റെ ഗാലക്സി അപ്പാർട്ട്മെന്റിന് മുന്നിൽ പൊലീസ് സുരക്ഷ വീണ്ടും ശക്തമാക്കി.
Target was Salman Khan, but they backed off due to security; four more people, including two women, arrested in connection with the shooting incident targeting Tiger Shroff.















