ന്യൂഡൽഹി: ഇന്ത്യയിൽ വാർഷിക വരുമാനം രണ്ട് കോടി രൂപയുടെ ജോലി ഓഫർ ലഭിച്ചിട്ടും അത് നിരസിച്ച് അമേരിക്കയിൽ 1.6 ലക്ഷം ഡോളർ (ഏകദേശം ₹1.4 കോടി) ശമ്പളമുള്ള ജോലി തുടരാൻ തീരുമാനിച്ച യുവാവിന്റെ അനുഭവം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ദുബായ് ആസ്ഥാനമായുള്ള എഐ രംഗത്തെ പ്രൊഫഷണലായ സി.ജെ. തേജ സായിയാണ് ലിങ്ക്ഡ്ഇനിലൂടെ സുഹൃത്തിന്റെ അനുഭവം പങ്കുവെച്ചത്.
അമേരിക്കയിൽ ജീവിതച്ചെലവ് കൂടുതലാണെങ്കിലും, വിസ സംബന്ധമായ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും അവിടെ തുടരാനാണ് സുഹൃത്ത് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിൽ വൈകിട്ട് അഞ്ച് മണിയോടെ ജോലി അവസാനിപ്പിച്ച് വ്യക്തിജീവിതത്തിലേക്ക് മടങ്ങാം. എന്നാൽ ഇന്ത്യയിൽ 24 മണിക്കൂറും ജോലിക്ക് ലഭ്യനായിരിക്കണമെന്ന നിലപാടാണ് പല കമ്പനികൾക്കും എന്നാണ് യുവാവ് പറഞ്ഞതെന്ന് പോസ്റ്റിൽ പറയുന്നു.വിസയുടെ അനിശ്ചിതത്വത്തേക്കാൾ വ്യക്തിജീവിതത്തിനുള്ള സമയം തനിക്ക് പ്രധാനമാണെന്നും സുഹൃത്ത് വ്യക്തമാക്കിയെന്നും പറയുന്നു.
ഇതിന് പിന്നാലെ സുഹൃത്ത് തന്റെ അമ്മാവന്റെ അനുഭവവും പങ്കുവെച്ചു. ഇന്ത്യയിൽ നിന്ന് അമേരിക്കൻ ടീമുകളുമായി ചേർന്ന് ജോലി ചെയ്തിരുന്ന ഒരു എഞ്ചിനിയറിങ് മാനേജർ അപ്രതീക്ഷിതമായി രാജിവെച്ചിരുന്നു. കാരണം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്, പുലർച്ചെ 3 മണിക്ക് ആരംഭിച്ച അമേരിക്കൻ ടീമിന്റെ ഓൺലൈൻ മീറ്റിങ് വെറും 15 മിനിറ്റാണെന്ന് അറിയിച്ചിരുന്നെങ്കിലും അത് രാവിലെ 6 മണിവരെ നീണ്ടു. ഇത്തരം സംഭവങ്ങൾ പതിവായതും എപ്പോഴും ജോലിക്ക് ലഭ്യനായിരിക്കണമെന്ന സമ്മർദവുമാണ് രാജിയിലേക്ക് നയിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു.
രാജ്യങ്ങൾ തമ്മിലുള്ള ജോലി ഓഫറുകൾ താരതമ്യം ചെയ്യുമ്പോൾ ശമ്പളവും നികുതിയും മാത്രമല്ല, ജോലി-ജീവിത സന്തുലിതാവസ്ഥ, വ്യക്തിസമയം, ജോലിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള സ്വാതന്ത്ര്യം എന്നിവയും പരിഗണിക്കേണ്ടതുണ്ടെന്ന് ഈ അനുഭവം പങ്കുവെച്ചുകൊണ്ട് സി.ജെ. തേജ സായി അഭിപ്രായപ്പെട്ടു. പ്രതിഫലം എന്നത് ബാങ്ക് അക്കൗണ്ടിൽ എത്തുന്ന തുക മാത്രമല്ല; ജോലിക്ക് പുറത്തുള്ള ജീവിതത്തിന്റെ ഗുണനിലവാരവുമാണ് എന്നും അദ്ദേഹം കുറിച്ചു.
അതേസമയം, ഈ പോസ്റ്റിനെതിരെ നിരവധി പേർ പ്രതികരിച്ച് രംഗത്തെത്തി. അമേരിക്കയിലും ജോലി-ജീവിത സന്തുലിതാവസ്ഥ എന്നത് പലപ്പോഴും മിഥ്യയാണെന്നും പ്രത്യേകിച്ച് ഇന്ത്യൻ കമ്പനികളിലോ ഇന്ത്യൻ മാനേജർമാരുടെ കീഴിലോ ജോലി ചെയ്താൽ അതേ സമ്മർദം അനുഭവിക്കേണ്ടിവരുമെന്നും ചിലർ അഭിപ്രായപ്പെട്ടു. മറ്റുചിലർ യുവാവിന്റെ തീരുമാനത്തെ പിന്തുണച്ച്, അമേരിക്കയിൽ ശമ്പളം താരതമ്യേന കുറവായാലും മികച്ച ജീവിതനിലവാരവും കൂടുതൽ തൊഴിൽ അവസരങ്ങളും ലഭിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ചിലർ അമേരിക്കയിലെ വീട്ടുജോലികൾ സ്വയം ചെയ്യേണ്ടി വരുന്നതും അവിടുത്തെ ജീവിതത്തിന്റെ മറ്റൊരു വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി.
A LinkedIn post comparing the salaries between India and the US triggered much debate as a man rejected Rs 2 crore offer in India and chose $160K in the US









