
ന്യൂഡൽഹി: ഒക്ടോബർ 10-ന് ഡൽഹി ജന്തർ മന്ദിറിൽ നടക്കാനിരിക്കുന്ന വൻ പ്രതിഷേധത്തിന് മുന്നോടിയായി തങ്ങളെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നതായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ആരോപിച്ചു. വോട്ടർപട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് പാർട്ടി ഒക്ടോബർ 10-ന് രാജ്യതലസ്ഥാനത്ത് ജനമുന്നേറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തന്നെയോ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ, അശുതോഷ് രാങ്ക, രത്‌ന എന്നിവരുൾപ്പെടെയുള്ള മുൻനിര നേതാക്കളെയോ വരുംദിവസങ്ങളിൽ പൊലീസ് തടങ്കലിലാക്കിയേക്കുമെന്നാണ് സി.ജെ.പി വക്താവ് സൗരവ് ദാസ് അവകാശപ്പെട്ടത്. ഇത്തരം ഏകാധിപത്യ നടപടികൾ കൊണ്ട് യുവാക്കളുടെ പ്രതികരണത്തെ അടിച്ചമർത്താമെന്ന് സർക്കാർ കരുതേണ്ടതില്ലെന്നും, നേതാക്കൾ ജയിലിലായാലും പ്രതിഷേധവുമായി ജനങ്ങൾ മുന്നോട്ട് പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ (എക്സ്) അഭ്യർത്ഥിച്ചു. എത്രപേരെ അറസ്റ്റ് ചെയ്താലും ഒക്ടോബർ 10-ന് രാജ്യം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ടാഗ് ചെയ്തുകൊണ്ട് അഭിജീത് ദിപ്കെ കുറിച്ചത്.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ തമ്മിൽ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നു എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സി.ജെ.പി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സമരം ശക്തമാക്കിയത്. കഴിഞ്ഞ ദിവസം മുംബൈ ശിവാജി പാർക്കിൽ ശിവസേന (യു.ബി.ടി) പിന്തുണയോടെ പാർട്ടി വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം അസമിൽ വെച്ച് അശുതോഷ് രാങ്ക ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് 12 മണിക്കൂറോളം കരുതൽ തടങ്കലിൽ വെച്ചിരുന്നതായും പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ജൂലൈയിൽ നീറ്റ് പരീക്ഷാ വിവാദവുമായി ബന്ധപ്പെട്ട് സി.ജെ.പി നടത്തിയ 36 ദിവസം നീണ്ട സമരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലാണ് കലാശിച്ചത്.
CJP leaders fear arrest ahead of the October 10 Jantar Mantar protest.













